എത്ര കാലം കഴിഞ്ഞിട്ടും – ഹരിയണ്ണന്‍

March 31st, 2009

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി, പ്രണയത്തിന്‍
ചൂടു ചേര്‍ത്തെന്നുയിരേറ്റി
ക്കാത്തു വച്ച പെണ്ണൊരുത്തി!
 

എത്ര കാലം കഴിഞ്ഞിട്ടും
എത്ര വാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി, പ്രണയത്തിന്‍
ചൂടു ചേര്‍ത്തെന്നുയിരേറ്റി
ക്കാത്തു വച്ച പെണ്ണൊരുത്തി!!
 

കണ്ടു ഞാനാക്കൊടുങ്കാട്ടില്‍
ചുട്ടു നീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!
 

മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!
 

പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരു കൊച്ചു തോണിയില്‍ ഞാന്‍
ദിക്കു നോക്കാതൊഴുകിപ്പോയ്!
 

താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
 

കല്ലു കൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങു നിന്നോ കനപ്പെട്ടാ-
പിന്‍‌വിളിക്കാറ്റണയുമ്പോള്‍
കേട്ടു ഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
 

കേട്ടു ഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
 

ഇന്നു ഞാനീക്കൊടും വേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!
 

എത്ര കാലം കഴിഞ്ഞിട്ടും
എത്ര വാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

ഹരിയണ്ണന്‍
കവിയുടെ ബ്ലോഗ് : ബ്രഹ്മി

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« അന്തിക്കാട്ടെ മഴ
ഞാനും നീയും – സുജീഷ് നെല്ലിക്കാട്ടില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine