ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.
ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക.
പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും.