ദുബായ് : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വഞ്ചിച്ച് വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വിവാഹ തട്ടിപ്പ് വീരന്മാരെ പിടിയ്ക്കാന്‍ ഇനി ഇന്റര്‍പോള്‍ രംഗത്തിറങ്ങും. ഗുജറാത്തില്‍ ഇത്തരം വഞ്ചനയുടെ കഥകള്‍ ക്രമാതീതമായി പെരുകിയതോടെ ഗുജറാത്ത് പോലീസ് ആണ് ഇത്തരം തട്ടിപ്പുകാരെ പിടിയ്ക്കാന്‍ അന്താരാഷ്ട്ര പോലീസിന്റെ സഹായം തേടിയത്. വന്‍ സാമ്പത്തിക കുറ്റവാളികളേയും ക്രിമിനലുകളേയും മറ്റും പിടിയ്ക്കുവാന്‍ പുറപ്പെടുവിയ്ക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസാണ് ഗുജറാത്ത് പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവി ച്ചിരിയ്ക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കടന്നു കളയുന്നവരില്‍ ഏറിയ പങ്കും പ്രവാസികള്‍ ആണത്രെ. ഇത്തരക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടു വരുവാന്‍ ഇങ്ങനെ ഒരു നടപടി കൊണ്ട് കഴിയും. ഇത്തരം എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് ഇറക്കി കഴിഞ്ഞു. ഇതില്‍ ഒരാളെ ഇതിനോടകം തന്നെ പിടികൂടി നാട്ടിലേയ്ക്ക് അയച്ചു കഴിഞ്ഞു എന്ന് ഗുജറാത്ത് സി. ഐ. ഡി. യുടെ ഡി. ഐ. ജി. മീര രാം നിവാസ് അറിയിച്ചു.
ഇത്തരം കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. കുടുംബത്തി നുണ്ടാവുന്ന മാനഹാനി ഭയന്നും പെണ്‍കുട്ടികളുടെ പുനര്‍ വിവാഹത്തിനും വേണ്ടി ഇത്തരം സംഭവങ്ങള്‍ മൂടി വെയ്ക്കുന്നതും പ്രശ്നം പെരുകുന്നതിന് കാരണം ആവുന്നു.
വിദേശ വരനെ തേടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലഖു ലേഖ ഇറക്കുവാന്‍ ഗുജറാത്തി പ്രവാസി സംഘടന തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്.