ചോദ്യങ്ങള്‍ : ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
മറുപടി : ടി.പി.അനില്‍കുമാര്‍, കുഴൂര്‍ വിത്സണ്‍
(പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന കുഴൂര്‍ വിത്സന്റെ ആദ്യം മരിച്ചാല്‍ നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു എന്ന ഒരു നഗരപ്രണയകാവ്യത്തിലെ അനുബന്ധം)
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് : പ്രണയം എങ്ങനെ രൂപപ്പെടുന്നു ? പൌര്‍ണ്ണമിയിലോ സുനാമിയിലോ ?
ടി.പി.അനില്‍കുമാര്‍ : ഏകാന്തവും അപരിചിതവുമായ ഒരിടത്ത് തടവിലാക്കപ്പെടുമ്പോള്‍ മനസ്സുകള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമായാണ് പ്രണയം ഞാന്‍ അനുഭവിച്ചിട്ടുള്ളത്. രണ്ടു പേര്‍ക്കു മാത്രമുള്ള ഇടമായി ലോകം പുന:സൃഷ്ടിക്കപ്പെടുകയും രണ്ടുപേര്‍ക്കു മാത്രം വിനിമയം ചെയ്യുവാനുള്ള ഭാഷ രൂപപ്പെടുകയുമൊക്കെ ചെയ്യും അക്കാലത്ത്. ഒരാള്‍ക്ക് മറ്റൊരാള്‍ തന്റെ പ്രകൃതിയും കവിതയും കാമവുമൊക്കെയായി മാറും. നിലാവിന്റെ കാല്പനികതയേക്കാള്‍ അപ്രതീക്ഷിതമായ കടലാക്രമണങ്ങളുടെ കഥയാണതിനു പറയുവാനുള്ളത്.
കുഴൂര്‍ വിത്സണ്‍ :മരണം എങ്ങനെയുണ്ടാകുന്നു എന്നത് പോലെ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് എനിക്കിത്. വയസ്സായി കുറെക്കാലം കിടന്ന് ഒരു മരണം വരുമ്പോള്‍ അത് മരണമായി തോന്നിയിട്ടില്ല. എന്നാലോ ആര്‍ത്തുല്ലസിച്ച് വിനോദയാത്രക്ക് പോകുന്ന ചെറുപ്പക്കാരില്‍ രണ്ട് പേര്‍ ബൈക്കപകടത്തില്‍ ഇല്ലാതാകുമ്പോള്‍, വീട്ടിലേക്ക് സാമാനങ്ങളുമായി വൈകുന്നേരം മടങ്ങുന്ന വീട്ടുകാരന്‍ വഴിയരികില്‍ വച്ച് ഹ്യദയം പൊട്ടിമരിക്കുമ്പോള്‍ മരണം അതിന്റെ എല്ലാ ആഴത്തോട് കൂടിയും തേടിയെത്തിയിട്ടുണ്ട്.
എന്തായാലും ഊണും ഉറക്കവും കഴിഞ്ഞ് വളരെ പ്രശാന്തമായ ഒരു സന്ധ്യയുടെ പ്രകാശത്തില്‍ വളരെ സ്വച്ഛന്ദമായി നടക്കുന്ന വേളയില്‍ എന്തെങ്കിലും ചെയ്ത് കളയാം എന്ന് നിനയ്ക്കുമ്പോള്‍ എന്നാല്‍ അത് പ്രണയമാകട്ടെ എന്ന രീതി ഇന്നോളം എനിക്കുണ്ടായിട്ടില്ല.. ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അപ്പന്റെ പാടത്തെ തെങ്ങുകളോടും , മരങ്ങളോടും, നെല്‍ച്ചെടികളോടുമാണ്.പിന്നെ വീട്ടുകാരുടെ ഇറച്ചിവെട്ടുകടയിലേക്ക് അറുക്കാനായി കൊണ്ടുവന്നിരുന്ന പശുക്കളോടും പോത്തുകളോടും. ബാല്യകൌമാരങ്ങളുടെ സുതാര്യമായ മനസ്സിലേക്ക് ഏറെ പതിഞ്ഞതു കൊണ്ടാകണം ഇപ്പോള്‍ മരങ്ങളെ കാണുമ്പോള്‍ ഒരു തരം വെമ്പല്‍. അതിന്റെ ഇലകള്‍, തടി, വേരുകള്‍, തണല്‍ എല്ലാം എല്ലാം മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. അത് പോലെ തന്നെ മ്യഗങ്ങളും. സ്നേഹവും സങ്കടവും ഒരു പോലെ.
പശുവിനെ അറുക്കാനായി പിടിച്ച് കൊടുക്കുമ്പോള്‍ അനുഭവിച്ച വേദന ഇപ്പോഴാണ് ശരിക്കും ത്രീവമാകുന്നത്. എന്റെ ആദ്യപ്രണയങ്ങള്‍. ചെടികള്‍, മരങ്ങള്‍, നെല്‍പ്പാടങ്ങള്‍. അറുക്കാന്‍ കൊണ്ടുവന്ന മ്യഗങ്ങള്‍. ഇവ രണ്ടും പിന്നെ പ്രണയത്തിലും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് പൌര്‍ണ്ണമിയും സുനാമിയും ഇക്കാര്യത്തില്‍ നേരിട്ട് എന്റെ വിഷയമാകുന്നില്ല. പട്ടുപോയാലും ഓര്‍മ്മയുടെ വേരുകള്‍ ആഴത്തില്‍ സൂക്ഷിക്കുന്ന മരമോ, കഴുത്തറുക്കുമ്പോഴും കാരുണ്യത്തോടെ വെട്ടുകാരന്റെ കണ്ണുകളിലേക്ക് നോക്കുന്ന മ്യഗമോ ആണ് എന്റെ പ്രണയം
പൊയ്ത്തും കടവ് : ഏകപക്ഷീയമായി മാത്രം പ്രണയിക്കാമോ ?
ടി.പി.അനില്‍കുമാര്‍ : കഴിയുമോ?എനിയ്ക്കു തോന്നുന്നില്ല. കൊടുക്കല്‍ വാങ്ങലുകളില്ലാതെ എന്തു പ്രണയം? ശരീരത്തിന്റെ ചൂടും തണ