മികച്ച പുസ്തക പുറം ചട്ടയ്ക്കുള്ള ഈ വര്‍ഷത്തെ ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിനു ലഭിച്ചു. “ഒരുമ്മ തരാം”, “ചരക്ക്” എന്നീ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ദേവ പ്രകാശ് രൂപകല്‍പ്പന ചെയ്ത വിവിധ പുസ്തകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. 5001 രൂപയും, ആദര ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങളില്‍ ഏറ്റവും അധികം കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ച റെക്കോഡിന് ഉടമായിരുന്നു കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും ആയിരുന്ന ശങ്കരന്‍ കുട്ടി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റും, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കും എന്ന് ട്രസ്റ്റിനു വേണ്ടി ഹരിശങ്കര്‍, കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ അറിയിച്ചു.
ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, ചിത്രകാരന്‍ അനൂപ് കാമത്ത്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
ദേവപ്രകാശ് രൂപകല്‍പ്പന ചെയ്ത പുസ്തക പുറം ചട്ടകള്‍
ഇടുക്കി കുളമാവ് സ്വദേശിയായ കല്ലട പറമ്പില്‍ ദേവ പ്രകാശ് തിരുവനന്ത പുരം ഫൈന്‍ ആര്‍ട്ട്സ് കോലജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ബിരുദം നേടിയ ശേഷം പത്ത് വര്‍ഷമായി ഡിസൈന്‍ രംഗത്ത പ്രവര്‍ത്തിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ മാസികകളിലും പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഡിസൈനുകളും ഇലസ്ട്രേഷനുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. 2008ല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍ നല്‍കിയ മികച്ച ഇലസ്ട്രേറ്റര്‍ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുസ്തകം