ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനു വാര്യര്‍ (അനു സിനു ബാല്‍ 49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനു വാര്യര്‍ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.
യാത്രാ പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ ക്കുറിപ്പുകൾ, കല്ലീവല്ലി തുടങ്ങി യാത്രാ വിവരണങ്ങൾ, കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയോട് ഒപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ആയും ഖലീജ് ടൈംസിലും ഉൾപ്പെടെ എഴുതിയിരുന്നു.
* അനുവിനു ലൗ സലാം : കുഴൂർ വിത്സൺ