
അബുദാബി : ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം. എ. യൂസഫലി.
ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇവിടത്തെ സംഭവങ്ങളെ അതിശയോക്തി കലർത്തിയാണ് അവതരിപ്പിച്ചു കാണുന്നത്. ഇത് നാട്ടിലുള്ള കുടുംബങ്ങളെ വിഷമിപ്പിക്കും.
ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാൾ എങ്കിലും ഗൾഫിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ അവരെ പേടിപ്പിക്കരുത്. തെറ്റായ വാര്‍ത്തകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികളും പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുത് എന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ജി. സി. സി. രാഷ്ട്രങ്ങള്‍ കേരളത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഇവിടെ എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ കാര്യ ശേഷിയുള്ള ഭരണാധികാരികളാണ് ഉള്ളത്. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
അത്തരം കാര്യങ്ങള്‍ ജി. സി. സി. ഭരണ കൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപ്പോർട്ട് ചെയ്യണം എന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ല എന്നും യൂസഫലി പറഞ്ഞു. ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് മലയാള ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതൽ ജാഗ്രത പാലിക്കണം.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. ജി. സി. സി. രാഷ്ട്രങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാവില്ല. സർക്കാരുകൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ലുലു സ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്നും എം. എ. യൂസഫലി അറിയിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, തൊഴിലാളി, പ്രവാസി, യു.എ.ഇ., യൂസഫലി





























