ഇന്ന്, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യരുടെ ജന്മദിനം (1877 ജൂണ്‍ 06 ) തന്റെ ചെറു കവിതകളിലൂടെയും ശ്ലോകങ്ങളിലൂടെയും ബൃഹത്തായ തത്വ ചിന്തകള്‍ മലയാളത്തിനു നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ആധുനിക കവിത്രയങ്ങളില്‍ ഒരാളായ ഉള്ളൂര്‍ മലയാളകവിതക്ക് ശൈലീപരവും പദപരവുമായ പ്രൗഢി നല്‍കിയ കവിയാണ്.
”വിത്തമെന്തിനു മര്‍ത്ത്യനു വിദ്യ കൈവശമാവുകില്‍
വെണ്ണയുണ്ടെങ്കില്‍ നറു നെയ് വേറിട്ടു കരുതേണമോ?”
ദീപാവലിയിലെ ഈ വരികള്‍ എത്ര അര്‍ത്ഥവത്തായ ആശയമാണ് കുറിക്കുന്നത് !!
ഏതൊരു മലയാളി ബാല്യവും ആദ്യം പാടുന്ന ‘ കാക്കേ കാക്കേ കൂടെവിടെ.. ‘ എന്ന ഈ കൊച്ചു കവിതയും മലയാളത്തിന് തന്നത് മറ്റാരുമല്ല, ഉള്ളൂര്‍ തന്നെ.
മഹാകവി ഉള്ളൂരിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ് പ്രേമസംഗീതം എന്ന കവിത.വിശ്വമാനവസ്നേഹം ഉന്നം വെയ്ക്കുന്ന ഈ കവിതയിലൂടെ ,കവി ഒരു സ്നേഹ ഗായകന്‍ കൂടിയാകുന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മഹിമ വാഴ്ത്തുകയാണിവിടെ.
”ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം”
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയനായ ഇദ്ദേഹം കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു. കൊച്ചി മഹാരാജാവില്‍ നിന്നും കവിതിലകൻ പട്ടവും, കാശി വിദ്യാപീഠത്തിന്റെ സാഹിത്യ ഭൂഷൺ ബഹുമതിയും ഉള്ളൂരിനു ലഭിച്ചിട്ടുണ്ട്.
കേരളസാഹിത്യചരിത്രത്തിന്റെ കര്‍ത്താവായ ഇദ്ദേഹം1949 ജൂണ്‍ 15-ന് അന്തരിച്ചു.