അബുദാബി : കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വൈറൽ പനി പിടിക്കുന്നതിനാൽ കുട്ടികൾക്ക് ചിക്കൻ പോക്സ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്ന നിർദ്ദേശവുമായി യു. എ. ഇ. ആരോഗ്യ വകുപ്പ് അധികൃതർ. പനി, ശരീരമാകെ ചൊറിച്ചിൽ എന്നിവ യാണ് ചിക്കൻ പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ.
വേരിസെല്ല സോസ്റ്റർ എന്ന varicella-zoster virus (VZV) വൈറസ് പരത്തുന്ന രോഗമാണിത്.
തലച്ചോറിൽ അണുബാധ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഈ വൈറസു മൂലം കാരണം ആയേക്കും. യു. എ. ഇ. യിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണം എന്നും ആരോഗ്യ വിദഗ്ധർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
1995 മുതൽ യു. എ. ഇ. യിൽ ചിക്കൻ പോക്സിനുള്ള പ്രതിരോധ കുത്തി വെപ്പുകൾ നിലവിലുണ്ട്. ദേശീയ രോഗ പ്രതിരോധ നടപടി കളുടെ ഭാഗമായി യു. എ. ഇ. യിൽ ഒരു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യമായി പ്രതിരോധ കുത്തി വെപ്പ് നടത്താറുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി, റോട്ടവൈറസ്, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ കൺജഗേറ്റ്, പോളിയോ എന്നിവക്ക് എതിരായ വാക്സിനുകളും യു. എ. ഇ. യിൽ കുട്ടികൾക്ക് നൽകി വരുന്നു.
വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളിൽ ത്വക്ക് അണു ബാധക്ക് സാദ്ധ്യതയുണ്ട് എന്നും ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു