ഏറ്റവും കൂടുതല്‍ നാള്‍ കേരളം ഭരിച്ച മുഖ്യമന്ത്രി ആയിരുന്ന ഇ.കെ. നായനാര്‍ 2004 മെയ് 19 ന് അന്തരിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടിയും തൊഴിലാളി – കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്‍കി. ഒരു സ്വാതന്ത്ര്യ സമര സേനാനിയായ ഇദ്ദേഹം സംഘാടകന്‍, പ്രക്ഷോഭകാരി, പ്രഭാഷകന്‍, പത്ര പ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം അറുപത് വര്‍ഷത്തിലേറെ കേരളീയ സമൂഹത്തില്‍ നിറഞ്ഞു നിന്നു. ജനങ്ങളുമായി ടെലിവിഷനിലൂടെ ടെലിഫോണ്‍ സംവാദം നടത്തി, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുവാനുള്ള നടപടി എടുത്ത് മുഖ്യമന്ത്രി പദത്തിന്റെ സാദ്ധ്യതകള്‍ ആദ്യമായി കേരള ജനതയ്ക്ക് വെളിപ്പെടുത്തി കൊടുത്ത, കേരള ജനതയുടെ സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ, ജനകീയനായ മുഖ്യമന്ത്രി കൂടിയായിരുന്നു ഇ. കെ. നായനാര്‍.