ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്മാന്.
ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര് അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.
വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്സര് ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.
പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.
ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്പില് ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.
ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.
ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.
ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.
വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള് പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
-