വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും സ്ത്രീധനത്തിനും എതിരെയുള്ള ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ്, വടകരയില്‍ സംഘടിപ്പിക്കുന്ന നൂറ് നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള അപേക്ഷാ തിയ്യതി അവസാനിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം നൂറ് കവിഞ്ഞു.
ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി
വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി
മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-