ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബായിയെ വെല്ലാന്‍ പുതിയ കെട്ടിട പദ്ധതി ദുബായില്‍ പ്രഖ്യാപിച്ചു. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലുള്ള ബുര്‍ജു ദുബായ്. 807 മീറ്ററാണ് ഇതിന്‍റെ ഉയരം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പാണ് നഖീല്‍ പ്രോപ്പര്‍ട്ടീസ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്‍റെ ഉയരം.
ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്.
ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും.