ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കീഴടക്കി

April 24th, 2009

Finjan unveils massive botnetഅമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍‌ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്.
 
ഈ വിവരങ്ങള്‍ കൈമാറിയ ട്രോജനെ ആന്റി വയറസ് പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എ.വി.ജി. എന്ന ആന്റി വയറസ് പ്രോഗ്രാം വിളിക്കുന്നത് “Pakes.app” എന്നാണ്.
 
അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വന്‍ വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിലെ കമ്പ്യൂട്ടറുകള്‍ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ട്. ഈ കമ്പ്യൂട്ടറുകളെ ഇവര്‍ ഇവര്‍ക്ക് നിയന്ത്രിക്കവുന്ന ഒരു ശൃംഖലയായി ഉപയോഗിക്കുന്നു. ഇത്തരം ഒരു ശൃംഖലയെ സാങ്കേതികമായി “ബോട്ട്‌നെറ്റ്” എന്നാണ് വിളിക്കുന്നത്.
 


ഒരു ബോട്ട്‌നെറ്റ് ശൃംഖലയുടെ ഘടന

 
തങ്ങളുടെ ഈ അടിമ ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ ഇവര്‍ ഒരു റഷ്യന്‍ അധോലോക വെബ് സൈറ്റില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ ഒരു ദിവസം 100 ഡോളര്‍ വാടകക്ക് വാങ്ങുവാന്‍ കഴിയും. ഇങ്ങനെ വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലെ ഈമെയില്‍ അഡ്രസുകള്‍ ശേഖരിക്കാം, ഈ കമ്പ്യൂട്ടറില്‍ നിന്നും സ്പാം ഈമെയിലുകള്‍ അയക്കാം, മറ്റ് വെബ് സൈറ്റുകളെ ആക്രമിക്കുക, ബാങ്കിങ് സൈറ്റുകളില്‍ അതിക്രമിച്ച് കയറി തട്ടിപ്പ് കാണിച്ച് പണം തട്ടിയെടുക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ നിയമ വിരുദ്ധമായ ഏത് പ്രവര്‍ത്തനവും നടത്താം. ഇതിനെ കുറിച്ച് പിന്നീട് എന്ത് അന്വേഷണം വന്നാലും ഈ കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയാവും പോലീസിന്റെ പിടിയില്‍ ആവുക. ഇത്തരം വില്‍പ്പനയിലൂടെ പ്രതിദിനം ഒരു കോടി രൂപ ഇവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
 
ഇതിന്റെ മറ്റൊരു അപകടകരമായ വശം ഈ ട്രോജനെ പിടിക്കാന്‍ നോര്‍ട്ടണ്‍ ഉള്‍പ്പടെ നിലവിലുള്ള പല വമ്പന്‍ ആന്റി വയറസ് പ്രോഗ്രാമുകള്‍ക്കും കഴിയുന്നില്ല എന്നതാണ്. വെറും നാല് കമ്പനികളുടെ പ്രോഗ്രാമുകള്‍ക്ക് മാത്രമേ ഇതിനെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. താഴെ ഉള്ള ലിസ്റ്റ് നോക്കുക:
 

 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍നെറ്റ് കാമറ വീട് കൊള്ള തടഞ്ഞു

April 10th, 2009

തന്റെ വീട്ടില്‍ വെബ് കാം സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച ഫ്ലോറിഡയിലെ ജീന്‍ തോമസ് എന്ന വനിത തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ വെറുതെ ഒന്ന് വെബ് കാം ചിത്രം നോക്കിയതായിരുന്നു. സ്ക്രീനില്‍ തെളിഞ്ഞ തന്റെ വീട്ടില്‍ രണ്ടു കള്ളന്മാരെ കണ്ട് അവര്‍ ഞെട്ടി. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് പാഞ്ഞെത്തി കള്ളന്മാരെ കൈയ്യോടെ വീടിനകത്തു വെച്ചു തന്നെ പിടികൂടി. ഒപ്പം സഹായികളായി അടുത്ത വീട്ടില്‍ ഉണ്ടായിരുന്ന വേറെ രണ്ടു കള്ളന്മാരെയും പോലീസ് പിടിച്ചു. പോലീസ് തന്നെ ഈ വീഡിയോ ചിത്രം പിന്നീട് യൂ ട്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാം

March 24th, 2009

ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും.

പലപ്പോഴും ഒരു ഈമെയില്‍ സന്ദേശം send ചെയ്ത ഉടന്‍ നമുക്കു പിണഞ്ഞ അബദ്ധം മനസ്സിലാക്കി അത് തടയാന്‍ ആയിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ അതില്‍ എഴുതിയ അക്ഷര പിശകുകള്‍ തിരുത്താന്‍ വിട്ടു പോയതാവാം. അല്ലെങ്കില്‍ പെട്ടെന്ന് ഒരു ആവേശത്തില്‍ എഴുതിയ സന്ദേശമാവാം. അയച്ചു കഴിയുമ്പോള്‍ ആവും ഛെ! ഇത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അതുമല്ലെങ്കില്‍ reply all എന്ന ഓപ്ഷന്‍ വഴി ഈ മെയില്‍ അയച്ചതു മൂലം നാം ഉദ്ദേശിക്കാത്ത ആള്‍ക്കാര്‍ക്കും നമ്മുടെ സന്ദേശത്തിന്റെ പകര്‍പ്പ് പോയതാവാനും മതി. എന്തായാലും അയച്ചു കഴിഞ്ഞ ഉടന്‍ തെറ്റ് മനസ്സിലാക്കി അത് തടയുവാന്‍ ഉള്ള സൌകര്യം ആണ് ഉപയോക്താവിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ പുതിയ പുതിയ ആശയങ്ങള്‍ ദിനം പ്രതി നടപ്പില്‍ വരുത്തി ലോകത്തിലെ ഏറ്റവും ജനപ്രിയ ഈമെയില്‍ സേവനം ആയി മാറിയ ജീമെയില്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ ഇപ്പോള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഏപ്രില്‍ ഒന്നിന് തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജീമെയിലിന്റെ പിറന്നാള്‍ സമ്മാനം.

തെറ്റു പറ്റി എന്ന് നമ്മള്‍ അറിയുന്നത് പലപ്പോഴും ഈമെയില്‍ അയച്ച് നിമിഷങ്ങള്‍ക്കകം ആണ് എന്നതാണ് ഇതിന്റെ പുറകിലെ ആശയം. ഈ സൌകര്യം ഏര്‍പ്പെടുത്തുന്നതോടെ നിങ്ങളുടെ സന്ദേശം അഞ്ചു സെക്കന്‍ഡ് നേരത്തേക്ക് ജീമെയില്‍ പിടിച്ചു വെക്കുന്നു. ഈ സമയത്തിനിടയില്‍ നിങ്ങള്‍ക്ക് undo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയക്കുന്നതില്‍ നിന്നും തടയാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അഞ്ച് സെക്കന്‍ഡ് എന്ന സമയ പരിധി കൂട്ടുകയും ചെയ്യാവുന്നതാണ്.

നിങ്ങളുടെ ജീമെയില്‍ Settingsല്‍ പോയി അതിലെ Labs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഗൂഗ്‌ള്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ ഒരുക്കിയിരിക്കുന്ന ഇതു പോലുള്ള അനേകം നവീന ആശയങ്ങള്‍ കാണാം. അതില്‍ Undo Send എന്ന ഓപ്ഷന്‍ Enable ചെയ്ത് പേജിന്റെ താഴെയുള്ള Save Changes എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഈ സൌകര്യം നിങ്ങളുടെ ജീമെയിലില്‍ ലഭ്യമാകും. ഇനി നിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ സന്ദേശം അയച്ചു എന്ന അറിയിപ്പിന് തൊട്ടടുത്തായി Undo എന്ന ലിങ്ക് ഉണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ ആ സന്ദേശം അയക്കുന്നതില്‍ നിന്നും തടഞ്ഞ് അതിനെ നിങ്ങള്‍ക്ക് വീണ്ടും edit ചെയ്യാനായി തുറന്നു തരികയും ചെയ്യും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളത്തില്‍ കാപ്ച

February 14th, 2009

കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാ‍പ്ച.

വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം.

ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ.

ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച മലയാളം കാപ്ച സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കനല്‍ കട്ടയില്‍ ഉറുമ്പ് അരിക്കുകയോ?

January 17th, 2009

eപത്രത്തില്‍ വൈറസ് ഇല്ല. തങ്ങള്‍ക്ക് മനസ്സിലാവാത്ത “സാധനങ്ങള്‍” കാണുമ്പോള്‍ അതെല്ലാം ഉപദ്രവകാരികള്‍ ആണെന്ന് കരുതുന്ന ഒരു സുരക്ഷാ നയം ചില ആന്റി വയറസ് പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം സുരക്ഷാ പ്രോഗ്രാമുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ജാവാ സ്ക്രിപ്റ്റ് കോഡുകള്‍ e പത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളെ ഭയ ചകിതം ആക്കിയെന്ന് വരാം. അപ്പോഴെല്ലാം അവ e പത്രത്തില്‍ വയറസ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞെന്നും വരാം.

ഇതിനെ തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് e പത്രത്തെ നിങ്ങളുടെ ഇത്തരം ഭയാശങ്കകളുള്ള ആന്റി വയറുസകളുടെ “വെളുത്ത” ലിസ്റ്റില്‍ (white list) പെടുത്തുക എന്നതാണ്. അല്ലെങ്കില്‍ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ “ഇല്ല, കുഴപ്പമില്ല, ഞാന്‍ ഏറ്റു, ഇയാളെ എനിക്കറിയാം, ഇയാള്‍ വിശ്വസ്തനാണ്, ഭാവിയില്‍ ഇയാളെ സംശയിക്കണ്ട, ഇയാള്‍ ഭീകരന്‍ അല്ല” , എന്നൊക്കെ ഓരോ പ്രോഗ്രാമിനും അനുസരിച്ചുള്ള ബട്ടണുകള്‍ ഞെക്കി, ഭാവിയില്‍ ഇത്തരം മുന്നറിയിപ്പുകളില്‍ നിന്നും e പത്രത്തെ ഒഴിവാക്കിയാല്‍ മതി.

പല പ്രോഗ്രാമുകളും ഇത്തരം മുന്നറിയിപ്പു കളോടൊപ്പം അവര്‍ സൈറ്റില്‍ ഉണ്ടെന്ന് ഭയക്കുന്ന വയറസിന്റെ പേരും പറയാറുണ്ട്. അടുത്ത തവണ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നിങ്ങള്‍ ആ പേര് നോക്കി വെക്കുക. എന്നിട്ട് അതിനെ പറ്റി ഗൂഗ്‌ളില്‍ തിരയുക. അപ്പോള്‍ നിങ്ങള്‍ക്ക് ആ വയറസിന്റെ സ്വഭാവത്തെ പറ്റിയും അതിന്റെ ആക്രമണ രീതിയെ പറ്റിയും അത് ഉണ്ടാക്കുന്ന നാശത്തെ പറ്റിയും ഒക്കെ വിശദമായി മനസ്സിലാക്കാന്‍ കഴിയും.

പല പേരുകളിലാണ് ഒരോ കമ്പനിയും ഇതിനെ വിളിക്കുന്നത്. ചില പേരുകള്‍:

McAfee : JS.Wonka
TrendMicro : JS.Wonka
Symantec : Downloader
Avira : TR/Dldr.Agent.CA.2
Kaspersky : JS_DLOADER.K, Trojan-Downloader.JS.Inor.a
Sophos : Troj/Phel-B, Troj/Viperjs-A
F-Prot : JScript/ProfPack!PWS!Downloader, JS/SillyDownloader.AI

സുരക്ഷാ പ്രോഗ്രാമുകള്‍ക്കും ആന്റി വയറസുകള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഇത്തരം ജാവാസ്ക്രിപ്റ്റ് കോഡുകളെ പറ്റി CA എന്ന പ്രമുഖ സുരക്ഷാ കമ്പനിയുടെ വെബ് സൈറ്റില്‍ ഇങ്ങനെ പറയുന്നു:

JS.Wonka is a generic detection of web pages or e-mail messages that contain a certain functionality for encrypting scripts that may have malicious intent. This does not necessarily mean that a virus has been found.

ചില ഉപദ്രവകാരികളായ വെബ് സൈറ്റുകള്‍ ഇത്തരം വിദ്യകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വയറസുകളും ട്രോജനുകളും മറ്റും നിങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം മുന്നറിയിപ്പുകളെ അവഗണിക്കാനും ആവില്ല. എന്നാല്‍ വിശ്വസ്തമായ സൈറ്റുകളില്‍ ഇത്തരം മുന്നറിയിപ്പുകളെ നിങ്ങള്‍ക്ക് സുരക്ഷിതമായി അവഗണിക്കാം.

ഇത്തരം ഒരു മുന്നറിയിപ്പ്, തങ്ങള്‍ക്ക് e പത്രം സന്ദര്‍ശിച്ച വേളയില്‍ ലഭിച്ചു എന്ന് ചില സുഹൃത്തുക്കള്‍ ഞങ്ങളെ അറിയിച്ചതിന് നന്ദി. നിങ്ങളുടെ e പത്രത്തില്‍ ഇത്തരം വയറസുകള്‍ ഇല്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

e പത്രത്തില്‍ വൈറസ് ഇല്ല.

സ്നേഹത്തോടെ,

e പത്രം ടീം

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

8 of 11« First...789...Last »

« Previous Page« Previous « ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്
Next »Next Page » മലയാളത്തില്‍ കാപ്ച »

 • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
 • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
 • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
 • ഡി.എൻ.എസ്. അന്തകന്റെ ദിനം
 • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
 • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
 • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
 • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
 • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
 • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
 • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
 • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
 • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
 • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
 • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
 • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
 • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
 • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
 • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
 • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

 • © e പത്രം 2010