
അബുദാബി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അബുദാബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രിയും രാജ കുടുംബാംഗവുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിച്ചു. അബുദാബിയിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച.

കേരളവും യു. എ. ഇ. യുമായുള്ള ബന്ധം കൂടുതൽ ഊഷ്മളം ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു എന്ന് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.
ശനിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് മുഖ്യ മന്ത്രിയും സംഘവും അബുദാബി അൽ ബത്തീൻ എയർ പോർട്ടിൽ വിമാനം ഇറങ്ങിയത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ എം. എ. യൂസഫലി, പ്രവാസി സംഘടനാ പ്രതിനിധികൾ ചേർന്ന് മുഖ്യ മന്ത്രിയെ സ്വീകരിച്ചു.
നവംബർ 9 ഞായറാഴ്ച വൈകുന്നേരം അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിയിൽ മുഖ്യമന്ത്രി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. Image Credit : F B



































