കടല്‍ – സൈനുദ്ധീന്‍ ഖുറൈഷി

August 24th, 2009

തമോ സാഗരത്തി നാഴങ്ങളില്‍ നിന്ന്
പകല്‍ക്കടലിന്‍ തീരങ്ങളില്‍ നിന്ന്
ആടലോടിരമ്പു മനന്തമാം കടലുമായ്
കടല്‍ കടന്ന തുഴയറിയാ അരയന്മാര്‍.
 
പുകയ്ക്കായ് പുകയുന്നടുപ്പും
മണ്‍ കലത്തില്‍ തിളയ്ക്കും വിശപ്പും
കണ്‍ തലക്കലൊട്ടിയ പുളിപ്പും
കോണില്‍ വയറൊട്ടിയുറങ്ങും പൈതങ്ങളും …
 
മൂന്ന് കല്ലിനു മുന്നില്‍
കണ്ട് തീര്‍ന്ന കിനാ ചിത്രങ്ങളില്‍
തുണ്ട് പോലൊരു വട്ടമെങ്കിലും
പുതുവെട്ടം തിരഞ്ഞറുതിയില്‍
ചങ്ക് നനയ്ക്കാനുമിനീരു മാത്രമായ്
ചാണക ത്തറയിലവളും …
 
എണ്ണയൊഴിഞ്ഞ വിളക്കില്‍ കരിന്തിരി
കത്തിയമര്‍ന്നു പാതിയില്‍ മരവിച്ച
തിരികളും, പൂര്‍വ്വ പ്രതാപ സ്മൃതികളാം
കരിഞ്ഞ പ്രാണികള്‍ തന്നവ ശിഷ്ടങ്ങളും …
 
ഏതേതു മുജ്ജന്മ സുകൃത ക്ഷയങ്ങളെ
തൊട്ടുതൊട്ട് കണക്കുകള്‍ തിട്ടമില്ലാ ക്കളങ്ങളെ
പലവുരു മായ്‌ച്ചു മെഴുതിയു മിനിയുമെത്ര
കടലുകള്‍ താണ്ടണ മരച്ചാണ്‍ വയറിനെ
പ്രണയിച്ച തെറ്റിനായ് …?!
 
മാറോടണച്ചൊരു വീര്‍പ്പാല്‍ പൊതിഞ്ഞ്
നെറ്റിയില്‍, മൂര്‍ദ്ധാവിലും വിവര്‍ണ്ണമാം
കപോലങ്ങ ളിലുമാര്‍ദ്രമായ് മുത്തി,
കണ്ണെത്തും വഴിയോളം നോട്ടമെറിഞ്ഞ്
ഒരു നാളുമ ടയാ കണ്ണിലൊരു കരുതലും
കദന ക്കടലുമായി രുള്‍ക്കടലി ലേക്കിറങ്ങി
കടലുകള്‍ താണ്ടി യവരെത്ര ..?
നിറ ഹസ്തങ്ങളാല്‍
ചുഴി വിഴുങ്ങാതെ മടങ്ങിയ വരെത്ര …?
 
ദ്രവ്യ ത്തുരുത്തി ലാകാശ ഗോപുരങ്ങ ള്‍ക്കടിയില്‍
പശിയൊടുങ്ങാ വയറുകളുടെ പരാതി പ്പെട്ടികള്‍.
കടലാസു തുണ്ടിലൊരു കുറിമാനവും കാത്ത്
ഒരേയാകാ ശവുമൊരേ സൂര്യനു മൊരേ തിങ്കളും
ഒരേ നക്ഷത്ര ജാലവു മിരവും പകലുമൊരേ
ഈറന്‍ മിഴികളാല്‍ കണ്ടന്യോന്യം കാണാതെ
ചത്ത സ്വപ്നങ്ങള്‍ തന്‍ മരവിച്ച ജഡവുമായിരു
ധ്രുവങ്ങളില്‍ കടലെടുക്കും ഹത ജന്മങ്ങള്‍ നാം!!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പാവം..! – സൈനുദ്ധീന്‍ ഖുറൈഷി

July 29th, 2009

അമ്മയ്ക്കരികില്‍
ആശുപത്രി ക്കിടക്കയില്‍
ശാന്തനായു റങ്ങുമവനെ നോക്കി
വന്നവരൊ ക്കെയും മന്ത്രിച്ചു വത്രേ..
“പാവം..! “
 
വയറ് മുറിച്ച്
പൊക്കിള്‍ കൊടിയറുത്ത്
ഇരുകാലില്‍ തൂക്കി
ഡോക്ടറും മന്ത്രിച്ചുവത്രേ..
“പാവം..! “
 
ബാലാരി ഷ്ടതകളില്‍
ഉറക്കെ കരയാതെ
വക്രമായ്‌ ചിരിക്കു മവനെ നോക്കി
വയറ്റാട്ടിയും മൊഴിഞ്ഞത്രെ…
“പാവം..! “
 
ചികുര ബാല്യങ്ങളില്‍
ചടുല താളങ്ങളില്ലാതെ
ചിന്തകളില്‍ ശൂന്യ-
ചക്രം തിരിക്കെ, ചുണയുള്ള
ചങ്ങാതി ക്കൂട്ടവും മൊഴിഞ്ഞത്രെ;
“പാവം..! “
 
ലാളന കളാര്‍ദ്ര നൊമ്പരമാകവേ
അവഗണന കളച്ഛന്റെ രൌദ്രങ്ങളായ്.
തഴുകാന്‍ മറന്ന കൈ തല്ലാനു യര്‍ത്തവേ
താക്കീതായന്നു മുത്തശ്ശിയും മൊഴിഞ്ഞത്രെ;
“പാവം..! “
 
ആദ്യാക്ഷരങ്ങളുടെ
ആമ്നായ സന്ധിയില്‍
ആടലോടന്നു ഗുരുവും മൊഴിഞ്ഞത്രെ;
“പാവം..! “
 
അരികിലാ ശ്വാസമായ്‌
വലതു കാല്‍ വെച്ചവള്‍
പടിയിറങ്ങും മുന്‍പേ
പരുഷമായ്‌ പറഞ്ഞു ;
“പാവം..! “
 
അമ്മയുടെ കല്ലറയില്‍
അന്തി ത്തിരി ക്കരികില്‍
ആര്‍ദ്രമായ ന്നാദ്യമായ്
അവനും പറഞ്ഞു.;
“അവള്‍ ചീത്ത യാണമ്മേ..”
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ – സൈനുദ്ധീന്‍ ഖുറൈഷി

May 11th, 2009

പ്രണയത്തിന്‍ സ്മാരക ശില
പ്രതാപത്തിന്‍ ആഗ്നേയ ശില
പ്രളയത്തില്‍ ഇളകാ ശില
പ്രണയിനികള്‍ നെഞ്ചേറ്റും ശില.

സിംഹാസനങ്ങള്‍ മറന്ന
അടിയറവിന്റെ സ്മൃതി കുടീരം.
പിരമിഡുകളില്‍ ഒളിച്ച
ഫെറോവമാരുടെ
തലച്ചോറ് കയ്യിലൊതുക്കിയ
ബോധസുന്ദരികളുടെ പ്രണയം.

യൂസഫിനെ കാമിച്ച-
രാജപത്നിയുടെ പ്രണയം.
പ്രണയത്തിനാധാരം
വൈരൂപ്യമല്ലെന്നു-
കരാംഗുലികള്‍ മുറിച്ച്
മിസ്റിലെ ഹൂറികള്‍.

പ്രണയിനികള്‍
നാശ ചരിത്രത്തിലെ
തീരാ പ്രവാഹം, വായിച്ചു
തീരാത്ത പുസ്തകവും.

സൌന്ദര്യം അളവാകവേ
നശ്വരമീ പ്രണയം,
സൌന്ദര്യം നാന്ദിയാകവേ
പ്രണയം ഭൌതികം,
ഭോഗ സുഖങ്ങളിലോടുങ്ങവെ
പ്രണയം നൈമിഷകവും.

ഒരു ഭോഗത്തില്‍ മരിച്ചു്
മറു ഭോഗത്തിലേക്ക്
പുനര്‍ജനിക്കുന്ന പ്രണയം.
ലാസ്യ വിഭ്രമങ്ങളില്‍
ജ്വര തരള യാമങ്ങളില്‍
ചുടു നെടു ഞരമ്പുകളില്‍
അമ്ല വീര്യത്തില്‍
ത്രസിക്കുന്ന പ്രണയം.

അകലെയുള്ളപ്പോള്‍
കൊതിക്കുന്ന പ്രണയം
അരികിലുള്ളപ്പോള്‍
മടുക്കുന്ന പ്രണയം.

ആത്മീയമാകുമ്പോള്‍
പ്രണയം ദിവ്യമാണ്.
തത്പത്തില്‍ നിന്ന്
“ഹിറ”യിലേക്കും
ഭോഗശയ്യയില്‍ നിന്ന്
ബോധി വൃക്ഷത്തണലിലേക്കും
കുരിശിലെ പിടച്ചില്‍
ചിരിയിലേക്കും സംക്രമിക്കുമ്പോള്‍.

ആലങ്കാരികതയില്‍
പ്രണയം താജ് മഹല്‍ !
വെണ്മയില്‍ ചൂഷണം മറച്ച്
കമിതാക്കള്‍ക്ക് ഹത്യയുടെ ചോദനയായി
താജ് മഹലിന്റെ പ്രണയം!

സൈനുദ്ധീന്‍ ഖുറൈഷി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭ്രാന്തിന്റെ പുരാവൃത്തം – സൈനുദ്ധീന്‍ ഖുറൈഷി

April 26th, 2009

ഒരമ്മയുടെ
തീരാ ദുഖമാണ് ഞാന്‍!
നിരുത്തര വാദിയാ യോരച്ഛന്റെ
തിരുത്താ നാവാത്ത തെറ്റും!
പ്രതാപവും യശസ്സു, മറിവും
പ്രളയമായ് ശിരസ്സേറിയിട്ടും
സോദര ദൌത്യം മറന്ന
കൂടപ്പിറപ്പുകളുടെ അവഗണന ഞാന്‍!
വായുള്ള പിള്ള പിഴക്കുമെന്നച്ഛന്‍
പള്ള പിഴപ്പിക്കുമെന്നു ലോകരും.!
 
ഒരു കുന്ന്, ഒത്തിരി കല്ലുകള്‍.
ഭ്രാന്തനാക്കിയ മാലോകരുടെ
ശിരസ്സാണെന്‍ ലക്ഷ്യമെ ന്നാരരിഞ്ഞു!
ഉരുണ്ടു കയറിയ തത്രയുമെന്‍
ഉള്ളിലുറഞ്ഞ അമര്‍ഷമെ ന്നാരറിഞ്ഞു!
ലക്‌ഷ്യം തെറ്റി നിപതിച്ച
ശിലകളുമെന്നെ നോക്കി ചിരിച്ചു
ഭ്രാന്തനെന്നുറക്കെ പറയാന്‍
ഭൂലോകരേയും പഠിപ്പിച്ചു.
 
എന്നെ ചതിച്ചൊരാ കല്ലുകള്‍ കൂട്ടി
എന്റെയൊരു വൈകൃതം
കുന്നിന്‍ നിറുകയില്‍.
ശ്വസിക്കുന്ന ഞാനും
ശ്വസിക്കാത്ത പ്രതിമയും
ഒന്നെന്ന് പറയും പോലെ .
 
വാഴ്വുള്ള കാലത്ത്
വായു നല്കാത്തവര്‍
വായുവി ല്ലാത്തപ്പോള്‍
വാഴ്ത്തുന്നു മലരിട്ട് !
ആരോ ചെയ്ത പാപം പേറി
ഒരു ജന്മമത്രയും ഭ്രാന്തനായോന്‍!
വേണ്ടത് നല്‍കാതെ
വേണ്ടാത്ത തനുഷ്ടിക്കും
വിവസ്ത്രനാം ഭ്രാന്തന്‍
ഞാനോ… നിങ്ങളോ..???
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഉമ്മ – സൈനുദ്ധീന്‍ ഖുറൈഷി

April 13th, 2009

ഒരു സ്നേഹ ചുംബനത്തിന്‍ പൊരുളൊളിപ്പിച്ചാ-
പദം പോലുമെത്ര മുദാത്തമത്രേ..!!
ശ്രേഷ്ഠമൊരു സൃഷ്ടിയുടെ തെളിവിനാധാരം
ഉമ്മയെന്ന രണ്ടക്ഷരത്തിന്‍ ഉണ്മയല്ലോ!
 
കാല പരിമാണ ത്തിലെത്ര ഋജുവെങ്കിലും
കണക്കി നതീതമാ പത്തു മാസങ്ങള്‍!
ഹൃത്തടം മുറ്റി ത്തുളുമ്പുന്ന സ്നേഹ ത്തിനാഴം
ഉള്‍കടല്‍ പോലു മുള്‍ക്കൊ ള്ളില്ലെന്നു സത്യം.
 
ദുരിത ഭാരങ്ങളില്‍ പരിതപി ക്കുമ്പൊഴും
നെഞ്ചോ ടമര്‍ത്തി മുലയൂട്ടി യുറക്കി, ഗദ്ഗദം-
നെഞ്ചില്‍ ഒതുക്കി,യടരുന്ന കണ്ണീര്‍ കണങ്ങളെ
കവിളില്‍ പതിക്കാതെ യുറക്കമു ണര്‍ത്താതെ..!
പിച്ച വയ്ക്കുന്ന പാദങ്ങളല്ല തുമ്മയുടെ-
പച്ചയാം സ്വപ്‌നങ്ങള്‍ തന്‍ ചിറകടി യൊച്ച പോല്‍!!
 
അരുതായ്മ കാണുമ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട-
രുതെ യെന്നുപ്പയോ ടെതിരിടാനുമ്മ…!
കരുതലാല്‍ കരളിന്റെ സ്പന്ദനം പോലും
ഒരു മാത്ര നിശ്ചലം നില്‍ക്കുവാനും മതി.
 
ഋതു പരിണാമങ്ങളെ കുതുകി യായെതിരേറ്റ്
കതകിന്റെ പുറകിലൊരു തേങ്ങലായ് നില്ക്കവേ
ഭയ ചകിത രാത്രികളെ കണ്‍ചൂട്ട് കത്തിച്ച്‌
ഇരുളിന്‍ തുരുത്തുകളെ കടലെടുക്കുന്നവള്‍ !!
 
കത്തിച്ചു വെച്ച മണ്‍ വിളക്കിന്റെ മുന്നിലായ്
കത്തിയെരിയും മനസ്സിന്‍ നെരിപ്പോടുമായ്
ഒട്ടിയമര്‍ന്ന വയറൊളി പ്പിച്ചന്നുമ്മ
ഇഴ ചേര്‍ത്ത നാരുക ളത്രയും ജീവന്റെ
കണികയായിന്നും സിരകളില്‍ ഒഴുകുന്നു.
കൈ വെള്ളയി ലഴലിന്റെ അടയാളമെന്ന പോല്‍
ഇന്നും കിടക്കുന്നു മായാ തഴമ്പുകള്‍ ..!!
 
ഉദരം ഉണങ്ങി പിന്നെ യധരവുമെങ്കിലും
ചുരത്താന്‍ മറക്കില്ലുമതന്‍ മുലപ്പാല്‍!!
പാഴ് വെള്ള മന്തിക്ക് അത്താഴമാക്കുവോള്‍
പഴം കഞ്ഞിയൂറ്റി വറ്റേകു മുണ്ണിക്ക്…
 
മഴക്കാര്‍ മാനമില്‍, മഴയുമ്മ തന്‍ മിഴികളില്‍,
മീനത്തില്‍ പൊരിയുന്ന വെയിലു ള്ളിലുമ്മക്ക്.
ഗ്രുതുഭേദമെത്ര പോയ്പോയാ ലുമുമ്മതന്‍
ഹൃദയത്തിലൊരു കുഞ്ഞു മുഖമത്രെ നിത്യം!!
 
കാല പ്രയാണത്തില്‍ കരിയില ക്കീറു പോല്‍
കാല ഹരണ പ്പെടുന്നു ബന്ധങ്ങളെങ്കിലും
കണ്ണില്‍ കിനാവിന്റെ ദീപം കെടുത്താതെ
കാത്തിരി ക്കാനുമ്മ മാത്ര മീയുലകില്‍!!!
നിശ്വാസ വായു വിന്നന്ത്യ ഗമനത്തിലും
നിര്‍ന്നി മേഷമാ മിഴികള്‍ തിരയു ന്നതൊന്നേ…
നിനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി !
കനവു കളൊക്കെയും മക്കള്‍ക്കു വേണ്ടി !
 
ഒരു മാത്രയീ ഖബറിന്റെ മൂക സാക്ഷിയാം കല്ലില്‍
കാതൊന്ന ണച്ചാല്‍ ശ്രവിക്കാം സുതാര്യമാം
വത്സല്യ മൂറിത്തുളമ്പും മനസ്സിന്റെ
എന്നും നമ്മുക്കായ് തുടിക്കുന്ന സ്പന്ദനം
 
സൈനുദ്ധീന്‍ ഖുറൈഷി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 2 of 3123

« Previous Page« Previous « ‘തുമ്പികളുടെ സെമിത്തേരി’ സദാ സ്പന്ദിതമാണ്
Next »Next Page » ഭ്രാന്തിന്റെ പുരാവൃത്തം – സൈനുദ്ധീന്‍ ഖുറൈഷി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine