ഏറെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദുബായിലെ ബീച്ച് കമിതാക്കളുടെ കേസില്‍ ഇന്നലെ ദുബായ് കോടതി വിധി പ്രഖ്യാപിച്ചു. മൂന്ന് മാസം തടവാണ് ശിക്ഷ. തടവിനു ശേഷം ഇരുവരേയും നാടു കടത്തും. ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയില്‍ ആണ് ഇരുവരേയും പോലീസ് കഴിഞ്ഞ ജൂലായില്‍ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ വെച്ച് അമിതമായ സ്നേഹ പ്രകടനത്തിലെ ഏര്‍പ്പെട്ട ഇവരെ അതു വഴി വന്ന പോലീസ് സംഘം തടയുകയും ഇനിയും ഇത് ആവര്‍ത്തിയ്ക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണ്. ഇത് വക വെയ്ക്കാതെ കൂടുതല്‍ അശ്ലീലമായ ചേഷ്ടകളിലേയ്ക്ക് ഇവര്‍ മുന്നേറുകയുണ്ടായി. പിന്നീട് അതു വഴി വന്ന പോലീസ് കണ്ടത് ഇവര്‍ പരസ്യമായി ബീച്ചിലെ ചാരു കട്ടിലില്‍ രതിയില്‍ ഏര്‍പ്പെടുന്നതാണ്. അങ്ങനെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റം ഇവര്‍ കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ രാസ പരിശോധനയില്‍ രതി നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കോടതി ശിക്ഷിച്ചത്.
വിധി അറബ് വംശജരും പ്രവാസികളും ഒരു പോലെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. സാമാന്യ മര്യാദകളെ വെല്ലു വിളിയ്ക്കുന്ന ഇത്തരം സംസ്ക്കാര ശൂന്യമായ പെരുമാറ്റം തടയുന്നതിന് ഇത്തരം ഒരു മാതൃകാ പരമായ ശിക്ഷാ വിധി വഴി വെയ്ക്കും എന്നു തന്നെയാണ് പരക്കെയുള്ള പ്രതീക്ഷ.
-