നവംബര്‍ 14ന് തന്നെ കാണാന്‍ എത്തിയ വശ്യമായ ചിരിയുള്ള ചെറുപ്പക്കാരന് താന്‍ രണ്ടു മണിക്കൂര്‍ സമയമായിരുന്നു അനുവദിച്ചത്. മണിക്കൂറുകളോളം വലിയ സദസ്സുകളെ തന്റെ പാണ്ഡിത്യവും കഥകളും കവിതകളും കൊണ്ട് രസിപ്പിക്കുന്ന അയാള്‍ തന്റെ കാല്‍ക്കീഴില്‍ ഇരുന്ന് ഒരു രാജാവിനെ പോലെ പൊട്ടിച്ചിരിച്ചു. തനിക്ക് അനുവദിച്ച രണ്ടു മണിക്കൂര്‍ സമയവും കഴിഞ്ഞും സരസമായ ആ സംഭാഷണം നീണ്ടപ്പോള്‍ ഇനി ഊണ് കഴിഞ്ഞാവാം എന്ന് പറഞ്ഞു താന്‍. എന്നാല്‍ പിന്നെ തനിക്ക് വാരി തരണം എന്നായി അയാള്‍. മുസ്ലിംകള്‍ പശുവിന്റെ ശവം തിന്നുന്നവരാണ് എന്നും അതിനാല്‍ അവരുടെ വായ് നാറും എന്നും തന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഒരു ശുദ്ധ സസ്യഭുക്കായ തനിക്ക് ഒരു മ്ലേച്ഛന്റെ ചുണ്ട് കൈവിരലുകള്‍ കൊണ്ട് സ്പര്ശിക്കാനാവില്ല. എന്നാല്‍ പിന്നെ ഞാന്‍ വാരി തരാം എന്നും പറഞ്ഞ് അയാള്‍ ചോറ് ഉരുളകളാക്കി…
അയാള്‍ മാധവി കുട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും അയാളുടെ പ്രേമ നിര്‍ഭരമായ പെരുമാറ്റം അവരില്‍ ഏറെ കാലമായി ഉറങ്ങിക്കിടന്ന ഒരു പാട് വികാരങ്ങളെ തഴുകി ഉണര്‍ത്തിയിരുന്നു. പുതിയ പ്രേമം കണ്ടെത്തിയ ഒരു യുവാവിന്റെ മുഖത്ത് പടരുന്ന രക്തച്ഛവി താന്‍ അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാദ്യമായി വീണ്ടും കണ്ടു. ദശാബ്ദങ്ങള്‍ക്ക് ശേഷം ആസക്തി, അടി വയറ്റില്‍ പടരുന്ന നനുത്ത നോവ്, അതി വേഗം ആടുന്ന ഒരു ഊഞ്ഞാലിലെന്ന പോലെ സിരകളില്‍ രക്തം ത്രസിക്കുന്നത് താന്‍ അന്ന് വീണ്ടും അറിഞ്ഞു…
പിന്നീട് ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും അയാള്‍ തന്നെ ഫോണില്‍ വിളിച്ചു. രാത്രിയുടെ അന്ത്യ യാമങ്ങളില്‍ അയാള്‍ ചൊല്ലിയ ഉര്‍ദു കവിതാ ശകലങ്ങള്‍, വിവാഹത്തിനു ശേഷം തന്നോട് അയാള്‍ എന്തെല്ലാം ചെയ്യുമെന്നതിന്റെ വര്‍ണ്ണനകള്‍…
താന്‍ തന്റെ സഹായിയായ മിനിയും കൂട്ടി അയാളുടെ വീട്ടിലേക്ക് പോയി. മൂന്ന് ദിവസം അവിടെ, അയാളോടൊപ്പം. അവിടെ നിറഞ്ഞൊഴുകുന്ന ഒരു പുഴയും ഏതാനും മരങ്ങളും പിന്നെ ഒരു പാട് പൊട്ടിച്ചിരികളും മാത്രം.
എന്നോടയാള്‍ മുസ്‌ലിം ആവാന്‍ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ താന്‍ അത് ചെയ്തു.
പത്രക്കാരും മാധ്യമക്കാരും വീട്ടിലേക്ക് ഓടിയെത്തി. ഹിന്ദുത്വ വാദികളും, ശിവ സേനയും ആര്‍. എസ്. എസും. നാടാകെ പോസ്റ്റര്‍ പതിച്ചു. മാധവിക്കുട്ടിക്ക് ഭ്രാന്താണ്. അവരെ കൊന്നു കളയണം.
മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പുസ്തകമാക്കിയ മെറിലി വീസ്ബോര്‍ഡിന്റെ ദ ലൌവ് ക്വീന്‍ ഓഫ് മലബാര്‍ – The Love Queen Of Malabar – മലബാറിന്റെ പ്രണയ രാജ്ഞി – എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണിത്.
പുസ്തകവും ലേഖികയും
മാധവിക്കുട്ടിയുടെ മത പരിവര്‍ത്തനത്തെ ചുറ്റിപ്പറ്റി പുറത്തു വന്ന കഥകളെ ശരി വെയ്ക്കുന്ന ഈ പുസ്തകത്തില്‍ മാധവിക്കുട്ടി ലേഖികയ്ക്ക് എഴുതിയ എഴുത്തിലെ വരികളില്‍ ചിലതാണ് ഇവ.
ഭാഷയുടെ സാങ്കേതികത്വങ്ങള്‍ അനുയായികള്‍ക്ക് വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്ന ആ മത പണ്ഡിതനെ, ഉര്‍ദു കവിതാ ശകലങ്ങള്‍ ഇടയ്ക്കിടെ ചൊല്ലി കേള്‍വിക്കാരെ വിസ്മയിപ്പിക്കുന്ന, വെളുത്ത പല്ലുകള്‍ കാണിച്ച് ഉറക്കെ പൊട്ടിച്ചിരിക്കുന്ന സുമുഖനായ ആ വാഗ്മി മലയാളികള്‍ക്ക് സുപരിചിതനാണ്…
ഈ പുസ്തകത്തെ കുറിച്ച് കൂടുതല്‍ ഇവിടെയും ഇവിടെയും വായിക്കുക.