ദുബായ് : ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്‍റൈന്‍ എന്നുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാര്‍ഗ്ഗ നിർദ്ദേശത്തിന് എതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഇരമ്പുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവര്‍, മാത്രമല്ല യാത്രക്കു വേണ്ടി പി. സി. ആർ. പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ചുരുങ്ങിയ അവധി ദിനങ്ങളുമായി നാട്ടില്‍ എത്തുന്ന പ്രവാസികളെ വീണ്ടും ഏഴു ദിവസം നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ എന്ന പേരില്‍ വീട്ടില്‍ അടച്ചിടുന്നത് ക്രൂരതയാണ്.
ഒമിക്രോൺ വ്യാപനം ഏറ്റവും കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍, ഒമിക്രോണ്‍ വ്യാപനം അധികരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി കടുത്ത വിവേചനം തന്നെയാണ്.
സമ്മേളനങ്ങൾക്കും ഉല്‍ഘാടനങ്ങള്‍ക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ആള്‍ക്കൂട്ടവും ബാക്കി എല്ലാ നിയന്ത്രണങ്ങളും പ്രവാസികള്‍ക്കു മാത്രം ആവുന്നത് ക്രൂരതയാണ്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ കളായ കെ. എം. സി. സി. ഇന്‍കാസ്, ചിരന്തന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്.), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, പീപ്പിൾസ് കൾച്ചറൽ ഫോറം (പി. സി. എഫ്.) പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി കെ. മുരളീധരന്‍, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ക്കും പ്രതിഷേധ ക്കുറിപ്പ് അയച്ചു.
സോഷ്യല്‍ മീഡിയകളിലും RevokePravasiQuarantine എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.