അയ്യപ്പന് തെരുവിന്റെ കവിയായി രുന്നുവെന്ന് തെളിയിക്കേണ്ടത് വരേണ്യ കവികളുടേയും പണ്ഡിതന്മാരുടേയും ആവശ്യമായിരുന്നു. വര്‍ഗ്ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് വാര്‍ത്ത കൊടുത്ത അതേ സ്പിരിറ്റിലാണ് വരേണ്യ ജനങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണ ത്തിനായി മലയാള മനോരമ തെരുവ് അനാഥമായെന്ന പത്ര വാര്‍ത്ത വലിയ അക്ഷരങ്ങളില്‍ കൊടുത്തത്.
അയ്യപ്പന് അദ്ദേഹത്തിന്റേതായ ചില കുറുമ്പുകള്‍ ഉണ്ടായിരുന്നു. ആ കുറുമ്പുകളും നിര്‍ബ്ബന്ധങ്ങളും കായ്ക്കുന്ന വൃക്ഷങ്ങളില്‍ അയാള്‍ പക്ഷിയായി ചേക്കേറുകയും ചിലക്കുകയും ചെയ്യുമായിരുന്നു. ആരെയും പേടിച്ച് ഒളിക്കാനുള്ള ഒരു കാര്യവും അയ്യപ്പനുണ്ടായിരുന്നില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. എനിക്കിഷ്ടപ്പെടുന്നില്ല. അതില്‍ അയ്യപ്പന് ഒട്ടും വേവലാതി യുണ്ടായിരുന്നില്ല. അയ്യപ്പന്‍ അയാളായി ജീവിച്ചു.
ഒരാള്‍ ഒരാളാവാന്‍ അയാള്‍ അയാളായാല്‍ മതി എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയതിന് ഇതാണര്‍ത്ഥം.
മനോരമ പത്രാധിപരായി ജീവിക്കാനും മരിക്കാനും അയ്യപ്പന്നാവില്ലല്ലോ. നന്നായി ജീവിക്കാത്ത ഒരാളെന്ന് പറയാതെ പറയുന്ന ഒരു കല ജര്‍ണലിസ്റ്റ് അപദാനങ്ങളില്‍ ഉണ്ടല്ലോ. രാഷ്ട്രീയത്തില്‍ മാത്രമല്ല, സാഹിത്യത്തിലും ഇത് തന്നെയാണ് അവരുടെ മാര്‍ഗ്ഗം. പഞ്ചതന്ത്രത്തിലെ കുപ്രസിദ്ധരായ തെമ്മാടികളെ പോലെ. അയ്യപ്പന്‍ എന്നൊരാള്‍ തെരുവില്‍ അല്പ സ്വല്പം കവിതകളെഴുതുകയും, അധിക സമയവും ആളുകളോട് കാശ് വാങ്ങി കള്ള് കുടിക്കുകയും ചെയ്തു. സെന്‍സേഷനാണ്. ഇക്കിളിയുണ്ടായോ നിങ്ങള്‍ക്ക്? നമ്മുടെ പത്രങ്ങളായ പത്രങ്ങളെല്ലാം ഇതാണ് ചെയ്തത്.
അയ്യപ്പന്റെ ശവ സംസ്കാരവുമായി ബന്ധപ്പെടുത്തി വേറൊരു റോളാണ് മാധ്യമങ്ങളും ബഡായി പറയുന്നവരും അഭിനയിച്ചത്. തെരുവ് കവിയെന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ ശവ സംസ്‌കാരം നടത്തുന്നതിലെ വിളംബം മുതലെടുക്കാനുള്ള ശ്രമം നടത്തി. തെരഞ്ഞെടുപ്പിന്റെ ബഹളത്തില്‍ പ്രിയ കവിയുടെ ശവ സംസ്‌കാരം ഒരപ്രസക്ത കാര്യമായി മാറാതിരിക്കാനാണ് ശവ സംസ്‌കാരം ഒരു ദിവസം കൂടി വൈകിച്ചത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന ഈ കാര്യം അവര്‍ അവഹേളനമായി ചിത്രീകരിച്ചു. ഒരു ഭാഗത്ത് അയ്യപ്പനെ തെരുവ് കവിയായി അവഹേളിക്കുക, മറുഭാഗത്ത് അയ്യപ്പനെ അവഹേളിച്ചുവെന്ന് കേരള സര്‍ക്കാറിനെ അവഹേളിക്കുക.
(രണ്ട്)
എന്താണ് അയ്യപ്പന്‍ ചെയ്തത്? അദ്ദേഹം മലയാള കവിതയുടെ വരിയുടച്ചു. ഷണ്ഡമായിരുന്ന കവിതയെ സ്വതന്ത്രമാക്കി. ഈ സ്വതന്ത്രമാക്കലിന് നെറ്റുകളിലെ സ്പാനിഷ് കവിതയിലേക്കോ അറബി കവിതയിലേക്കോ പോയില്ല. സ്വന്തം ജീവിതത്തിലേക്ക് നോക്കി. അയാള്‍ തെരുവിലേക്ക് വന്നത് ജീവനുള്ള കുറെ സത്യങ്ങളുമായിട്ടാണ്. മലയാള സാഹിത്യ മാമാങ്കത്തിലെ ചാവേര്‍ പോരാളിയായിരുന്നു അയ്യപ്പന്‍.
അനാഥമായ ബാല്യം. യൗവനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ നവ യുഗത്തിലെ പത്ര പ്രവര്‍ത്തനം. പിന്നെ കവിതയുടെ വിളി. വിളിയുണ്ടായാല്‍ പാകപ്പെടട്ടേയെന്ന് കരുതി വെച്ചു നീട്ടാനൊന്നും തയ്യാറല്ലായിരുന്നു അയ്യപ്പന്‍.
അയാള്‍ എഴുതിക്കൊണ്ടിരുന്നു. എഴുതിയെഴുതി മലയാള യൗവനത്തിന്റെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയായിരുന്നു. അയാളുടെ വിഷയം അയാള്‍ തന്നെയായിരുന്നു. എപ്പോഴും നഷ്ടമാവുന്ന പ്രണയം, സഹിക്കാനാവാത്ത വിശപ്പ്, പൂക്കാതെ പോയ കിനാക്കള്‍… എല്ലാം അയാളുടെ അനുഭവങ്ങള്‍. അതോടൊപ്പം മലയാളി യൗവനത്തിന്റെ അനുഭവങ്ങള്‍. അതു കൊണ്ട് കാംപസ്സുകള്‍ അയാള്‍ക്ക് മുമ്പില്‍ തുറന്നു നിന്നു. ഹോസ്റ്റലുകള്‍ അയാളെ കാത്തിരുന്നു. വായന ശാലകളേക്കാള്‍ അയാളെ കാത്തിരുന്നത് ചേരികളും തൊഴിലെടുക്കുന്നവരുടെ സങ്കേതങ്ങളുമായിരുന്നു.
കുരിശിലേക്ക് സ്വന്തം മാര്‍ഗ്ഗം കണ്ടെത്തി യവനായിരുന്നു അയ്യപ്പന്‍. അത്തിപ്പഴമോ വീഞ്ഞോ ഇല്ലാതെ കുരിശു മാര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ കേവലം പാളേന്തോടന്‍ പഴങ്ങളുടെ ചാറില്‍ പൊതിഞ്ഞ പ്രമുക്തിയുടെ കാതലായിരുന്നു അയ്യപ്പന്‍. ആവളയിലായാലും പേരാമ്പ്ര യിലായാലും തിരുവനന്തപുരത്തായാലും അമ്പതു രൂപ ചോദിക്കുന്ന കവി നാണയങ്ങളില്‍ നിസ്വനും കവിതയില്‍ സമ്പന്നനുമായിരുന്നു.
പ്രണയിനിയുടെ മുഖം ഏതെന്നറിയാത്ത കാമുകനായിരുന്നു കവി. ഏത് ജീവിതത്തിലും വലിയ പ്രതിസന്ധി യാകാവുന്ന ഈ നില കവി സ്വന്തം സ്വീകരിച്ചതാണ്. അകലെ നടന്നു പോവുന്ന അജ്ഞാതയായ കാമിനിയെ അയ്യപ്പന്‍ നേരില്‍ കണ്ടിട്ടുണ്ടാവില്ല. കണ്ടവരാരും കാമിനിമാരാവാന്‍ യോഗ്യരാണെന്ന് കവിക്ക് അംഗീകരിക്കാനായില്ല. അത് കൊണ്ടാണ് അയ്യപ്പന്‍ കാമിനിക്കായി ഒരു പൂവ് മരണ ശേഷവും കരുതി വെച്ചത്. ഈ പൂവ് ഹൃദയത്തിന്റെ സ്ഥാനത്തുള്ളത് കൊണ്ടാണ് അയ്യപ്പന്‍ മരണങ്ങളെ അതിജീവിച്ചത്. അങ്ങനെയാണ് മനുഷ്യന്‍ മരണങ്ങളെ അതിജീവിക്കുന്നത്. അനഭിഗമ്യയായ ഒരു പ്രണയിനി മനസ്സിലുണ്ടെങ്കിലേ വിപ്ലവം സാധ്യമാവൂ, അരി കൊടുത്തതു കൊണ്ടു മാത്രം വിപ്ലവം വരികയില്ല എന്നായിരുന്നു അയ്യപ്പന്റെ പൊരുള്‍. പുലരാത്ത പ്രഭാതങ്ങളില്‍ നിന്നും ഒടുങ്ങാത്ത മരുഭൂമികളില്‍ നിന്നുമാണ് വിപ്ലവം ഉണ്ടാവുക. സ്‌നേഹമാണ് വിപ്ലവത്തിന്റെ ത്വരകം. ആ ത്വരകമാണ് അയ്യപ്പന്‍ നമുക്ക് കാണിച്ചു തരാന്‍ ശ്രമിച്ചത്. ഭൗതികതയുടെ സ്‌നേഹ പരിസരം കാണാനാവാത്ത സാഹിത്യാ സ്വാദകര്‍ക്ക് അയ്യപ്പനെ മനസ്സിലാവു മായിരുന്നില്ല. ഈ സ്‌നേഹ പരിസരമാണ് അയ്യപ്പന്റെ കവിതകളില്‍ ഉടനീളമുള്ളത്. അതു കൊണ്ട് വരികളിലെല്ലാം സ്‌നേഹവും ശോകവും വിളയുകയായിരുന്നു. അസാധാരണമായ ഈ വിള കണ്ട് അയ്യപ്പന്‍ സ്വയം ചിരിച്ചു പോയിരിക്കണം. ദുരന്തമാണ് വിപ്ലവമുണ്ടാക്കുന്നത്.
അനുമാന ങ്ങള്‍ക്കൊന്നു മര്‍ത്ഥമില്ലാ ത്തവണ്ണം കവിതയുടെ കൃഷി നിലമായിരുന്നു ആ മനസ്സ്.
വാന്‍ഗോഗിനെ എന്താണ് ഈ കവി ഇത്രമേല്‍ ഇഷ്ടപ്പെടുന്നത് ? അത്ര മേല്‍ സാദൃശ്യം രണ്ടു ജീവിതങ്ങള്‍ തമ്മിലുണ്ട്. മുഖമില്ലാത്ത ഒരു കാമിനി ഇരുവര്‍ക്കുമുണ്ട്, എന്നത് മാത്രമല്ല ആ സാദൃശ്യം. വിശപ്പറിയു ന്നവരായിരുന്നു രണ്ടു പേരും. ഉരുളക്കിഴങ്ങ് ചുട്ട് തിന്നുന്നവരെ പറ്റിയാണ് വാന്‍ഗോഗിന്റെ വിഖ്യാതമായ ഒരു പെയിന്റിങ്ങ്. എത്ര ഹൃദയഹാരിയായിരിക്കും വിശന്നിരിക്കുന്നവന് ആ മണം? അയ്യപ്പന്റെ ഇമേജറിയില്‍ ഉരുളക്കിഴങ്ങ് വഴങ്ങില്ല.
കുഷ്ടരോഗി വച്ചു നീട്ടുന്ന
അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ്
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടന്‍…
മാത്രമല്ല, കവിയുടെ കവിതകളില്‍ കാമിനിക്ക് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. അവള്‍ ഭൗമ തലത്തിലുള്ളവളല്ല. ഉണ്ടാവാം. കവി അവളെ കണ്ടിട്ടില്ല. ഭൂമിയിലെമ്പാടുമുള്ള സകലമായ സ്‌ത്രൈണതയുമാണ് ആ കാമിനിയുടെ രൂപം. അല്ലെങ്കില്‍ അവള്‍ രൂപ രഹിതയായ ഒരു മാലാഖയാണ്. അവളെ ഒരിക്കലും വാന്‍ ഗോഗിന് ഭൗതികമായി ലഭിക്കുമായിരുന്നില്ല. അയ്യപ്പനും ലഭിക്കുമായിരുന്നില്ല. അതു കൊണ്ടാണ് വാന്‍ ഗോഗിനോട് അയ്യപ്പന്‍ വളരെ വൈകിയാണെങ്കിലും ഒരുമുന്നറിയിപ്പ് നല്കിയത്.
ബോധം നശിക്കാതെ കുടിക്കാന്‍ കവിക്ക് കഴിയുമായിരുന്നു. അമ്പത് രൂപയുടെ കുടിയായതു കൊണ്ടല്ല, എത്ര രൂപയുടെ കുടി കുടിച്ചാലും ആ മനസ്സില്‍ കവിത ചുരന്നു കൊണ്ടിരുന്നു. കുടിക്കുമ്പോഴും ജീവിതം തന്നെയെന്താണ് പഠിപ്പിക്കുന്ന തെന്നായിരുന്നു കവി കാത്തു കൊണ്ടിരുന്നത്. കണ്‍കളില്‍ മയക്കം മൂടുമ്പോഴും ഈ കവി വെളിച്ചത്തിന്റെ പോരാളിയായി അവശേഷിച്ചത് അതു കൊണ്ടാണ്. താന്‍ കീഴടക്കാനുദ്ദേശിക്കുന്ന മനസ്സുകളേതെന്ന് ഈ പോരാളി ക്കറിയാമായിരുന്നു. ആ അറിവ് അയാള്‍ മദ്യം കൊണ്ട് മറച്ചു വെച്ചു.
അയ്യപ്പന്റെ ജീവിതം നേര്‍രേഖ യിലൂടെയായിരുന്നു. അത് വക്രമാണെന്ന് നമുക്ക് വെറുതെ തോന്നിയതാണ്. ഒരു ബോറന്‍ കവി കവിത വായിക്കുമ്പോള്‍ കൂവുന്നത് ഈ ആര്‍ജ്ജവം കൊണ്ടായിരുന്നു. തന്റെ ആര്‍ജ്ജവം ആത്മ വഞ്ചനയാല്‍ മൂടി വയ്ക്കാന്‍ അയ്യപ്പന് കഴിയില്ലായിരുന്നു. ആ നേര്‍ രേഖ വരാനിരിക്കുന്ന വസന്ത കാലത്തിലേക്കായിരുന്നു. സത്യത്തില്‍ അമ്പതു രൂപയ്ക്കായുള്ള ആ കൈനീട്ടല്‍ കരളുകള്‍ തേടിയുള്ള യാചനയായിരുന്നു. അതിന് ആധുനിക കാലത്തിന്റെ മൂല്യം ഒരു പ്രതീകമാക്കുകയാണ് അയ്യപ്പന്‍ ചെയ്തത്.
വാന്‍ ഗോഗ്,
വേനലിനെ സൂര്യകാന്തിയെ പോലെ സ്‌നേഹിച്ചവനെ,
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നേരമ്പോക്കുകാരനാവാം.
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്‌നങ്ങളുടെ
ഏണിയും പാമ്പും കളിയിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്‌നേഹിത, കീറച്ചെവിയെ സ്‌നേഹിച്ചവള്‍?
സമ്മാനങ്ങള്‍ സ്വീകരിച്ചു കഴിയുമ്പോള്‍ അവള്‍ കവിയെ വിട്ടു പോവുകയാണ്. അതു കൊണ്ടേ്രത കവി മരിക്കാനുള്ള മണ്ണ് സ്വന്തമായി തെരഞ്ഞെടുത്തത്. ആരോടും പറയാതെ, തെരുവിന്റെ ഓരം ചേര്‍ന്നല്ല, ധൃതിയിലോടി പ്പോവുന്ന ശകടത്തിന്റെ വിളി കേട്ട് നിത്യ നിദ്രയിലേക്ക് പോയത്.
അയ്യപ്പന്റേത് ആത്മഹത്യ യായിരുന്നില്ല. സ്വത്വത്തിന്റെ ഹത്യയായിരുന്നു. സ്വത്വം നിലനില്ക്കുമ്പോള്‍ തനിക്ക് ലോക മനസ്സാക്ഷിയാവാന്‍ കഴിയില്ലെന്ന് നെരൂദയെ പോലെ അയ്യപ്പന്‍ അറിഞ്ഞിരുന്നു.
ഗ്രീഷ്മമാണ് കവിയുടെ സഹചാരി. പൊള്ളലാണ് കവിയുടെ യോഗം.
ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍
ഗ്രീഷ്മമേ സഖി, നമുക്കൊരൂഷ്മള-
ദീപ്തിയാര്‍ന്നൊരീ മദ്ധ്യാഹ്ന വേനല്‍
എത്രമേല്‍ സുഖം, എത്രമേല്‍ ഹര്‍ഷം
എത്രമേല്‍ ദു:ഖമുക്തി പ്രദാനം.
ഉടുക്കു കൊട്ടിപ്പാടിത്തളര്‍ന്നൊരെന്‍
മനസ്സൊരല്പം ശക്തിയില്‍ വീശും.
കൊടുംകാര്രുതന്‍ രുദ്രമാം മുഖം
മറന്നൊരല്പം ശാന്തമാകട്ടെ.
സാന്ത്വനത്തിന്‍ രുചിയറിയട്ടെ
ഇവിടെ കവി ഉന്മാദാവസ്ഥയില്‍ നിന്ന് രക്ഷ നേടാനുള്ള വ്യഗ്രതയിലും അതിന് ഏതെങ്കിലും സാന്ത്വനത്തിനു വേണ്ടിയുള്ള വിലാപത്തിലുമാണ്. കവിയനുഭവിക്കുന്ന വിഹ്വലതയുടെ ആഴം ആര്‍ക്കാണളന്നു തിട്ടപ്പെടുത്താനാവുക? ഇരുട്ടിന്റെ കയങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ബദ്ധപ്പാടില്‍ കടുത്ത മദ്ധ്യാഹ്നങ്ങളേയും കൊടും ചൂടിനേയും ഗ്രീഷ്മര്‍ത്തുവിനേയും പറ്റി എവിടേയും വാചാലനാവുന്ന അയ്യപ്പനെ നമുക്ക് കാണാം. തണുപ്പിലല്ല, ഉഷ്ണത്തില്‍ സുഖം കണ്ടെത്തുന്ന, എരിവിഷ്ടപ്പെടുന്ന ജീവിതമാണത്. അമ്ലമാണവന്ന് പാനീയം. ജീവിത ദുരിതങ്ങളാണ് ഈയമ്ലം.
(മൂന്ന്)
അയ്യപ്പന്‍ യാത്രയിലാണ്. സദാ പറക്കുന്ന പക്ഷിയായിരുന്നു അയ്യപ്പന്‍. യാത്രയിലാണ് അയ്യപ്പന്‍ മരിച്ചത്. പക്ഷേ എന്തായിരുന്നു അയാള്‍ക്ക് യാത്ര? ചരിത്രമായിരുന്നു അത്. മാലാഖേ, നിന്നെ ഒരു നോക്ക് കണ്ടാല്‍ മതി, അതാണ് മഹാദുരിതം, എന്റെയീ മഹാ യാത്രയില്‍ ചരിത്രത്തിന്റെ ഒരു ചെറു തൂവലെങ്കിലും എനിക്കായി നീ അവശേഷിപ്പി ക്കുകയില്ലേ? പക്ഷേ, ആരുമത് വിശ്വസിക്കുകയില്ല. ആ കാറ്റിന്റെ ശബ്ദങ്ങളാണ് ഞാന്‍. അവര്‍ക്ക് സ്ത്രീയെ അറിയില്ല. അറിയാവുന്നത് അവര്‍ സ്നേഹത്തെ സ്‌നേഹിക്കുന്നുവെന്ന് മാത്രം (ഹെര്‍മ്മന്‍ ഹെസ്സെയുടെ അലച്ചിലുകള്‍)
ലൈംഗികമായ എല്ലാറ്റിനെയും തീര്‍ത്ഥാടനം അലിയിച്ചു കളയുന്നു. വല്ലാത്ത ഒരു പ്രേരണയാണത്. ഈ പ്രേരണയാണ് അയ്യപ്പന്‍ കവിതയുടെ കാതല്‍. അത് മനുഷ്യരുടെ സകല ദു:ഖവും സംവഹിക്കാനുള്ള പ്രമുക്തിയുടെ നല്‍ വരമാണ്. ഇംഗ്ലീഷില്‍ Redemption എന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഈ പ്രമുക്തി എവിടെ നിന്നാണ് മനുഷ്യന് ലഭിക്കുക? ചരിത്രത്തെ അറിയുന്നതില്‍ നിന്ന്.
നാഴികക്കല്ലുകളും
ശിലാ ലിഖിതങ്ങളും
പുസ്തകങ്ങളുമല്ല ചരിത്രം;
യാത്രയാണ്.
ഈ യാത്രകളില്‍ നിന്നറിഞ്ഞ കാവ്യ നിയമങ്ങളാണ് അയ്യപ്പന്റെ കവിതകളിലുള്ളത്. താന്‍ കണ്ട മനുഷ്യര്‍ ശ്ലോകത്തിലോ പദ്യത്തിലോ അല്ല, ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത്. അതിന് ചിലപ്പോള്‍ താളമുണ്ട്. ആ താളവും താള രാഹിത്യവുമെല്ലാം അയ്യപ്പന്റെ കവിതകളിലുണ്ട്. ചിലപ്പോള്‍ കേകയോ കാകളിയോ ആയനുഭവപ്പെടുന്ന വരികള്‍ വഴിയില്‍ മുറിഞ്ഞു വീണു പിടയുന്നത് കാണാം.
ശുഷ്‌കമാം മരച്ചില്ല. പാടാത്തകിളി, സന്ധ്യ,
തിക്തമീ ജലപാനം കപ്പല്‍ച്ചേതത്തിന്‍ കാഴ്ച.
ഈ കവിത അവസാനമാകുമ്പോള്‍ ഈ താളമെല്ലാം എവിടെയോ പോയി മറയുന്നു.
കടങ്കഥയുടെ മുദ്ര പൊട്ടിച്ചവര്‍
ഭ്രാന്തമായ കഥകള്‍ പറയുന്നു.
എന്നാണീ കാവ്യ ഭാഗം അവസാനിക്കുന്നത്. ഷെല്ലി പാടിയതു പോലെ കാവ്യ നിയമമുള്‍പ്പെടെ എല്ലാ നിയമവും ആവിഷ്‌കരിക്കുന്നത് കവികള്‍ തന്നെ.
(നാല്)
തെരുവില്‍ ജീവിച്ചിരുന്നിരിക്കാം ഈ കവി. പക്ഷേ, അദ്ദേഹം അറിഞ്ഞതിനേക്കാള്‍ വിശപ്പ് നിങ്ങളാരും അറിഞ്ഞിരിക്കില്ല. അദ്ദേഹം സ്‌നേഹിച്ച അളവില്‍ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം ദര്‍ശിച്ചതിനേക്കാള്‍ മനോജ്ഞമായ ഒന്നും നിങ്ങള്‍ കണ്ടിട്ടില്ല. കാരണം അയ്യപ്പന്‍ കൈ നീട്ടുന്നത് അമ്പത് രൂപയ്ക്കല്ല, ഹൃദയങ്ങള്‍ക്കു വേണ്ടിയാണ്. അമ്പതു രൂപ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവുന്ന ഒരേയൊരു മൂല്യമായതിനാലാണ്, അയ്യപ്പന്‍ അമ്പത് രൂപയിലൂടെ നിങ്ങളുടെ ഹൃദയം തേടുന്നത്.
ആ ജീവിതം തെരുവില്‍ പൊലിഞ്ഞു പോയി. മനോരമാദികള്‍ക്ക് ഇതില്‍ പരം എന്താണ് ആഘോഷിക്കാനുള്ളത്. വിശപ്പറിയുന്ന പൊരിയലില്‍ നിന്ന് പറന്നുയരുന്ന പാറ്റകളാണ് കവിതകളെന്ന് ഇതര കവികളോടൊപ്പം അയ്യപ്പനും അറിഞ്ഞിരുന്നു.
യോഗ്യനായ എതിരാളി യില്ലാത്തതു കാരണം അയ്യപ്പന്‍ തന്നെ പറ്റി മാത്രമാണ് പാടിയത്. കാരണം വാളിന്റേയും വാക്കിന്റെയും ഉപയോഗത്തില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.
– സി. പി. അബൂബക്കര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cp-aboobacker