രാമദാസന്‍ എന്ന 52 കാരനായ ആശാരി മാര്‍ച്ച് 4 നു ദുബായില്‍ തന്റെ ജോലി സ്ഥലത്ത് വെച്ചാണ് ബോധ രഹിതനായി നിലം പതിച്ചത്. ആദ്യം അല്‍ ധൈദ് ആശുപത്രില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്കു മാറ്റി.
സ്കാനിങ്ങില്‍ രാമദാസന്റെ തലച്ചോറിന്റെ വലതു വശത്ത് വളരെ വലിയ ഒരു ട്യുമര്‍ കണ്ടെത്തി. അന്നേ ദിവസം തന്നെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ട്യുമര്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രമേഹവും രക്ത സമ്മര്‍ദ്ദവും ക്രമാതീതമായി വര്‍ധിക്കുകയും വളരെയധികം മരുന്നുകള്‍ ആവശ്യമായി വരികയും ചെയ്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശാരീരിക പ്രവര്‍ത്തന ക്ഷമത 50 ശതമാനമായി കുറഞ്ഞു. പരസഹായം കൂടാതെ എഴുന്നേല്‍ക്കുവാനോ ഇരിക്കുവാനോ ഭക്ഷണം കഴിക്കുവാനോ സാധിക്കുന്നില്ല. രാമദാസന്റെ അല്‍ ഖാസിമി ആശുപത്രിയിലെ ചികിത്സ കഴിഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരന്‍ പുഷ്പാംഗദന്‍ eപത്രത്തോട് പറഞ്ഞു. കൂടുതല്‍ ചികിത്സ കള്‍ക്കായി രാമദാസനെ കേരളത്തിലേക്ക് കൊണ്ട് പോകുകയാണ്.
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ രാമദാസിനു ഭാര്യയും മൂന്നു പെണ്‍കുട്ടി കളുമാണ് ഉള്ളത്. വാടക വെട്ടില്‍ താമസിക്കുന്ന ഇവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ല രാമദാസന്റെ ചികില്‍സാ ച്ചെലവിന്റെ കടുത്ത ഭാരം. മൂന്നു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും, കുടുംബത്തിന്റെ നിത്യചിലവും ഒരു വശത്ത് ഇവരെ അലട്ടുമ്പോള്‍, അടച്ചു തീര്‍ക്കാനുള്ള ഒരു വായ്പ്പയും അതിന്റെ പലിശയും മറു വശത്ത് ഇവരെ പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം ആകുന്നു. ഇതിനിടയില്‍ രാമദാസിനെ കീഴടക്കിയ അസുഖത്തെ വിധിയെന്നു വിളിച്ചാശ്വസിക്കാന്‍ കഴിയാതെ ചികിത്സാ ചെലവിനുള്ള പണം ഉണ്ടാക്കുവാന്‍ നെട്ടോട്ടം ഓടുകയാണു ഭാര്യയായ ഉഷയിപ്പോള്‍.
തങ്ങളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും ഉദാരമതികളും മുന്നോട്ട് വരുമെന്ന പ്രതീക്ഷയുമായി ഈ കുടുംബം കാത്തിരിക്കുന്നു. രാമദാസന്റെ ചികില്‍സാ ചിലവില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭാര്യ ഉഷയുടെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഊരകം ശാഖയില്‍ ഉള്ള താഴെ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് പണമയയ്ക്കാം.
പി. കെ. ഉഷ
അക്കൗണ്ട് നമ്പര്‍: 57011886027
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
ഊരകം ശാഖ
തൃശ്ശൂര്‍ ജില്ല, കേരള, ഇന്ത്യ
ഫോണ്‍ നമ്പര്‍: 00919387982911