അബുദാബി: പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ രണ്ടാം ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു പോയിന്റ് നേടി ക്കൊണ്ട് ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങ് വിജയിച്ചു. കേരള സോഷ്യല്‍ സെന്റര്‍ യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാം ദിവസത്തെ മത്സരം അല്‍ റിയാമി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
അബുദാബിയിലെ കായിക പ്രേമികളില്‍ ഉത്സവ പ്രതീതി സൃഷ് ടിച്ചു കൊണ്ടു നടന്ന മത്സരത്തില്‍ സ്റ്റേറ്റ് താരങ്ങളായ ഷഫീഖ്, ജോയ് തോമസ്, നാസിര്‍, നജ്മുദ്ദീന്‍, സുജിത് കുമാര്‍, ഷംസു, റഫ്സുല്‍, സജീദ്, സമീര്‍ എന്നിവര്‍ അണി നിരന്ന ഫ്ലോറല്‍ ട്രേഡിങ്ങും സ്റ്റേറ്റ് താരങ്ങളും യൂനിവേഴ്സിറ്റി താരങ്ങളുമായ ഹാഷിം സജീര്‍, ബെന്നി, സുധീര്‍, ഷാനവാസ്, ബിനീഷ്, ബിനു, റഷീദ്, അഷ്‌റഫ് എന്നിവര്‍ അണി ചേര്‍ന്ന ദുബായ് ഡ്യൂട്ടി ഫ്രീയുമാണ് ഏറ്റുമുട്ടിയത്.
അദ്യ സെറ്റില്‍ 25നെതിരെ 27 പോയിന്റ് നേടി ക്കൊണ്ട് ഫ്ലോറല്‍ ട്രേഡിങ്ങ് ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ചെങ്കിലും രണ്ടാമത്തെ സെറ്റില്‍ 16നെതിരെ 25 പോയിന്റ് നേടി ക്കൊണ്ട് ഡ്യൂട്ടി ഫ്രീ ശക്തമായ ചെറുത്ത് നില്‍പ് നടത്തി. പിന്നീടു നടന്ന രണ്ടു സെറ്റിലും 25-18, 25-13 എന്നീ സ്കോര്‍ നിലയില്‍ ഫ്ലോറല്‍ ട്രേഡിങ്ങ് വെന്നിക്കൊടി പാറിപ്പിക്കു കയായിരുന്നു.
ബനിയാസ് ക്ലബ്ബിലെ മുന്‍ വോളി ബോള്‍ താരം ഹസ്സന്‍ കറം സംഭാവന ചെയ്ത രണ്ടാം ദിവസത്തെ മാന്‍ ഓഫ് ദി മാച്ചിനുള്ള ക്യാഷ് അവാര്‍ഡിന് ഫ്ലോറല്‍ ട്രേഡിങ്ങിനു വേണ്ടി കളിച്ച നാസര്‍ അര്‍ഹനായി. പ്രസ്തുത പുരസ്കാരം കെ. എസ്. സി. ജോ. സെക്രട്ടറി ഉദയശങ്കര്‍ സമ്മാനിച്ചു. ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി സ്വാഗതം പറഞ്ഞു.
– സഫറുള്ള പാലപ്പെട്ടി
-