എനിയ്ക്കൊരു കാമുകനില്ല – ഉമ എം.ജി.

October 22nd, 2009

 
എനിയ്ക്കൊരു കാമുകനില്ല
കാരണം,
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
എല്ലാ കാമുകന്മാരുടെയും സ്വപ്‌നങ്ങള്‍
-ഭംഗികള്‍ നിറഞ്ഞവ,
വര്‍ണങ്ങള്‍ പൊതിഞ്ഞവ,
സംഗീതം പതഞ്ഞവ.
നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം,
നാണം പൂക്കുമധരം, സുറുമയലിയും നയനം,
വാക്കിലൊരു ഗാനം, നോക്കിലൊരു സ്വപ്നം .
അല്ലെങ്കില്‍,
വിരല്‍ത്തുമ്പില്‍ ചായവും
മനസ്സില്‍ കവിതയും
പാദങ്ങളില്‍ ചിലങ്ക മണികളും.
ഇതൊന്നും എനിയ്ക്കില്ല .
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
എന്റെ സഖികള്‍-
പഴയ സുഹൃത്തിനെ പുതിയ കാമുകനാക്കുമ്പോഴും,
പഴയ കാമുകനെ പുതിയ സുഹൃത്താക്കുമ്പോഴും
ഞാന്‍ ‍ഒറ്റപ്പെടുന്നു.
 
മാറ്റങ്ങളുടെ അനിവാര്യതയിലേയ്ക്ക്‌
എന്റെ ചൂണ്ടുവിരല്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു…
ഞാന്‍ അവഹേളിക്കപ്പെടുന്നു… പരിഹാസ്യയാവുന്നു…
കാരണം, എനിയ്ക്കൊരു കാമുകനില്ല .
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല.
 
ഇന്നലെവരെ എനിയ്ക്ക്‌ ഏക ആശ്വാസം, പ്രതീക്ഷ
-എന്റെ നുണക്കുഴികള്‍.
നുണക്കുഴികളില്‍ കാമുകന്മാര്‍ കാലിടറി വീഴാറുണ്ടെന്നും,
തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലും
അവര്‍ അതിന്റെ അഗാധതയിലേയ്ക്ക്
പിന്നെയും കൂപ്പു കുത്താറുണ്ടെന്നും
ഞാനെവിടെയോ, എവിടെയൊ ക്കെയോ വായിച്ചു.
 
പക്ഷേ, ഇന്നലെ-
ഒരുവനെന്നെ ദീര്‍ഘ നേരം നോക്കി
ഒടുവില്‍ നിരാശയോടെ മൊഴിഞ്ഞു:
– “ഈ നുണക്കുഴികള്‍
ആ സ്മിതയുടെ കവിളുകളി ലായിരുന്നു വെങ്കില്‍… !”
 
എനിയ്ക്കൊരു കാമുകനില്ല
കാരണം-
ഒരു കാമുകന്റെയും സങ്കല്പത്തില്‍ ഞാനില്ല….
 
ഉമ. എം.ജി.
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

ഇഴ പിരിക്കുവാന്‍ കഴിയാതെ – അസീസ് കെ.എസ്.

October 4th, 2009

ഇഴ പിരിക്കുവാന്‍ കഴിയാതെ
 
അമ്പല പ്രാവായ് കുറുകുകയും
വേണു രാഗത്തില്‍
കുടമണി കിലുക്കി ചാരത്ത ണയുകയും
ചിലപ്പോള്‍
നിറപ്പീലി വിടര്‍ത്തി നിന്നാടി എന്നെ
വിസ്മയിപ്പിക്കുകയും
ഓടിയടുക്കുമ്പോള്‍
പിന്തുടരുവാന്‍ കാല്‍‌പാദം പോലും ബാക്കി യാക്കാതെ
മാരീചനായ് മറയുന്നവ ളിവളാരോ?
ഒരു ബലി മൃഗത്തിനും
ഈ വിധിയരുത്, ‍
നവ ദ്വാരങ്ങളടച്ചു
ഊര്ധ്വന്റെ അവസാന യാത്രക്കുള്ള
സഹസ്രാരവുമടച്ചു
രാജ പരിവാരങ്ങളുടെ ഹര്ഷോ ന്മാദത്തില്‍,
പ്രാണന്‍ വെടിയുവാന്‍ കഴിയാതെ
പൊട്ടിത്തെറിച്ചു പോകുന്ന
ഒരു ബലി മൃഗം.
 
ഇത്ര മാത്രമേ ഞാന്‍ കരുതിയുള്ളു
കൈ ചുറ്റിപ്പി ടിക്കുവാന്‍ ഒരു ശരീരം
കൈ പിടിച്ചു ചുംബിക്കുവാന്‍ ഒരു മുഖം
നീണ്ട പറവക്കു ശേഷം
പക്ഷികള്‍ കൊതിക്കുന്നതു പോലെ
ഒന്നിരിക്കു വാനൊരിടം.
 
നീയും എന്നോടു പറഞ്ഞുവല്ലോ
ഒരു പൂവിന്റെ മോഹം:
നിറവും സുഗന്ധവും
ആനന്ദവും നല്‍കുന്നു,
രാഗദ്വേഷ ങ്ങളില്ലാതെ.
 
തലോടലിന്റെ സുഖം പറയുവാ നറിയാത്ത
മൂക പ്രാണിയെ പ്പോലെ
ഞാന്‍ ഒന്ന് മുരളുക മാത്രം ചെയ്തു.
 
ഭസ്മമായിരിക്കുന്ന എന്റെ ശരീരം
മണ്ണ് തിന്നട്ടെ
ഇരുണ്ട തുരങ്കങ്ങളിലൂടെ പായുന്നു വെങ്കിലും
എന്റെ ആത്മാവ്‌
ഒരു ലായനി എന്ന പോലെ,
വേര്പ്പെടുത്തു വാനാകാതെ
ഇഴപാകിയ ഒരു മനോഹര പട്ടുവസ്ത്രം പോലെ.
 
അസീസ് കെ.എസ്.
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

തീരം തിരമാലയോട് പറഞ്ഞത് – രാജേഷ് കുമാര്‍

August 5th, 2009

waves-beach
 
നീ കാത്തിരിക്കും പോലെ
നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്‍
പുതിയൊരു വാക്കാണ് ഞാന്‍ തിരയുന്നത്
കരുതിവച്ച വാക്കുകളെല്ലാം മുന്പെ പോയ
പ്രണയിനികള്‍ കടം കൊണ്ടു
സമാഗമങ്ങളുടെ ശ്വസന വേഗങ്ങളില്‍
വാക്കുകളെ തൊണ്ടയില്‍ കുരുക്കി നിന്റെ മടക്കം
 
ഒരോ തിരയും
എഴുതിത്തിരാത്ത പ്രണയ ലേഖനങ്ങള്‍
മിഴിനീരും മഷിയും കലര്‍ന്ന അവ്യക്തതകള്‍
തിഷ്ണ വേദനകള്‍, വ്യര്‍ത്ഥ സ്വപ്നാടനങ്ങള്‍
ഉള്‍ത്തടങ്ങളില്‍ യാനരൂപികള്‍
ഓരോന്നിലും കരയില്‍ കാത്തിരിക്കുന്ന കാമിനിമാര്‍ക്കായി
പറയാന്‍ ‍ബാക്കി വച്ച വാക്ക് തിരയുന്ന ഒരായിരം കാമുകര്‍
 
രാത്രി കാലങ്ങളില്‍ നീയെനിക്ക് സമ്മാനിച്ച്‌ മടങ്ങുന്ന
തുള പൊട്ടിയൊരു ശംഖ്‌ ,
നിറം മങ്ങിയൊരു പവിഴപ്പുറ്റ് ,
പാതി അടഞ്ഞോരു മീന്‍കണ്ണ്,
നീ കാത്തിരിക്കുന്ന വാക്കിലേക്കുള്ള ജാലകമായേക്കാം
 
നിന്റെ നിശ്വാസങ്ങള്‍
വരണ്ട കാറ്റായ് എന്നെ തഴുകുന്നതും
നിന്റെ കണ്ണുനീര്‍ നേരം തെറ്റിയ നേരത്തൊരു
മഴയായ്‌ എന്നെ നനയിക്കുന്നതും ഞാനറിയുന്നു
ഒരു പക്ഷെ ഞാനാ വാക്ക് നിന്റെ കാതില്‍
പറയുന്ന നാള്‍ നീയും ഞാനും ഒന്നായേക്കാം
അന്ന് വന്‍കരയെ കടല്‍ കൊണ്ടു പോയെന്ന്
ലോകം പറഞ്ഞേക്കാം
 
രാജേഷ് കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് – ശ്രീജിത വിനയന്‍

July 22nd, 2009

 
അന്നു നീ പറഞ്ഞതോര്‍ ക്കുന്നില്ലേ?
എന്റെ കണ്ണുകള്‍ സമുദ്രങ്ങളാണെന്ന്
എന്റെ നേര്‍ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്‍ 
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില്‍ നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്‍ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന്‍ നില്‍ക്കേ …
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്‍ 
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന്‍ കാത്തു നില്‍ക്കെ …
തിരസ്കരണത്തിന്റെ മൂര്‍ച്ചയുള്ള ഒരു കത്തി
ആഴത്തില്‍ കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്‍ത്ഥ ശൂന്യത ബാക്കി നിര്‍ത്തി
പാപത്തിന്റെ വഴുക്കുന്ന പായല്‍ പ്പടികളില്‍ 
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്‍ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം 
എങ്ങനെ ചേര്‍ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്‍, അപൂര്‍ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള്‍ …
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍ 
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്‍, മരവിക്കുന്ന തണുപ്പില്‍ …
ഒറ്റയ്ക്ക് …
നിനക്ക് തിരിച്ച് വരാന്‍ തോന്നുന്നില്ലേ …
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല്‍ സൃഷ്ടിക്കാം 
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം …
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഏറ്റവും തീവ്രമെന്നു തോന്നിയേ ക്കാവുന്ന പ്രണയ ലേഖനം – സുജീഷ് നെല്ലിക്കാട്ടില്‍

July 21st, 2009

I
 
നിലാവിന്‍റെ സാന്ദ്രകന്യകേ,
നിന്‍റെ കണ്ണിലെ സ്ഫടികസ്വപ്നം
എന്നെ കുറിച്ചുള്ളതല്ലേ?
ഏതു കണ്ണാടിക്കാവും സഖീ
നിന്‍റെ സൌന്ദര്യം പകര്‍ത്തുവാന്‍
ഏതു കവിതയ്ക്കാവും തോഴീ
എന്‍റെ പ്രണയം പകരുവാന്‍ .
നിന്‍റെ ചുണ്ടിലെ മധുരം നുണയുക
എന്‍റെ ചുണ്ടല്ലാതെ മറ്റെന്താണ്.
നിന്‍റെ പ്രണയത്തിന്‍റെ
ജലകണ്ണാടിയില്
എന്നെ ഞാനൊന്ന് കാണട്ടെ.
മടിയില്‍ തലചായ്ച്ച് ഞാന്‍ നിന്‍
മാറിടങ്ങളെ തഴുകീടട്ടെ.
നമ്മുടെ ആദ്യരാത്രി
കായലിനൊപ്പമായിരിക്കണ,മവിടെ
നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍
ഈ കരശയ്യയിലുറക്കാം നിന്നെ.
 
 
II
 
മിന്നാമിനുങ്ങുകളെ
കുസൃതികുഞ്ഞുങ്ങള്‍ ചില്ലു-
കൂട്ടിലടയ്ക്കുന്നത് പോലെ
കന്യകേ,നിന്നെ ഞാനെന്നും
കരവലയത്തിലാക്കില്ല.
എങ്കിലും,വസന്തത്തില്‍ നിന്‍റെ
ഗന്ധ,നിറങ്ങളെനിക്കു വേണം ,
വേനലില്‍ നിന്‍റെ ഹിമശരീരവും
ശൈത്യത്തില്‍ ഹൃദയക്കനലും
എനിക്ക് മാത്രം വേണം .
 
 
III
 
എന്‍റെ നെഞ്ചില്‍ നീ
അധരത്താല്‍
അനുരാഗചിത്രം
നെയ്യുമ്പോള്‍,
എന്‍റെ കരങ്ങള്‍
നിന്‍റെ മുടിനൂലുകളില്‍
കൊര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍.
 
 
IV
 
എന്‍റെ കണ്ണുകളില്‍
കൊളുത്തി വെച്ചത്
കാമാഗ്നിയാണെന്നു
തോന്നാമെങ്കിലും
പ്രണയത്തിന്‍റെ
നിലവിളക്ക് മാത്രമാണത്.
ഞാന്‍ പാകിയ വിത്ത്
നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ്
നിനക്കു ഞാന്‍ നല്‍കുന്ന
എന്‍റെ ഏറ്റവും വലിയ
പ്രണയോപഹാരം.
 
 
V
 
നീയൊരു ഭാഗ്യമാണ്.
എന്‍റെ ചുണ്ടും കണ്‍പോളകളും
മറ്റു പെണ്‍കുട്ടികള്‍ക്ക്
മുന്നില്‍
അടഞ്ഞ ജാലകമാകുന്നതും
കരങ്ങളില്‍ തീ കണ്ടു പിന്തിരിയുന്ന
വിരലുകളുണ്ടാകുന്നതും
നിന്‍റെ മാത്രം ഭാഗ്യമാണ്.
 
സുജീഷ് നെല്ലിക്കാട്ടില്‍
 
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

3 of 9« First...234...Last »

« Previous Page« Previous « പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍
Next »Next Page » പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് – ശ്രീജിത വിനയന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine