കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി തടസങ്ങളില്‍ പെട്ട് ഉഴലുമ്പോള്‍ ടീകോമിന്‍റെ തന്നെ മാര്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നേറുന്നു. ദുബായില്‍ നടക്കുന്ന ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ മാള്‍ട്ട പദ്ധതിയുടെ മോഡലും മറ്റ് അനുബന്ധ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ദുബായില്‍ നടക്കുന്ന ജൈടെക്സില്‍ ടീകോം പവലിയനിലെ മുഖ്യ ആകര്‍ഷണവും മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെയാണ്. ഒരേ സമയത്താണ് കൊച്ചി, മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ടീം കോം അധികൃതരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകാന്‍ കൊച്ചി പദ്ധതിക്ക് ഇതു വരെ സാധിച്ചിട്ടില്ല.
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം മാള്‍ട്ട പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്ന് ടീ കോം അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടേയും മറ്റ് സൗകര്യങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനകം ഓഫീസുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഭൂമി കൈമാറ്റം മുതല്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി വരെയുള്ള നിരവധി കാര്യങ്ങളാണ് കൊച്ചി പദ്ധതി ഇഴയാന്‍ കാരണം. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാനാവൂ എന്നാണ് ടീകോം അധികൃതരുടെ നിലപാട്.
– ഇവാഞ്ചലിന്‍ ജേക്കബ്ബ്
-