അബുദാബി : യു. എ. ഇ. യിലെ പതിനാറിൽ അധികം നാടക വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ പ്രവാസി എന്ന നാടകം 16 വർഷങ്ങൾക്കു ശേഷം വീണ്ടും അബുദാബിയിൽ അരങ്ങേറുന്നു.
2025 ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന പ്രവാസി എന്ന നാടകം മികച്ച രചന, അവതരണം എന്നിങ്ങനെ നിരവധി സംസ്ഥാന അവാർഡുകൾ നേടിയിരുന്നു.
അബുദാബി മലയാളി സമാജം മുൻ പ്രസിഡണ്ടും പ്രവാസ ലോകത്തെ ശ്രദ്ധേയ നാടക പ്രവർത്തകനും നടനും കൂടിയായ വക്കം ജയലാൽ ആവിഷ്കാരം നടത്തി പ്രധാന വേഷം അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്തത് വക്കം ഷക്കീർ. രചന : വി. ആർ. സുരേന്ദ്രൻ.
ഐ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന പ്രവാസിയിൽ വക്കം ജയലാൽ, കൂടാതെ ക്ലിന്റ് പവിത്രൻ, സുമീത് മാത്യു, ശ്രീബാബു പീലിക്കോട്, ഹുസൈൻ, ഷീന സുനിൽ, സിനി റോയ്‌സ്, അനഘ രാഹുൽ എന്നിവർ കഥാപാത്രങ്ങളായി വേഷമിടുന്നു. അൻവർ ബാബു, അശോകൻ, മനോരഞ്ജൻ, നവനീത് രഞ്ജിത്ത്, രാഹുൽ ലാൽ എന്നിവരാണ് പിന്നണിയിൽ.