ബെയ്റൂട്ട് : അന്താരാഷ്ട്ര മദ്ധസ്ഥതയെ തുടർന്നുള്ള വെടിനിർത്തൽ അടുക്കുംതോറും സിറിയയിൽ പൊതുജനത്തിന് നേരെയുള്ള അക്രമം വർദ്ധിച്ചു വരികയാണ് എന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ മദ്ധസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് ഏപ്രിൽ 10ന് വെടിനിർത്തൽ നടപ്പിലാക്കാം എന്ന് സിറിയ സമ്മതിച്ചിരുന്നു.
സിറിയയിലെ ഏകാധിപത്യത്തിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ സമരത്തിൽ ഇതു വരെ 9000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ നിഗമനം.
പ്രതിഷേധക്കാരെ സർക്കാർ സൈനികമായി നേരിട്ട് തുടങ്ങിയതോടെ വിമതരും സായുധ ആക്രമണം തുടങ്ങിയത് പ്രശ്നം കൂടുതൽ വഷളാക്കി. 6000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് സിറിയയുടെ കണക്ക്. ഇതിൽ 2500 ലേറെ സൈനികരും ഉൾപ്പെടുന്നു.
- ജെ.എസ്.