ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ സൌരവ് സുനിൽ കുമാറിന് അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുന്നു. വീട്ടു വാടകയും, ചിലവും കഴിച്ച് മിച്ചമൊന്നും വെയ്ക്കാൻ കഴിയാത്ത പിതാവ് സുനിൽ കുമാറിന് താങ്ങാനാവാത്ത തുകയായ 50,000 ദിർഹമാണ് ശസ്ത്രക്രിയക്കായി നൽകേണ്ടത്. ഇതാണെങ്കിൽ എത്രയും പെട്ടെന്ന് വേണം. ചികിൽസയ്ക്കായി നാട്ടിലേക്ക് കൊണ്ടു പോകാൻ തക്ക ആരോഗ്യ നിലയല്ല കുട്ടിയുടേത് എന്നാണ് ഡോക്ടർമാർ പറയുന്നത്. നിസ്സഹായരായ സുനിൽ കുമാറും കുട്ടിയുടെ അമ്മ വിജയ ലക്ഷ്മിയും എന്തു ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ്. സൌരവിന്റെ സ്ക്കൂളിലെ അദ്ധ്യാപകർ ഒരു തുക പിരിച്ചു നൽകിയിട്ടുണ്ട്. സൌരവിന്റെ സഹപാഠികളും ഇത്തരം ഒരു ശ്രമം നടത്തുന്നുണ്ട്. തങ്ങളാൽ ആവും വിധം അവരും ധന സമാഹരണത്തിനുള്ള ശ്രമത്തിലാണ്.
കഠിനമായ തലവേദനയും കണ്ണു വേദനയും പുറം വേദനയും അനുഭവപ്പെടുന്നു എന്ന് പരാതി പറഞ്ഞ സൌരവിനെ ആദ്യമൊന്നും ആരും കാര്യമായി എടുത്തില്ല്ല. ഭാരമേറിയ സ്ക്കൂൾ ബാഗ് കാരണമാവും പുറം വേദന എന്ന് എല്ലാവരും കരുതി. കണ്ണ് പരിശോധിച്ച് കണ്ണടയുടെ ലെൻസ് മാറ്റി. എന്നാൽ കലശലായ ഛർദ്ദി തുടങ്ങിയതോടെ അവശ നിലയിലായ സൌരവിനെ അൽ വാസൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സി. റ്റി. സ്കാനിൽ സൌരവിന്റെ തലച്ചോറിൽ മുഴയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ഉടനടി ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
കോട്ടയം മറിയപ്പള്ളി സ്വദേശിയായ സുനിൽ കുമാറിനെ 0505726096 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സഹായിക്കാൻ സന്നദ്ധതയുള്ളവർക്കായി സുനിൽ കുമാറിന്റെ ബാങ്ക്‍ അക്കൌണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
RAK Bank അക്കൌണ്ട് നമ്പർ : 0012122806001 (Sunil Kumar K)
- ലിജി അരുണ്‍