വുഹാന്‍ : ഐഫോണ്‍ എന്ന പേരില്‍ വില്‍പ്പനയ്ക്ക് വെച്ച ഗാസ് അടുപ്പുകള്‍ ചൈനയില്‍ പോലീസ് പിടികൂടി. ഐഫോണ്‍ മൊബൈല്‍ ഫോണിന്റെ ലോഗോ പോലെ തോന്നിപ്പിക്കുന്ന പച്ച നിറമുള്ള സ്റ്റിക്കറുകള്‍ പതിച്ച ഗാസ് അടുപ്പുകള്‍ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തു എന്ന കാരണം കാണിച്ചാണ് ചൈനീസ് പോലീസ് പിടികൂടിയത്. വ്യാജ പേരുകളില്‍ ലോകമെമ്പാടും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ചൈനയില്‍ ഇത്തരമൊരു പോലീസ് നടപടി ഏറെ കൌതുകകരമായ ഒരു സംഭവമായാണ് ലോകം വീക്ഷിക്കുന്നത്.
ആപ്പിള്‍ ചൈന ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ഈ വ്യാജ ഐഫോണ്‍ അടുപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അടുപ്പിന് മേലെയുള്ള സ്റ്റിക്കറുകള്‍ വ്യക്തമാക്കുന്നു. രണ്ട് വെയര്‍ഹൗസുകള്‍ നിറയെ ഇത്തരം വ്യാജ ആപ്പിള്‍ അടുപ്പുകള്‍ കണ്ടെത്തി. മൊത്തം 681 അടുപ്പുകള്‍ പോലീസ് പിടിച്ചെടുത്തു.
ആപ്പിള്‍ കമ്പനിയുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് ഒരു ചൈനീസ് കമ്പനിയുടെ ഉല്‍പ്പന്നമാണ് എന്നും അതിനാല്‍ ഈ പേര് ആപ്പിള്‍ കമ്പനി ഉപയോഗിക്കരുത് എന്നും കഴിഞ്ഞ ദിവസം ഒരു ചൈനീസ് കോടതി വിധിച്ചിരുന്നു.
- ജെ.എസ്.