ദോഹ : സംസ്കൃതി ഖത്തർ പതിനൊന്നാമത് സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം-2024, എഴുത്തുകാരി ഫർസാനക്ക് സമ്മാനിക്കും.
ഫർസാനയുടെ ‘ഇസ്തിഗ്ഫാർ’ എന്ന ചെറു കഥയാണ് പുരസ്കാരത്തിന്ന് അർഹയാക്കിയത്. 50,000 രൂപയും സി. വി. ശ്രീരാമൻ സ്മാരക പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്കാരം. 2024 നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ദോഹയിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
2009 മുതൽ ചൈനയിൽ സ്ഥിര താമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന ‘എൽമ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാ സമാഹാരവും ‘ഖയാൽ’ എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാ വർമ്മ ചെയർമാനും പ്രമുഖ ചെറു കഥാ കൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
വിവിധ ഗൾഫു നാടുകൾ, യൂറോപ്പ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. Image Credit : FB Instagram