സ്മൃതികേ,
എന്തിനു സൗഹൃദം, എന്റെ
തപമൊക്കെയും നിനക്ക് നല്‍കാം
പകരമായ് നീ നല്‍കുമോ
എന്റെ സ്വപ്നാടനം:
കൈ കോര്‍ത്തു നടക്കുന്ന ദമ്പതികള്‍
ഇടക്കിടെ അവര്‍ നില്‍ക്കുന്നു
കണ്ണുകളിലേക്കു നോക്കുവാന്‍
അറ്റ്ലാന്റ്റിക്കിലെ മഞ്ഞു പാളികളില്‍
സൂര്യ തേജസ്സി ലേക്കവര്‍ പറക്കുന്നു
സൂര്യനിലെ ത്താതെ ഭൂമിയിലെ ത്താതെ
ആകാശ ത്തങ്ങിനെ ഉരുകിയ ലിഞ്ഞലിഞ്ഞ് …
വേണ്ട,
പകരമായ് നീ നല്‍കുമോ
ഒരു ദിനം
തണുത്ത നിലാവ് പോലെ നീ തിളക്കുമോ
ബോധവു മബോധവും കാല ദേശങ്ങളും മായുമ്പോള്‍
ചര്‍ച്ചയും അജണ്ടയും പ്രസിഡന്റും വിസ്‌മൃതമാകുന്നു.
നീ കൂര്‍മ്മ ബുദ്ധിയുള്ളവള്‍
നീയറിയുന്നു ഞാനറിയാത്തതു പലതും:
പൂച്ചയുടെ അടുക്കളയി ലേക്കുള്ള സഞ്ചാരം
സീമയുടെ പുതിയ കാറിന്റെ നിറം
സ്നേഹിതയുടെ വിവാഹ ഫോട്ടോ ചുവരിളകി വീണത്
എന്റെ വസ്ത്രത്തിലാരോ പൂശിയ പുതിയ സുഗന്ധം.
നീ പറയുന്നു
രാത്രിയില്‍ ഞാന്‍ നിന്നോടു ചിലയ്ക്കുന്നു
പ്രഭാതത്തില്‍ ക്ഷമ ചോദിക്കുന്നു
പറക്കാന്‍ ചിറകടിക്കുന്ന പക്ഷിക്കു വേണ്ടി
നീ കിളിക്കുടു തുറക്കുന്നതും
വാടിയ കൃഷ്ണ തുളസിക്ക്
ജലം തളിക്കുന്നതും
ഞാന്‍ നോക്കിയി രിക്കുമ്പോള്‍
അടുക്കളയില്‍ നീ ചുട്ടു വച്ച അപ്പങ്ങളെല്ലാം
കണ്ണീരില്‍ കുതിര്‍ന്നു കറുത്തിരിക്കുന്നു.
സ്മൃതികേ,
എന്റെ ജീവന്റെ ജീവന്‍ നിനക്ക് നല്‍കാം
പകരമായ് നീ തരുമോ
നിന്റെ വിരലെങ്കിലും, വെറുതെ ഒന്ന് തൊടുവാന്‍.
വേണ്ട,
ലവണാംശ മില്ലാത്ത രണ്ടു തുള്ളി കണ്ണു നീരെങ്കിലും
വള്ളുവനാടന്‍ കണ്ണുനീര്‍
എന്റെ തര്‍പ്പണത്തിനായ്.
– അസീസ് കെ.എസ്.