അബുദാബി : പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഉദാത്തമാണ്. ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന് മുഹമ്മദ് നബിയാണ് എന്നും എം. എ. യൂസഫലി. ഇന്ത്യന് ഇസ്ലാമിക് സെന്റര് സംഘിടിപ്പിച്ച നബിദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക ജീവിതത്തെക്കുറിച്ച് പ്രതി പാദിക്കാന് ഒരു പുരുഷായുസ്സ് ശ്രമിച്ചാലും പൂർണ്ണ മാവില്ല, അത്രയും വിശാലമാണത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്ശിച്ച നബിയുടെ ജീവിത സന്ദേശം സമഗ്രമാണ്.
മനുഷ്യന് മരണപ്പെട്ടാല്, ജാതിയോ മതമോ കുലമോ നോക്കാതെ ആ ശരീരത്തെ ബഹുമാനിക്കണം എന്നും ലോകത്തെ ആദ്യമായി പഠിപ്പിച്ച മഹാനാണ്.
നിത്യജീവിതത്തില് ഒരു വ്യക്തി പാലിക്കേണ്ട എന്തെല്ലാമുണ്ടോ, അതെല്ലാം സ്വജീവിതത്തില് പാലിച്ച് മാതൃക കാട്ടിയ പ്രവാചകന്റെ ജീവിതം മുഴുവനും പാഠമാണ്. പുതിയ തലമുറ ഇത് പഠിക്കാന് തയ്യാറാവണം.
യുവ തലമുറയിലെ വലിയൊരു വിഭാഗം ദു:ഖകരമായ അവസ്ഥയിലേക്കാണ് സഞ്ചരിക്കുന്നത്. പ്രവാചകന്റെ പ്രായോഗികമായ ജീവിതചര്യക്ക് ഇപ്പോള് ഏറെ പ്രസക്തി ഉണ്ട് എന്നും അതുള്ക്കൊള്ളാന് മുന്നോട്ടു വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.