പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു

November 21st, 2008

യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ ‘കുഞ്ഞിരാമന്‍’, അല്‍ ഐന്‍ ഐ. എസ്. സി. യുടെ ‘ഗുഡ് നൈറ്റ്’, മാക് അബുദാബിയുടെ ‘മകുടി’, അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ ‘ചെണ്ട’, കല അബുദാബിയുടെ ‘ഭൂമീന്‍റെ ചോര’, ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ ‘സൂസ്റ്റോറി’, എപ്കോ ദുബായ് അവതരിപ്പിച്ച ‘സമയം’, ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ ‘ഇത്ര മാത്രം’ എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.

മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)

എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം

November 18th, 2008

ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍.

ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.

വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.

പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.

ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.

ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.

ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.

ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.

വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു

November 15th, 2008

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന്‌ കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ്‌ ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.

കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്‌.

വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

തുടര്‍ന്നു എന്‍. എസ്. മാധവന്റെ “ചുവന്ന പൊട്ട് ” എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്.

അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി
എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍.

ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് .

നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“ശാന്തം തലശ്ശേരി” ഫോട്ടോ പ്രദര്‍ശനം

November 5th, 2008

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച ‘ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി’ യുടെ ഭാഗമായി ഫോട്ടോ – ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.

വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ – ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31.

വിലാസം:
സിക്രട്ടറി,
വടകര എന്‍. ആര്‍. ഐ. ഫോറം,
പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ.

(വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ – 050 74 23 412, രതീഷ്‌ വടകര – 050 64 21 903)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദര്‍ശനയുടെ കളിയരങ്ങ്

October 29th, 2008

ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 3 of 41234

« Previous Page« Previous « മാനത്തേക്കൊരു കിളി വാതില്‍
Next »Next Page » ദുബായ് ഷാര്‍ജ ടാക്സി നിരക്കും കൂടും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine