അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.
വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.
അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.
ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം