സുഹറയുടെ പെരും..നാള്‍

February 5th, 2011

പെരുന്നാളുടുപ്പിന്റെ തിളക്കം കണ്ണിലേറ്റി വന്ന മകളോടും
മാറുരുമ്മി മന്ദസ്മിതം തൂകിനിന്ന പൈതലിനോടും
മറുവാക്ക്‌ പറയാനറച്ച്
കടലിനെ ശപിച്ച്
കരയോട് കലഹിച്ച്‌
ആകാശം നോക്കി സുഹറ

മാസം നീണ്ട വ്രതത്തെ നെഞ്ചോട്‌ ചേര്‍ക്കുമ്പോഴും
നീണ്ടു നിന്ന രാത്രി നമസ്കാരങ്ങളില്‍ കേണു കുമ്പിടുമ്പോഴും
കുഞ്ഞിപ്പത്തിരിയും ജീരകക്കഞ്ഞിയുമായി അടുക്കള വേവുമ്പോഴും
കര കാണാക്കടലില്‍ കാലമെത്ര നീന്തുമെന്നും സുഹറ

മാസങ്ങള്‍ വര്‍ഷങ്ങളായ് കാലം പോയ പോക്കില്‍
മറുകര തേടാനറച്ച്, ബാധ്യതയുടെ മാറാപ്പുമായി മജീദ്‌

വയറിന്റെ വിളിയും കുഞ്ഞിന്റെ നിലവിളിയും
ഉപ്പയുടെ ദീനവും പെങ്ങളുടെ യൌവ്വനവും…
എല്ലാം സമം പ്രവസാമെന്നും മജീദ്‌.

നമ്മുടെ ആകാശവും ആഹ്ലാദവും
കടലും കാണാക്കയവും
കണ്ണീരും കിനാവും
കിന്നാരവും പുന്നാരവുമെന്തെന്ന് ചോദിക്കാനോങ്ങവെ
കൌമാരത്തിലേക്ക് കാലെടുത്തുവെച്ച മൂത്തമോള്‍
ഏവരെയും സാക്ഷിനിര്‍ത്തിപ്പറഞ്ഞു… റിയാല്‍

ഉമ്മറത്തെ പരിഭവക്കസേരയിലിരുന്ന്
ഉപ്പയെന്നാല്‍ മാവേലിയെന്ന് രണ്ടാമന്‍
ആണ്ടിലൊരിക്കലിലെ ആലിപ്പഴമെന്ന് മൂന്നാം ക്ലാസുകാരി
ഉപ്പ വന്നതും പോയതുമറിയാതെ
ഉടുപ്പിലെ പൂമൊട്ടില്‍ കണ്ണുടക്കി നിന്ന
മുലപ്പാല്‍ മണമുള്ള കുസൃതിക്ക് എന്നും ചിരിയുടെ പെരുന്നാള്‍…

കിനാവിന്റെ തീരത്ത് തനിച്ചിരിക്കുന്ന സുഹറയ്ക്കും,
മരുഭൂമിയിലുരുകുന്ന മജീദിനും,
അകം നൊന്ത്, മനം വെന്ത് വീണ്ടും പെരും.. നാള്‍.

അശ്രഫ് തൂണേരി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »


« മരുഭൂമിയിലെ മഴ
ചോദിച്ചിരുന്നുവൊ ഞാന്‍! »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine