കറുത്ത ചെട്ടിച്ചി – ഒരു റീമിക്സ്‌

March 8th, 2012

karutha-chettichy-nandakumar-epathram

വീട്ടിൽ നിന്നിറങ്ങീട്ടു മണിക്കൂറൊന്നായി ഞാൻ
ട്രാൻസ്പോർട്ടു ബസ്സിൻ പാർശ്വ സീറ്റിൽ വാല്മീകം പോലെ
ഇരുന്നൊരിക്കൽ കൂടി മനസ്സിൽ മുഴുമിച്ചു
വനിതാ വേദിക്കിന്നു ചെയ്യേണ്ട പ്രസംഗത്തെ
രണ്ടു നാൾ മുമ്പേ മാത്രം വിളിച്ചു പറഞ്ഞവർ
രണ്ടു വാക്കുതിർക്കേണം മഹിളാ ദിവസത്തിൽ

പെട്ടെന്നെഴുന്നേറ്റു ഞാൻ കണ്ടക്ടർ വിളി കേട്ടു
പെട്ടിയെടുത്തിറങ്ങി അപ്പൊളാ ദൃശ്യം കണ്ടു
കീറിയ ചേല ചുറ്റി, ബസ്റ്റാൻഡിൻ പ്ലാറ്റ്ഫോറത്തിൽ
കറുത്ത ചെട്ടിച്ചിയും കൈക്കുഞ്ഞും, അവൾക്കൊപ്പം
അസ്ഥിയുരുക്കും വെയിലത്തു തൻ പിച്ച പാത്രം
ശുഷ്ക്കിച്ച കൈയ്യാൽ നീട്ടി ഭിക്ഷ യാചിച്ചീടുന്നു

ജാക്കറ്റിൻ കുരുക്കുകളഴിച്ചു പുറത്തിട്ടു
വിശപ്പിൽ കരിഞ്ഞതൻ മാതൃത്വമെന്നിട്ടവൾ
വെച്ചു തേച്ചു തൻ കുഞ്ഞിൻ കുരുന്നു ചുണ്ടിൽ പക്ഷേ
മിച്ചമായതോ വെറും പട്ടിണിക്കയ്പ്പു നീർ മാത്രം
കൌമാരം മായും മുൻപേ ഉണ്ടായതാണാ പൈതൽ
അഭിശപ്തമാമേതോ രാത്രിതൻ സമ്മാനമോ?

വല്ലതും തന്നീടണേ കുഞ്ഞിതാ കരയുന്നു
പാൽപോലും ചുരത്തുവാനില്ലെനിക്കയ്യാ സാമീ
തിരക്കിന്നൊഴുക്കിൽ പെട്ടാവഴി പോയോരൊക്കെ
ആർത്തിപൂണ്ടൊരു നോട്ടം എറിഞ്ഞു കടന്നു പോയ്‌
“കണ്ടില്ലേ തമിഴത്തി, എന്തു സാഹസക്കാരി!
കുഞ്ഞിനേക്കാട്ടി മാന്യരെ മയക്കുന്നോൾ!
പശ്ചിമ ഘട്ടം കടന്നിപ്പുറം പാലക്കാട്ടെ
പട്ടണ പ്രദേശത്തു പിച്ചക്കു വന്നോളിവൾ!”

ബസ്സിൽ നിന്നിറങ്ങി ഞാൻ ചുറ്റോടും കണ്ണോടിച്ചു
പന്തൽ തോരണങ്ങളും കോളാമ്പി മൈക്കും കണ്ട്‌
മന്ത്രിച്ചുവെന്നുള്ളിതുതന്നെയാകണം വേദി
വീണ്ടുമാ പിച്ചക്കാരി ഉച്ചത്തിൽ കരയവേ
ചെന്നു ഞാനടുത്തുള്ള ചായപ്പീടികക്കകം
ചായയും കുടിച്ചല്പം കുപ്പിയിൽ പാലുമായി
വരുന്നേരമാ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി

വനിതാ പൊലീസുകാർ രണ്ടു പേരാ പാവത്തെ
നിർദയം പ്രഹരിച്ചു വാനിൽ കേറ്റീടുന്നു ഹാ!
“എന്തു കുറ്റം ഞാൻ ചെയ്തു ഈ വിധം ദ്രോഹിച്ചിടാ
നെൻ കുഞ്ഞു വിശപ്പിനാൽ വാവിട്ടു കരഞ്ഞതോ?”
അന്നേരമെൻ മുന്നിലായ്‌ നാലു കോമളാംഗിമാർ
വന്നവർ മൊഴിഞ്ഞുവെൻ ആതിഥേയരാണവർ

“ക്ഷമിച്ചിടേണം അങ്ങിങ്ങെത്തിയ നേരം ഞങ്ങൾ
ഗമിച്ചു പിച്ചക്കാരി പെണ്ണിനേയോടിക്കുവാൻ
തെണ്ടിയാണവൾ സാറിൻ ശകുനം മുടക്കിയോൾ
വിറ്റു കാശാക്കുന്നു തൻ ശരീരം, മാതൃത്വവും
അങ്ങയേ സ്വീകരിക്കാൻ തീർത്തൊരാ പന്തലതിൽ
തുടങ്ങീ തേവിടിശ്ശീ ശരീര പ്രദർശനം
കേട്ടറിഞ്ഞെത്തീ ഞങ്ങൾ വരുത്തീ പോലീസിനെ
ഓടിച്ചു വിട്ടൂ ബലാൽ, വേദിയിൽ ഇരുന്നാട്ടേ”!!

ഇത്രയും കേട്ടപ്പോൾ ചങ്കു തകർന്നെൻ കൈകൾ
വിറ പൂണ്ടൊരു ക്ഷണം പാൽ കുപ്പി വീണുടഞ്ഞു
“ക്ഷമിക്കൂ സഹോദരീ ശരീര സുഖം പോരാ
ഭാഷണം ചെയ്യാനൊട്ടു ശേഷിയുമില്ലാ തീരെ
എങ്കിലും സ്വീകരിച്ചാലും മഹിളാ ദിനത്തിങ്കൽ
നല്ലതു ഭവിക്കാനായെന്റെയീ ആശംസകൾ!!

നന്ദകുമാര്‍ പല്ലശ്ശേന

(ആശയാവലംബം : ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികൾ)
ലോക വനിതാ ദിനം – മാർച്ച് 8 നോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »


« Haya, My Angel
എന്‍റെ മഴ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine