Monday, May 12th, 2008

ഊട്ടിയില്‍ നടന്ന തമിഴ് മലയാളം കവി സംഗമത്തില്‍ നിന്ന്

പ്രസിദ്ധ തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഒരു ദിവസം രാവിലെ എന്നെ വിളിച്ച് ഊട്ടിയില്‍ ഒരു തമിഴ്-മലയാള കവിതാ ക്യാമ്പ് മെയ് മാസത്തില്‍ നടക്കുന്നുണ്ടെന്നും അതിലേക്ക് എന്നെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വരാമോ എന്നും ചോദിച്ചു. അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. ജയമോഹന്‍ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരനാണ്. വ്യക്തിപരമായി അടുപ്പമില്ലാത്ത ഒരു എഴുത്തുകാരനും എന്നെ ഇതേവരെ വിളിച്ചിട്ടില്ല. കവിതകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുക്കയോ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുമല്ല. ഹരിതകത്തില്‍ നിന്ന് പി.പി.രാമചന്ദ്രന്‍ മാഷാണ് ഒരു ലിസ്റ്റ് തയ്യാറാക്കി കൊടുത്തത്… അതില്‍ നിന്നാണത്രേ അദ്ദേഹം എന്നെയും തെരഞ്ഞെടുത്തത്. ജയമോഹനെ പോലെ വലിയ ഒരെഴുത്തുകാരന്‍ വിളിച്ചതിന്റെ ആനന്ദം എനിക്ക് മറച്ചു വെക്കാനാവുമായിരുന്നില്ല. തസ്കര ഗോത്രങ്ങളെക്കുറിച്ച് എഴുതിയ, പന്നിക്കും ചായ വാങ്ങിക്കൊടുക്കുന്ന തോട്ടികളെക്കുറിച്ച് എഴുതിയ ജയമോഹന്‍…

അതേ തുടര്‍ന്ന് എന്റെ പത്തു കവിതകള്‍ ഞാന്‍ ജയമോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അധികം വൈകാതെ ആ മനുഷ്യന്‍ അതിന് മറുപടിയും അയച്ചു:

Dear Vishnu,

Just read and translated your poems. Only one poem about stone god is not so good. It is very conventional. All other poems are really beautiful. You have a spontaneous sharp poetic diction and fresh imagery. Recently I am not listening poetry in Malayalam, because I am not reading malayalam magazines in these days. So I have not listened you till now. I don’t know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets. Never give a dime to them. Never cater for them. What you are writing now is definitely on the path of great poetry, and it will be recognized once.

Jeyamohan

മലയാളത്തില്‍ നിന്ന് ഒന്‍പതു കവികള്‍ ഉണ്ടായിരുന്നു. പി.പി രാമചന്ദ്രന്‍, കല്പറ്റ നാരായണന്‍, അന്‍‌വര്‍ അലി, പി രാമന്‍, സെബാസ്റ്റ്യന്‍, എസ്.ജോസഫ്, വീരാന്‍ കുട്ടി, ബിന്ദു കൃഷ്ണന്‍ എന്നിവര്‍. എല്ലാവരും പ്രഗത്ഭര്‍. സത്യത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഒരു ഭയം എനിക്ക് ഉണ്ടായി. അടുത്ത കാലത്തൊന്നും ഒരു കവിത പോലും അച്ചടി മാധ്യമങ്ങളില്‍ വരാത്ത, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത (ചുവപ്പ് പച്ച കറുപ്പ്…മറക്കുന്നില്ല) തമിഴോ ഇംഗ്ലീഷോ എന്തിന് മലയാളം തന്നെ നന്നായി സംസാരിക്കാനറിയാത്ത ഞാന്‍ എന്തിനാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നും പങ്കെടുത്തിട്ട് എന്ത് വിശേഷമെന്നും കരുതിയിരുന്നു. ഒന്നു രണ്ടുസുഹൃത്തുക്കള്‍ എന്റെ മനോഭാവം മനസ്സിലാക്കി സ്നേഹപൂര്‍വം പോകണമെന്ന് ഉപദേശിച്ചു.

മെയ് 1,2,3 തീയതികളിലായിരുന്നു ക്യാമ്പ്. ദേവതച്ചന്‍, സുകുമാരന്‍, മോഹനരംഗന്‍, വാ.മണികണ്ഠന്‍, മകുടേശ്വരന്‍, യുവന്‍, രാജാ സുന്ദര രാജന്‍ എന്നീ തമിഴ് കവികളായിരുന്നു തമിഴിനെ പ്രതിനിധാനം ചെയ്തിരുന്നത്. അയച്ചു കൊടുത്ത കവിതകള്‍ ജയമോഹന്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അതു പോലെ തമിഴ് കവിതകള്‍ മലയാളത്തിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ഹരിതകത്തില്‍ വായിക്കാം. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ജയമോഹന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇങ്ങനെ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളകവിതകള്‍ എല്ലാ തമിഴ് കവികള്‍ക്കും ജയമോഹന്‍ നേരത്തേ അയച്ചു കൊടുത്തു. ജയമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമിഴ് കവിതകള്‍ പി.പി.ആര്‍ പങ്കെടുക്കുന്ന മലയാള കവികള്‍ക്കെല്ലാം മുന്‍‌കൂട്ടി എത്തിച്ചു കൊടുത്തു.

ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യചൈതന്യ യതിയുടെ ആശ്രമമായ ശ്രീനാരായണ ഗുരു കുലത്തിലായിരുന്നു ക്യാമ്പ്. ഭക്ഷണത്തിനോ താമസത്തിനോ രജിസ്ട്രേഷന്‍ ഫീസ് ഒന്നും വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഞാന്‍ ജയമോഹന് ഫോണ്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അരുള്‍മൊഴിയാണ് ക്യാമ്പിന്റെ ചെലവുകളെല്ലാം വഹിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. (ഇത് ഏകദേശം പതിനായിരം രൂപ വരുമത്രേ). വേറൊന്ന് ഇത്തരത്തിലുള്ള കവി സംഗമങ്ങള്‍ ജയമോഹന്‍ ആദ്യമായല്ല സംഘടിപ്പിക്കുന്നത് എന്നാണ്. കുറ്റാലത്ത് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ക്യാമ്പിനെ പറ്റി ജയമോഹന്‍ എഴുതിയത് ഓര്‍ക്കുന്നു. അക്കാലത്ത് ജയമോഹന്‍ ഭാഷാപോഷിണിയില്‍ കുറച്ച് ലേഖനങ്ങള്‍ ചെയ്തിരുന്നു. അതില്‍ നിന്നു കിട്ടിയ കാശു കൊണ്ടാണത്രേ ആ ക്യാമ്പ് സംഘടിപ്പിച്ചത്!

കേരളത്തിലും ഇത്തരം കവി സദസ്സുകള്‍ ഉണ്ടായിരുന്നുവെന്ന് പി.പി.ആര്‍. ഓര്‍ക്കുന്നു. എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്നിരുന്ന അത്തരമൊരു സദസ്സില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും പി.പി.ആര്‍. പറഞ്ഞു. ഇത്തരുണത്തില്‍ കേരളത്തില്‍ അക്കാദമിക്കായും അല്ലാതെയും നടക്കുന്ന കവിതാ ക്യാമ്പുകളെ ഒന്ന് വിലയിരുത്തുന്നത് രസകരമായിരിക്കും. ഞാന്‍ അവസാനമായി പങ്കെടുത്ത ഒരു ക്യാമ്പ് മന്ചേരിയില്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു ക്യാമ്പാണ്. എത്രയോ യുവ എഴുത്തുകാര്‍ അതില്‍ പങ്കെടുത്തിരുന്നു. നമ്മുടെ ലതീഷ്മോഹനൊക്കെ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ ഈ യുവ എഴുത്തുകാര്‍ മുതിര്‍ന്ന എഴുത്തുകാരുടെസുദീര്‍ഘങ്ങളായ പ്രസംഗങ്ങള്‍ക്ക് ഇരുന്നുകൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ ഒരു കവി ഹസ്സനെ (ആരും അറിയാന്‍ വഴിയില്ല, ഇപ്പോഴും) പ്പോലെ പ്രതിഭയുള്ള ഒരു പാവം പിടിച്ച ചെറുപ്പക്കാരനെ തന്റെ ജാട ഒന്നു കൊണ്ടു മാത്രം ആക്ഷേപിക്കുന്നതുംകേട്ട് ഇരിക്കേണ്ടി വന്നു ആ ക്യാമ്പില്‍. അതിനു ശേഷം ഞാന്‍ ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.

കവിതകളെ എങ്ങനെയാണ് വിലയിരുത്തിയത് എന്നൊക്കെ പി.പി.ആറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തിന് അവസാന ദിവസം ഒരു ഫീഡ് ബാക്ക് സെഷന്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പങ്കെടുത്ത എല്ലാ കവികളുടെയും നാലഞ്ചു കവിതകള്‍ അതാതു കവികള്‍ക്ക് വായിക്കാനുംഅവയെല്ലാം ഏതു നിലയ്ക്കായാലും വിലയിരുത്തപ്പെടാനും അവസരമുണ്ടായി. രാമന്‍, യുവന്‍ തുടങ്ങിയ കവികള്‍ ചര്‍ച്ചയിലുടനീളം ഇടപെട്ടിരുന്നു. തന്റേതടക്കമുള്ള പുതിയ കവിത ഭാഷാനുഭവം നല്‍കുന്നില്ലെന്നായിരുന്നു രാമന്റെ പ്രധാന പരാതി. പുതിയ കവിത ഒരു ഇമേജോ കൌതുകമോ ഒക്കെ ആയി നില്‍ക്കുന്നുവെന്നാണ് രാമനും പി.പി.ആറുമൊക്കെ പറയുന്നത്.

വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റായ്ക, ഇന്ന കവിത എന്ന് കൃത്യമായി പറയാന്‍ പറ്റായ്ക – പകരം ഇന്ന ഇന്ന ആശയങ്ങളുള്ള കവിത എന്ന് പലപ്പോഴും കവിതാസ്വാദകര്‍ക്കും കവികള്‍ക്കും ഓര്‍ക്കേണ്ടി (ഓര്‍മപ്പെടുത്തേണ്ടി) വരിക തുടങ്ങിയ ദോഷങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രാമന്‍ ക്യാമ്പില്‍ വായിച്ച പല കവിതകളും ഈയൊരു പ്രശ്നത്തോടുള്ള അയാളുടെ പ്രതികരണങ്ങളായാണ് വായിക്കപ്പെട്ടത്. ജോസഫ് മീന്‍‌കാരന്‍ വായിച്ചത് എനിക്ക് നല്ല ഒരു ഓര്‍മയാണ്. ആ കവിതയുടെ പ്രത്യേകത തന്നെയാണത്. ബിന്ദുകൃഷ്ണന്റെ ചൊല്ലിച്ചൊല്ലി എന്ന കവിത ശ്രദ്ധേയമായി. വീരാന്‍ കുട്ടി തന്റെ പ്രസിദ്ധമായ പൂത്തപടി എന്ന കവിത അവതരിപ്പിച്ചു. കാറ്റേ കടലേ, വിണ്ട ശില്പം തുടങ്ങിയ കവിതകളാണ് പി.പി ആര്‍ അവതരിപ്പിച്ചത്.

ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!

കാറ്റേ കടലേ എന്ന കവിതയിലെ കിണ്ടി ഒരു സവര്‍ണബിംബമാണെന്ന മട്ടിലൊക്കെ ഒരു വിമര്‍ശനം വീരാന്‍ കുട്ടി തൊടുത്തുവെച്ചിരുന്നു. അടുത്തകാലത്ത് ഒരുപ്രതിരോധോപകരണം (എക്സ്പ്രെസ്സ് ഹൈവേ പ്രശ്നം) എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ഏക കവിതയാണ് കാറ്റേ കടലേ എന്ന കവിത. ആരുടെയുംആഹ്വാനമില്ലാതെ നാട്ടുകാര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് എന്‍‌ലാര്‍ജ് ചെയ്ത് വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഒട്ടിച്ചു വെച്ച കവിതയാണത്. മലയാളിയുടെ വിമര്‍ശനത്തിലെ കാപട്യം തിരിച്ചറിയാന്‍ ഇതൊക്കെ പോരേ… 🙂

കൊച്ചുകുഞ്ഞുങ്ങളുടെ
കോട്ടുവായിടുമ്പോഴത്തെ ഭാവം
എനിക്കിഷ്ടമാണ്.
ഒരു സ്വാദുമില്ല ജീവിതത്തിന്.
എന്നിട്ടവര്‍ വലിയ മുഷിച്ചിലോടെ
ലോകത്തിന് പുറംതിരിഞ്ഞ് കിടക്കും.

(കവിത-വന്നിട്ടധികമായില്ല)

കല്പറ്റ നാരായണന്റെ ഈ കവിത അവിടെ പലരും അയവിറക്കുന്നതു കണ്ടു. ഈ കവിത എന്നെ ഓര്‍മിപ്പിച്ചത് പി രാമന്റെ പുറപ്പാട് എന്ന കവിതയാണ്. അമ്മയെ നോക്കി കുതിച്ചു ചാടുന്ന, അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന കുട്ടന് ‍(ചെറിയ കുഞ്ഞ്) ഒരു ദിവസം സന്ദര്‍ശകര്‍ വന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരോടോപ്പം പോകാന്‍ നോക്കുന്നു. അമ്മ കൈ നീട്ടിയിട്ടും തിരിച്ചു വരുന്നില്ല . തുടര്‍ന്ന് കവിത ഇങ്ങനെ:

അപ്പോള്‍ ഞാനറിഞ്ഞു, എന്റെ കുട്ടാ,
വിരസത നീ രുചിച്ചു കഴിഞ്ഞു.
മടുപ്പ് നീ മണത്തു.
നീ പുറപ്പെട്ടിരിക്കുന്നു…

അന്‍‌വര്‍ അലിയുടെ കവിതകള്‍ ക്യാമ്പില്‍ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നൊരു അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മിക്കതിനും റഫറന്‍സ് ആവശ്യമായി വരുന്നുവെന്നതാണ് ഒരു ദോഷമായി പല തമിഴ് കവികളും ചൂണ്ടിക്കാട്ടിയത്. താനിപ്പോള്‍ തനിക്കു വേണ്ടിത്തന്നെയാണ് കവിതയെഴുതുന്നതെന്നതായിരുന്നു അന്‍‌വറിന്റെ മറുപടി.

തമിഴില്‍ ദേവതച്ചന്റെയും യുവന്റെയും കവിതകള്‍ എനിക്ക് ഇഷ്ടമായി. ദേവതച്ചന്‍ അവിടെ വായിച്ച ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് എന്ന കവിതയും വായിക്കാഞ്ഞ സഞ്ചി എന്ന കവിതയും എനിക്ക് ഇഷ്ടമായ രചനകള്‍ ആണ്. യുവന്റെ ഈ കവിത നോക്കൂ

പച്ചക്കറി വണ്ടിയില്‍ ഊട്ടിയിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ പുതിയ സമാഹാരത്തിന്റെ (കണ്ണിലെഴുതാന്‍ -പ്രണയ കവിതകള്‍) കോപ്പികള്‍ കൊണ്ടുവന്നിരുന്നു.
എനിക്കും കിട്ടി കണ്ണിലെഴുതാന്‍ ഒന്ന്.

എന്നെ സംബന്ധിച്ച് ഈ ക്യാമ്പ് പലതരത്തില്‍ പ്രയോജനപ്പെട്ടു. മലയാളത്തിലെ തന്നെ ഇതു വരെ പരിചയപ്പെടാന്‍ പറ്റാതിരുന്ന പല കവികളെയും നേരില്‍ പരിചയപ്പെടാനും മൂന്നു ദിവസം ഒരുമിച്ചു കഴിയാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഏറ്റവും ആഹ്ലാദകരമായ സംഗതി. മറ്റൊന്ന് ഏതു നിലയ്ക്കായാലുംകവിതകള്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തത്. തമിഴന്റെയും മലയാളിയുടെയും പ്രതികരണത്തിലെ വ്യത്യാസവും എനിക്ക് കാണാന്‍ കഴിഞ്ഞു. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കൂടുന്നത്, കെട്ടിപ്പിടിക്കുന്നത്, ഓട്ടോഗ്രാഫ് ചോദിക്കുന്നത്…എല്ലാം കുറച്ചു നേരം എന്നെ വികാരാധീനനാക്കി.

ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ലേശം ആത്മവിശ്വാസം എനിക്കു കൂടി എന്നു പറഞ്ഞാല്‍ നുണയാവില്ല. ക്യാമ്പ് വര്‍ത്തമാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഒരു സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണം എന്ന് പകുതി കളിയായി ഉപദേശിക്കുകയും ചെയ്തു.
– വിഷ്ണുപ്രസാദ്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

13 അഭിപ്രായങ്ങള്‍ to “ഊട്ടിയില്‍ നടന്ന തമിഴ് മലയാളം കവി സംഗമത്തില്‍ നിന്ന്”

  1. Anonymous says:

    ഒട്ടും അറിയപ്പെടാത്ത,വെറുതെ മിണ്ടാതെ ഇരുന്ന, പ്രതിഭാശാലിയായ ഹസ്സന്‍ എന്ന ചെറുപ്പക്കാരനെ (അയാളുടെ അയപ്പെടാത്ത പ്രതിഭയില്‍ അസൂയ മൂത്തായിരിക്കണം) ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു പ്രകോപനവുമില്ലാതെ തന്റെ ജാടകൊണ്ടുമാത്രം ആക്ഷേപിച്ചതു കഷ്ടമായിപ്പോയി.(ജാടകൊണ്ടു മാത്രം ഒരാളെ ആക്ഷേപിക്കാന്‍ കഴിയുന്നത് എങ്ങിനെയെന്നോ, അതിനു ഹസ്സനെത്തന്നെ എന്തിനു തിരഞ്ഞെറ്റടുത്തു, എന്നോ ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.)

  2. Anonymous says:

    ഒരിക്കല്‍ ജയമോഹന്റെ ‘കൂട്ടായ്മ‘ യില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്.മലയാളത്തിലെ വലിയ കവികളുടെ കവിതകള്‍ പുസ്തകം നോക്കിയെങ്കിലും തെറ്റു കൂടാതെ ചൊല്ലാനോ, അര്‍ത്ഥം പറയാനോ, ഒരു മലയാള വാക്യം പോലും അക്ഷരത്തെറ്റു കൂടാതെ എഴുതാനോ കഴിവില്ലാത്തയാളാണു ജയമോഹന്‍ എന്നെനിക്കു ബോധ്യപ്പെട്ട കാര്യമാണ്. ആര്‍ക്കും ഇക്കാര്യം പരിശോധിക്കം. സാഹിത്യ മാഫിയ ഉണ്ടാക്കി ആളാകാന്‍ ശ്രമിക്കുന്ന അല്പനാണ് ജയമോഹന്‍

  3. ശ്രീകുമാര്‍ കരിയാട്‌ says:

    jayamohavalayangal !

  4. Anonymous says:

    എസ്രാ പ‌ഉണ്ടിന്റെ കാലഹരണപ്പെട്ട ആശയങ്ങളുമായി മലയാളകവിതയെ ഭരിക്കാന്‍ മോഹിച്ചു വരുന്ന ജയമോഹന്റെ ക്ലിക്കിനെ ഒരിക്കല്‍ കെ.ആര്‍.ടോണി തൊലിയുരിച്ചുവിട്ടതാണ്.ജയമോഹന്റെ അക്ഷരത്തെറ്റൂകള്‍ക്ക് അദ്ദേഹത്തിന്റെ കത്തുകള്‍ തെളിവുകളായുണ്ട് പലരുടെ കയ്യിലും. കുമാരനാശാനേക്കാളും വലിയ കവി കല്പറ്റ നാരായണനാനെന്നു പരയാന്‍ ഉളുപ്പില്ലാത്ത ജയമോഹന്‍ മലയാളത്തിലെ മന്ദബുദ്ധികളെ കൂട്ടി അവരുടെ ആചാര്യനായി മലയാളകവിതയുടെ ഗതി നിയന്ത്രിക്കാമെന്നു വ്യാമോഹിക്കുന്നു. കവിതയിലെ പുതിയ തലമുറ ഇത്തരം കള്ളദൈവങ്ങളെയും വ്യാജസിദ്ധന്മാരെയും തിരിച്ചറിയുകതന്നെ ചെയ്യും.

  5. Anonymous says:

    ആത്മപ്രശംസയില്‍ ഡി.വിനയചന്ദ്രനോടും കല്പറ്റ നാരായണനോടും സുഭാഷ്‌ചന്ദ്രനോടും പ്രിയ ഏ.എസ്സിനോടുമൊക്കെ മത്സരിക്കാനാണോ വിഷ്ണുവിന്റെപുറപ്പാട്?

  6. മനോജ് കുറൂര്‍ says:

    ഇതില്‍ അനോണിമസ് ആയ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ബൂലോകകവിതയില്‍ പോസ്റ്റ് ചെയ്ത കമന്റുമായി ചേര്‍ത്തുവച്ച് അതു ഞാനാണോ എന്നു ചില സുഹൃത്തുക്കള്‍ അന്വേഷിച്ചു.അനോണിമസ് ആയി കമന്റ് എഴുതിയിരിക്കുന്നത് ഞാന്‍ അല്ല്ല എന്നു പറയാന്‍ മാത്രമാണ് ഈ കുറിപ്പ്. ഞാന്‍ എഴൂതിയ കമന്റ് ഈ ലിങ്കില്‍ കാണാം.http://boolokakavitha.blogspot.com/2008/05/blog-post_4683.html

  7. മനോജ് കുറൂര്‍ says:

    അനോണിമസ് ആയി കമന്റെഴുതിയ ആള്‍(ക്കാര്‍) വൈയക്തികമായ പല പരാമര്‍ശങ്ങളും നടത്തിയിട്ടുള്ളത് മറ്റുള്ളവരെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കും. ജയമോഹന്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തയാളെങ്കിലും സ്വന്തം പേരു വെളിപ്പെടുത്തീയിരുന്നെങ്കില്‍ 🙁

  8. Rajeeve Chelanat says:

    ഇതില്‍ വിഷ്ണു എവിടെയാണ് അത്മപ്രശംസ നടത്തിയിട്ടുള്ളത് അനോണിമസ്സേ? ഇത്തരത്തിലൂള്ള ഒരു കൂട്ടായ്മക്ക്, അതും തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്ന് ക്ഷണം കിട്ടുമ്പോഴും, വായനക്കാര്‍ (ആസ്വാദകര്‍)വന്ന് പരിചയപ്പെട്ട് സന്തോഷം പങ്കുവെക്കുമ്പോഴും അല്‍പ്പസ്വല്‍പ്പം വികാരമൊക്കെ ഉണ്ടാവുന്നത് അത്രക്കു വലിയ തെറ്റാണോ?പിന്നെ, വേണമെങ്കില്‍ ജാടകൊണ്ടും ഒരാളെ തേജോവധം ചെയ്യാനാകുമെന്ന് നേരിട്ട് മനസ്സിലാകണമെങ്കില്‍, ബാലചന്ദ്രനെപ്പോലുള്ളവരെ പരിചയപ്പെട്ടാല്‍ മാത്രം മതിയാകും.ഡി.വിനയചന്ദ്രനും സുഭാഷുമൊക്കെ ആത്മപ്രശംസയുടെ ഉസ്താദുക്കളാണ് എന്നതിനോട് യോജിക്കുന്നു. തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചുള്ള വിനയചന്ദ്രന്റെ ഈയടുത്തകാലത്തെ ആത്മാലാപം തന്നെ നല്ല്ല ഉദാഹരണമാണ്. അതിനുപിന്നാലെ, കുഴൂരും, അനിലനും അവരുടെ പ്രണയാനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ പോകുന്നുവെന്ന അറിയിപ്പു ഭീഷണിയും ഇ-പത്രത്തില്‍ കണ്ടു.കവികളേ, നിങ്ങളുടെ പ്രണയാനുഭവങ്ങള്‍ക്ക്, ഞങ്ങളുടെ ഉത്ക്കണ്ഠകളെയും ജീവിതാനുഭവങ്ങളെയും പ്രതിഫലിപ്പിക്കാനോ, മാറ്റിമറിക്കാനോ കഴിയുന്നില്ലെങ്കില്‍, ആ പ്രണയാനുഭവങ്ങള്‍ നിങ്ങളുടെ സ്വകാര്യസുഖങ്ങളും ഓര്‍മ്മകളുമായിതന്നെയിരിക്കുന്നതല്ല്ലേ അതിന്റെ ഒരു സുഖം? അതിന്റെ ഒരു ശരി?സുഭാഷ് ചന്ദ്രനും ആത്മപ്രശംസയില്‍ അത്രക്ക് മോശമല്ലെന്ന് അനുഭവമുണ്ട്. എങ്കിലും അനോണിമസ്സേ, വിഷ്ണുവിന്റെ ഈയൊരു ലേഖനത്തില്‍ അതിന്റെ ഒരു പൊടിപോലും കാണാനാവുന്നില്ലല്ലോ.അഭിവാദ്യങ്ങളോടെരാജീവ് ചേലനാട്ട്

  9. അനിലന്‍ says:

    കുഴൂരും, അനിലനും അവരുടെ പ്രണയാനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ പോകുന്നുവെന്ന അറിയിപ്പു ഭീഷണിയും ഇ-പത്രത്തില്‍ കണ്ടു.രാജീവ്നല്ല പരിഹാസം.ഈ പത്രത്തില്‍തന്നെ കുറേ നാളുകളായി അത് കിടപ്പുണ്ടല്ലോ. വായിച്ച് വിമര്‍ശിക്കാനുള്ള ഓപ്ഷനുമുണ്ട്. പിന്നെന്തിനാണ് ഇവിടെ ഇങ്ങനെ ഒരു പരാമര്‍ശം എന്നു മനസ്സിലായില്ല.

  10. Anonymous says:

    നൂറു കവിതകള്‍ പോലും എഴുതിത്തികച്ചിട്ടില്ലാത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുത്തു നിര്‍ത്തി രംഗം വിട്ടുപോയിട്ടും രാജീവിനെയും വിഷ്നുവിനെയും പോലുള്ള കവികള്‍ക്ക് അദ്ദേഹത്തോടുള്ള വിരോധം തീര്‍ന്നിട്ടില്ല എന്നത് ചുള്ളിക്കാടിന്റെ കവിത്വ ശക്തിക്കു മതിയായ തെളിവാണ്.ആ മനുഷ്യനെ അവഗണിക്കാന്‍ ഒരുതരത്തിലും ഇക്കൂട്ടര്‍ക്കു കഴിയുന്നില്ല. ഡി.വിനയചന്ദ്രനെപ്പോലെ ഒരു വലിയ കവിയുടെ അനുഭവലോകത്തെ സങ്കല്പിക്കാന്‍പോലും രാജീവനെപ്പോലുള്ള പൊട്ടക്കവികള്‍ക്കു സാധിക്കില്ല.വിനയചദ്രന്റെ കവിത്വത്തോടുള്ള കുശുമ്പിന്റെ കൂടെ ലൈംഗിക അസൂയകൂടിയായപ്പോള്‍ രാജീവനു സമനില തെറ്റുന്നു.

  11. nariman says:

    “മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ്.അവ കാലത്തെ അതിജീവിക്കുകയില്ല“എന്നു മനോരമ വാരാ‍ന്ത്യപ്പതിപ്പില്‍ തുറന്നെഴുതിയ ബാ‍ലചന്ദ്രന്‍ ചുള്ളിക്കാടിന് എന്തെങ്കിലും ജാടയുണ്ടെന്നു തോന്നുന്നില്ല.”ഞാന്‍ ഒരു വലിയ നടനൊന്നുമല്ല. വെറും അഭിനയത്തിഴിലാളി മാത്രം.” (മാതൃഭൂമി വാരാന്ത്യം)എന്നു പരസ്യമായി പ്രഖ്യാപിച്ച് നാലാംകിട സീരിയലുകളില്‍ അഭിനയിച്ച് ഉപജീവനം നടത്തുന്ന ബാലചന്ദ്രന്‍ എന്തു ജാട കാണിച്ചെന്നാണ് പറയുന്നത്?സ്ഥാനമാനങ്ങളുടെയോ ബഹുമതികളുടെയോ അവാര്‍ഡുകളുടെയോ‍ പരിവേഷങ്ങളൊന്നും ബാലചന്ദ്രനില്ല.വെറുമൊരു സര്‍ക്കാ‍ര്‍ ഗുമസ്തനും സീരിയല്‍ സഹനടനും ഒക്കെയായി ജീവിച്ചുപോകുന്ന ആ സാധുമനുഷ്യന്‍ എന്തു ജാട കാണിക്കാനാണ്? മറ്റു കവികളെപ്പോലെ ആഴ്ച്ചതോറും കവിതകളെഴുതി അയാള്‍ വായനക്കാരെ ദ്രോഹിക്കുന്നുമില്ല.1980 മുതല്‍ എനിക്കു ബാലചന്ദ്രനെ അറിയാം. കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്നു അദ്ദേഹം.അടുത്ത സുഹൃത്ത് എന്നു പറയുന്നില്ലെങ്കിലും ഞങ്ങള്‍തമ്മില്‍ അന്നുമുതല്‍ നല്ല പരിചയമുണ്ട്.അദ്ദേഹത്തോടു ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം ജാടയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.ജാടയായ ഒരാളുടെ പുസ്തകങ്ങള്‍ വിലകൊടുത്തുവാങ്ങി വായിക്കാന്‍ മാത്രം വിഡ്ഡികളല്ല മലയാളികള്‍. (ബാലചന്ദ്രന്റെ പുസ്തകങ്ങളുടെ എത്രയെത്ര പതിപ്പുകളാണ് മലയാളികള്‍ വാങ്ങിത്തീര്‍ക്കുന്നതെന്നു പുസ്തകശാലയില്‍ അന്വേഷിച്ചാല്‍ മറ്റ് എഴുത്തുകാരുടെ ബി.പി.കൂടും.)എന്തായാലും തരം കിട്ടുമ്പോഴൊക്കെ ബാലചന്ദ്രനെ കുറ്റം പറഞ്ഞ് ആളാവാന്‍ ശ്രമിക്കുന്ന ബുദ്ധിജീവിനാട്യക്കാരുടെ ജാട ഇപ്പോഴും തുടരുന്നു എന്നത് അനോണി പറഞ്ഞ പോലെ ബാ‍ലചന്ദ്രന്റെ ശക്തിയെ സൂചിപ്പിക്കുന്നു.

  12. അനോണി സ്വാമി says:

    ചുള്ളിക്കാട് വേറെ എന്തൊക്കെയാണെങ്കിലും ജാഡയaണെന്ന് എനിക്കും തോന്നിയിട്ടില്ല. തോണ്ണൂറിന്റെ തുടക്കത്തില്‍ ഒരു പക്ഷെ അങ്ങനെ വിളിക്കാമായിരുന്നു. എന്നാല്‍ ഇന്ന് ജാഡയുടെ ഡെഫനീഷ്യന്‍ തന്നെ മാറിയിരിക്കുന്നു. അന്ന് ചുള്ളിക്കാടിന്റെ കവിതകളെ മാര്‍ക്സിയന്‍ വിമര്‍ശനത്തില്‍ ക്ഷുദ്രമാണ് എന്ന് പറഞ്ഞ പല ബുദ്ധിജീവികളും ഇന്ന് ദയനീയമായി ഗ്ലോബലൈസേഷന്റെ ഭാരം താങ്ങാനാവാതെ അതിനടിയില്‍ കിടന്ന് നിലവിളിക്കാന്‍ ചമ്മലായത് കൊണ്ട് വളിച്ച ചിരിയുമായി ഊരയ്ക്ക് മുളച്ച ആല്‍ തണലായി എന്ന് പറഞ്ഞിരിക്കുന്നുണ്ട്.

  13. Anonymous says:

    ജയമോഹനന്റെ വന്ധ്യംകരണ ക്യാമ്പുകളില്‍ അടിമത്തം രക്തത്തിലുള്ള മലയാള കവികള്‍ അഭിനന്ദനത്തിന്റെയും അംഗീകാരത്തിന്റെയും എല്ലിന്‍ കഷണങ്ങള്‍ക്കായി ഓച്ഛാനിച്ചു നില്‍ക്കുന്നു! കേഴുക പ്രിയനാടേ!!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine