കാലിഫോര്‍ണിയ : ഐപാഡ് എന്ന ട്രേഡ് മാര്‍ക്ക് തങ്ങളുടെ സ്വത്താണ് എന്നും ആപ്പിള്‍ കമ്പനി ഈ പേരില്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് തടയണം എന്നും ആവശ്യപ്പെട്ട് ഒരു ചൈനീസ് കമ്പനി അമേരിക്കന്‍ കോടതിയെ സമീപിച്ചു. ചൈനയിലെ പ്രോവ്യൂ ഇലക്ട്രോണിക്സ് കമ്പനിയാണ് ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് ചൈനയില്‍ വില്‍ക്കുന്നതിന് എതിരെ നിയമ നടപടി സ്വീകരിച്ചത്. ഐപാഡ് എന്ന പേരില്‍ തങ്ങള്‍ നേരത്തെ തന്നെ ഇത്തരം ടാബ്ലാറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ച് വിപണിയില്‍ ഇറക്കിയതാണ് എന്ന് കമ്പനി വ്യക്തമാക്കി. 2009ല്‍ ഐപാഡ് എന്ന പേര് തങ്ങള്‍ക്ക് വില്‍ക്കണം എന്ന് ആപ്പിള്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ആപ്പിളിന് വേണ്ടി ആപ്പിള്‍ കമ്പനിയുടെ തായ്വാന് ഓഫീസാണ് തങ്ങളെ ബന്ധപ്പെട്ടത്. 55000 ഡോളര്‍ വിലയ്ക്ക് അന്ന് ഐപാഡ് എന്ന ട്രേഡ് മാര്‍ക്ക് ആപ്പിള്‍ കമ്പനിക്ക് വില്ക്കാന് പ്രോവ്യൂ തയ്യാറായി. എന്നാല്‍ ഈ വില്‍പ്പന ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് ബാധകം. അതിനാല്‍ ഇപ്പോള്‍ ആപ്പിള്‍ കമ്പനി ഐപാഡുകള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്നാണ് പ്രോവ്യൂ കോടതിയെ ബോധിപ്പിക്കുന്നത്.
- ജെ.എസ്.