ഇന്ത്യ രാഷ്ട്ര പിതാവിന്റെ സ്മരണകള്‍ പുതുക്കുകയും ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുകയും ചെയ്ത് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചപ്പോള്‍, ഈ ദിനത്തിന്റെ പ്രത്യേകത ഗൂഗ്‌ള്‍ വ്യക്തമാക്കിയത് അവരുടെ ലോഗോ വഴി തന്നെ. വിശേഷ ദിവസങ്ങള്‍ ആഘോഷിയ്ക്കുന്ന ഗൂഗ്‌ളിന്റെതായ രീതിയാണ് ഗൂഗ്‌ളിന്റെ വിശിഷ്ട ലോഗോകള്‍. ഇത്തരം വിശിഷ്ട ലോഗോകളെ ഗൂഗ്‌ള്‍ ഡൂഡ്‌ല്‍ എന്നാണ് വിളിയ്ക്കുന്നത്. ഗാന്ധി ജയന്തിയ്‌ക്കും ഗൂഗ്‌ള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേക ലോഗോ പ്രദര്‍ശിപ്പിച്ചു ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ചിത്രത്തില്‍ കാണുന്നത് പോലെ, ഗൂഗ്‌ളിന്റെ ആദ്യ അക്ഷരമായ G യുടെ സ്ഥാനത്ത് ഗാന്ധിജിയുടെ മുഖം വെച്ചായിരുന്നു ഈ സവിശേഷ ലോഗോ രൂപകല്‍പ്പന ചെയ്തത്.
ഗൂഗ്‌ള്‍ സേര്‍ച്ച് റിസള്‍ട്ട് പേജില്‍ ഗാന്ധിജിയുടെ ഡൂഡ്‌ല്‍
ഡെന്നിസ് ഹ്വാങ് എന്ന ഗൂഗ്‌ളിന്റെ വെബ് മാസ്റ്റര്‍ ആണ് ഈ ഡൂഡ്‌ലുകള്‍ക്കു പിന്നിലെ കലാകാരന്‍. ലോഗോകള്‍ ലളിതമായിരിക്കനം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കോളജ് പഠന കാലത്ത് ഗൂഗ്‌ളില്‍ എത്തിയ ഇദ്ദേഹത്തിന്റെ ചിത്ര രചനയിലുള്ള താല്പര്യം മനസ്സിലാക്കിയാണ് ഗൂഗ്‌ളിന്റെ സൃഷ്ടാക്കളായ ലാറിയും ബ്രിന്നും ഇദ്ദേഹത്തോട് ഡൂഡ്‌ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അങ്ങോട്ട് രംഗത്തു വന്ന രസകരമായ ഡൂഡ്‌ലുകള്‍ ഇവയെ ഗൂഗ്‌ള്‍ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാക്കി. പുതിയ ഡൂഡ്‌ലുകള്‍ക്കായി ലോകം കാത്തിരിക്കാനും തുടങ്ങി. ഇതിനായി വേണ്ട ഗവേഷണവും മറ്റ് ജോലികള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ ഗൂഗ്‌ളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 50 ലോഗോകള്‍ ഇവര്‍ നിര്‍മ്മിയ്ക്കുന്നുണ്ട്.
ഡെന്നിസ് ഹ്വാങ് സൃഷ്ടിച്ച ചില ഗൂഗ്‌ള്‍ ഡൂഡ്‌ലുകള്‍
ഇതിനു മുന്‍പ് ഇത്തരത്തില്‍ ഗൂഗ്‌ള്‍ വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഡാവിഞ്ചി, കണ്‍ഫ്യ്യൂഷ്യസ്, ലൂസിയാനോ പാവറട്ടി, ഡോ. സെവൂസ്, ആന്‍ഡി വാര്‍ഹോള്‍, ക്ലോഡ് മണി, ലൂയി ബ്രെയില്‍, പിക്കാസോ, വാന്‍ ഗോഗ്, മൈക്കള്‍ ജാക്ക്സണ്‍ എന്നിവര്‍ ഇതില്‍ പെടുന്നു.