അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവളമായ സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇനി അബുദാബി മുസ്സഫ ഷാബിയയിലെ സിറ്റി ചെക്ക്-ഇന്‍ കൗണ്ടറിൽ മുൻ കൂട്ടി ലഗേജുകൾ ഏൽപ്പിക്കാം. ഷാബിയ 11 ലാണ് പുതിയ ചെക്ക്-ഇന്‍ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.
നിലവിൽ അബുദാബി സീ പോർട്ടിലെ (മിനാ) ക്രൂയിസ് ടെർമിനലിലും (24 മണിക്കൂർ) യാസ് മാളിലും (ഫെരാരി വേൾഡ് പ്രവേശന കവാടത്തിൽ) മൊറാഫിഖ് ഏവിയേഷൻ ഗ്രൂപ്പിൻ്റെ സിറ്റി ചെക്ക്-ഇന്‍ സേവനം ലഭിക്കുന്നുണ്ട്.
വിമാന സമയത്തിന് 4 മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ ബാഗേജുകൾ സ്വീകരിച്ച് സീറ്റുകൾ ഉറപ്പു വരുത്തി ബോഡിംഗ് പാസ്സുകൾ നൽകി വരുന്നു. 12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.
ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നൽകി വരുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക് +971 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
സിറ്റി ടെർമിനലിൽ ബാഗേജുകൾ നൽകി ബോഡിംഗ് പാസ്സ് എടുക്കുന്നവർക്ക് എയർപോർട്ടിലെ ക്യൂ വിൽ നിൽക്കാതെ നേരിട്ട് ഇമിഗ്രേഷൻ കൗണ്ടറിൽ പോകാം എന്നതും സിറ്റി ചെക്ക്-ഇന്‍ സേവനത്തെ കൂടുതൽ ജന പ്രിയമാക്കുന്നു എന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസ പ്രദമാണ് സിറ്റി ചെക്ക്ഇൻ സൗകര്യം എന്നും മൊറാഫിഖ് ഏവിയേഷൻ അറിയിച്ചു.