ദുബായ് : വ്യപാര പങ്കാളിയുടെ ബന്ധുക്കള്‍ ക്കെതിരെ കമ്പനിയുടമ നല്‍കിയ വ്യജ പരാതിയില്‍ യു. എ. ഇ. യില്‍ നിന്നും ആ ജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി, കണ്ണ് ഉള്‍പ്പെടെ സ്കാന്‍ ചെയ്ത് ജയിലില്‍ കിടന്ന്, നാട് കടത്തലിന് വിധേയമാക്കപ്പെട്ട കോഴിക്കോട് സ്വദേശികളായ ജിതിന്‍ ജോസ്, ബിനു തോമസ്, പോള്‍ ജോസഫ് എന്നിവര്‍ക്ക് ആജീവനാന്ത വിലക്കില്‍ നിന്നും മോചനം ലഭിച്ചു.
2002-ലാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ മ. ജോ. (പേര് വെളിപ്പെടുത്തുന്നില്ല) യും കോഴിക്കോട് പശുക്കടവ് സ്വദേശി പ്രസാദ് ഫിലിപ്പും ചേര്‍ന്ന് തുല്യ പങ്കാളിത്തത്തോടെ ദുബായില്‍ ഒരു ഇലക്ട്രിക്കല്‍ കമ്പനി തുടങ്ങിയത്. മ. ജോ. യുടെ ഭാര്യയുടെ പേരിലായിരുന്നു കമ്പനി. കമ്പനി വരുമാനത്തില്‍ വന്‍ വര്‍ദ്ധന വുണ്ടായതോടെ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും, 2008 ജൂണില്‍ പ്രസാദ് ഫിലിപ്പ് മുടക്കിയ തുക മടക്കി നല്‍കി, മ. ജോ. കമ്പനി സ്വന്തമാക്കു കയുമായിരുന്നു.
തുടര്‍ന്ന് പരസ്പര ധാരണയില്‍, പ്രസാദ് ഫിലിപ്പ് ഉള്‍പ്പെടെ ജിതിന്‍ ജോസ്, ബിനു തോമസ്, പോള്‍ ജോസഫ് എന്നിവരുടെ വിസ ഒന്നിച്ച് ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യ പ്പെട്ടെങ്കിലും വ്യപാര പങ്കാളിയായ പ്രസാദ് ഫിലിപ്പിന്റെ വിസ ക്യാന്‍സല്‍ ചെയ്ത ശേഷം, ബന്ധുക്കളായ മൂന്ന് പേരുടെയും വിസ പിന്നീട് ക്യാന്‍സല്‍ ചെയ്ത് തരാമെന്ന് മ. ജോ. പറഞ്ഞു വിശ്വസിപ്പി ക്കുകയായിരുന്നു. എന്നാല്‍ തൊഴില്‍ ചെയ്യുന്നതില്‍ നിന്നും താമസ സ്ഥലത്തു നിന്നും തൊഴിലാളി കളെ മാറ്റി നിര്‍ത്തി, തൊഴില്‍ വകുപ്പിലും എമിഗ്രേഷന്‍ വകുപ്പിലും ഓടിപ്പോയതായി വ്യാജ പരാതി നല്‍കി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തനുള്ള നടപടി സ്വീകരിക്കുകയാണ് ഇയാള്‍ ചെയ്തത്. എമിഗ്രേഷനില്‍ ഓടിപ്പോയ പരാതി ഉള്ളതിനാല്‍ മറ്റു കമ്പനിയില്‍ ജോലി ചെയ്യാനോ, ഭയം മൂലം താമസ സ്ഥലത്തു നിന്നും പുറത്തു പോകാനോ പറ്റിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തില്‍ കൂടുതലായി താമസ സൌകര്യവും, ഭക്ഷണവും, കേസ് നടത്തിപ്പിനുള്ള ചെലവും ബന്ധു കൂടിയായ പ്രസാദ് ഫിലിപ്പാണ് നല്‍കി വന്നത്. ഭീമമായ തുക നല്‍കി തുടക്കത്തില്‍ തന്നെ മറ്റൊരു വക്കീലിനെ കേസ് ഏല്‍പ്പിച്ചെങ്കിലും, കേസുകള്‍ എല്ലാം തന്നെ പരാജയ പ്പെടുകയായിരുന്നു. കേസ് നടത്തിയ വക്കീലിന്റെ നിര്‍ദ്ദേശ പ്രകാരം എമിഗ്രേഷനില്‍ കീഴടങ്ങി, കണ്ണ്` സ്കാന്‍ ചെയ്ത്, ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പാസ്സ്‌പോര്‍ട്ട് സ്വീകരിച്ച്, ജയിലില്‍ കിടന്ന്, നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകനായ റെജി വര്‍ഗീസ് മുഖേന യുണൈറ്റഡ് അഡ്വക്കേറ്റ്‌സിലെ സലാം പാപ്പിനിശ്ശേരിയെ ഇവര്‍ സമീപിച്ചത്. മുന്‍ വ്യാപാര പങ്കാളിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് മ. ജോ. ബന്ധുക്കളായ മൂന്ന് തൊഴിലാളികളെ വ്യാജ പരാതി നല്‍കി ജയിലില്‍ കിടത്തി, ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ നടപടി എടുത്തതെന്ന കാര്യം രേഖാമൂലം ദുബായ് തൊഴില്‍ വകുപ്പിലെ ഉന്നതാധി കാരികളെയും, എമിഗ്രേഷന്‍ വകുപ്പിനെയും തൊഴിലാളികള്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി മുഖേന സലാം പാപ്പിനിശ്ശേരി തന്നെ നേരിട്ട് ധരിപ്പിച്ചു. തൊഴിലാളികള്‍ മൂന്ന് പേരും പ്രസാദ് ഫിലിപ്പിന്റെ ബന്ധുക്കളാണെന്ന് തെളിയിക്കാന്‍, കോഴിക്കോട് പശുക്കടവ് സെന്‍റ് തെരേസാസ് പള്ളിയിലെ ഇടവക വികാരി ഫാദര്‍ ജോസിന്റെ സാക്ഷി പത്രം സഹായകരമായി. മ. ജോ. യെ എമിഗ്രേഷന്‍ വകുപ്പ് സമന്‍സ് അയച്ച് വരുത്തി തൊഴിലാളി കള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, കമ്പനി സ്പോണ്‍സറായ അറബിയേയും കൂട്ടി വന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി, നാട്ടിലേക്ക് കയറ്റി അയക്കാന്‍ രേഖാമൂലം പരാതി സമര്‍പ്പിക്കുക യായിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ വകുപ്പിലെ ഉന്നതാധി കാരികള്‍ ഇടപെടുകയും, സലാം പാപ്പിനിശ്ശേരി മുഖേന സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് എമിഗ്രേഷന്‍ വകുപ്പ് കണ്ണ് സ്കാന്‍ ചെയ്തത് പിന്‍വലിച്ച്, ഭീമമായ പിഴ ഒഴിവാക്കി, ജയിലില്‍ കിടത്താതെ, ആജീവനാന്ത വിലക്കില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കുകയായിരുന്നു.
ജീവിതത്തില്‍ ഒരിക്കലും യു. എ. ഇ. യില്‍ തിരിച്ചെത്താന്‍ സാധിക്കില്ല എന്നു കരുതിയ തങ്ങള്‍ക്ക് നിയമ പോരാട്ടത്തിലൂടെ ആജീവനാന്ത വിലക്കില്‍ നിന്നും മോചനം ഉണ്ടായത്, നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ കരുതലോടെയുള്ള ഇടപെടലാണെന്ന് മൂവരും നന്ദിയോടെ പറയുന്നു.
– പ്രതീഷ് പ്രസാദ്