അക്ഷര തൂലിക പുരസ്കാരം ഷാജി ഹനീഫിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും

January 7th, 2010

shaji-haneef-ramachandran-morazhaഷാര്‍ജ. പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഏറ്റവും മികച്ച ചെറു കഥയ്ക്കും കവിതയ്ക്കുമുള്ള അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചെറു കഥയ്ക്കുള്ള പുരസ്കാരം ‘ആഹിര്‍ഭൈരവ്‌’ എന്ന കഥ രചിച്ച ഷാജി ഹനീഫിനും കവിതയ്ക്ക്‌ ‘കൂക്കിരിയ’ എന്ന കവിത രചിച്ച രാമചന്ദ്രന്‍ മൊറാഴയ്ക്കും ലഭിച്ചു.
 
ആനുകാലിങ്ങളില്‍ കഥകളും കവിതകളും എഴുതാറുള്ള ഷാജി ഹനീഫ്‌ മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്‌. കണ്ണൂര്‍ ജില്ലയിലെ മൊറാഴ സ്വദേശിയാണ്‌ രാമചന്ദ്രന്‍ മൊറാഴ. ജനുവരി 15 ന്‌ ദുബായ് ഖിസൈസിലെ റോയല്‍ പാലസ്‌ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ വെച്ച്‌ പുരസ്കാരങ്ങള്‍ നല്‍കുന്ന താണെന്ന്‌ ഭാരവാഹികളായ വെള്ളിയോടന്‍, സലീം അയ്യനത്ത്‌ എന്നിവര്‍ അറിയിച്ചു. ജ്യോതി കുമാര്‍, നാസര്‍ ബേപ്പൂര്‍, ഷാജഹാന്‍ മാടമ്പാട്ട്‌, രവി പുന്നക്കല്‍, സത്യന്‍ മാടാക്കര, സുറാബ്‌, റാംമോഹന്‍ പാലിയത്ത്‌, അരവിന്ദന്‍ പണിക്കശ്ശേരി, ഷീലാ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മറ്റിയാണ്‌ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രഥമ പാറപ്പുറത്ത് ചെറുകഥാ പുരസ്കാരം ഫിലിപ്പ് തോമസിന്

January 6th, 2010

philip-thomasദുബായ് : നോവലുകളിലൂടെ നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളിക്ക് പരിചയ പ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പാറപ്പുറത്ത് കഥാവശേഷന്‍ ആയിട്ട് ഡിസംബര്‍ 30ന് 28 വര്‍ഷം തികഞ്ഞു. ഇതോടനുബന്ധിച്ച് പാറപ്പുറത്ത് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് (വെള്ളി) വൈകീട്ട് ആറു മണിക്ക് ദുബായ് കരാമ സെന്ററില്‍ പാറപ്പുറത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തില്‍ എഴുത്തുകാര്‍, പത്ര പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.
 
കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല സമ്മേളനം ഉല്‍ഘാടനം ചെയ്യും.
 
പാറപ്പുറത്ത് ഫൌണ്ടേഷന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ പാറപ്പുറത്ത് സ്മാരക ചെറുകഥാ മത്സരത്തിലെ വിജയിയായ ഫിലിപ്പ് തോമസിന് പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്കാരം സമ്മാനിക്കും. 1001 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 
നൂറിലേറെ ചെറുകഥകളില്‍ നിന്നുമാണ് ഫിലിപ്പ് തോമസിന്റെ ‘ശത ഗോപന്റെ തമാശകള്‍’ തെരഞ്ഞെടുത്തത്. പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണ്ണയം ചെയ്തത്. നൂറനാട് സ്വദേശിയായ ഫിലിപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായിലാണ്.
 
എഴുത്തുകാരനും അധ്യാപകനുമായിരുന്ന പരേതനായ തോമസ് നൂറനാടിന്റെയും, സാറാമ്മയുടെയും മകനായ ഫിലിപ്പ് സാഹിതി മിനി മാസികയുടെ മുഖ്യ പത്രാധിപര്‍, വിഷ്വല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഫിലിം സൊസൈറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ‘നഗരത്തില്‍ എല്ലാവര്‍ക്കും സുഖമാണ്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ കര്‍ത്താവുമാണ്. ഭാര്യ: ബിജി, മകള്‍: ദിയസാറ.
 
റോജിന്‍ പൈനുമ്മൂട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം

December 24th, 2009

മനസ്സ് സര്‍ഗ്ഗവേദി, കാണി ഫിലിം സൊസൈറ്റി, പ്രേംജി സ്മാരക സാംസ്കാരിക സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മനസ്സ് സര്‍ഗ്ഗ വേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാര സമര്‍പ്പണം നടക്കും. ഡിസംബര്‍ 25 വെള്ളിയാഴ്‌ച്ച വൈകീട്ട് 05:30ന് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ (സാഹിത്യ അക്കാദമിയില്‍‍) ആണ് പുരസ്കാര സമര്‍പ്പണ സമ്മേളനം.
 
ബാബു എം പാലിശ്ശേരി എം. എല്‍. എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എം. കെ. അബ്ദുള്ള സോണ മുഖ്യ അതിഥി ആയിരിക്കും.
 
മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം – കൃഷ്ണകുമാര്‍ (ചിത്ര ശലഭങ്ങളുടെ വീട്), ആദ്യ കഥാ സമാഹാരം – പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍ (ബുള്‍ ഫൈറ്റര്‍) എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
 
സമ്മേളന ഹാളില്‍ 3 മണിക്ക് അവാര്‍ഡിന് അര്‍ഹമായ ചലചിത്രം ചിത്ര ശലഭങ്ങളുടെ വീട് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 5 മണിക്ക് സൌത്ത് ഇന്ത്യന്‍ സിനിമ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
 
പുരസ്കാര ദാനത്തെ തുടര്‍ന്ന് 7 മണിക്ക് ഒരു ചലചിത്ര സംവാദവും ഉണ്ടായിരിക്കുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം

December 16th, 2009

awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം – കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2010 ജനുവരി 31. മികച്ച e കവിയെ 2010 മാര്‍ച്ച് ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ – poetry2009 അറ്റ് epathram ഡോട്ട് com
 


ePathram Jyonavan Memorial Poetry Award 2009


 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 

 
 
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിന്
Next Page » മൂന്നാമിടം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine