അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിനു പിന്തുണ അറിയിച്ച് അബു ദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ.
ഐ. എസ്. സി. ചെയർമാൻ എം. എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മുൻ രാഷ്ട്ര പതി രാംനാഥ് കോവിന്ദ്, ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ ലോഗോ പോസ്റ്റർ അനാച്ഛാദനം ചെയ്തു.
ഇയർ ഓഫ് കമ്മ്യൂണിറ്റി പോലുള്ള ക്യാമ്പയിനുകൾ നടപ്പാക്കുന്ന യു. എ. ഇ. യുടെ നയങ്ങൾ പ്രശംസനീയം തന്നെ എന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവി തലമുറക്കും കരുത്തേകും. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. രാജ്യത്തിന്റെ വികസന ത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ് എന്നും മുൻ രാഷ്ട്രപതി വ്യക്തമാക്കി. സാമൂഹിക സേവനത്തിന് മുൻ തൂക്കം നൽകുന്ന എം. എ. യൂസഫലിയുടെ പ്രവർത്തനം മാതൃകാ പരമാണു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ. എസ്. സി. പ്രസിഡണ്ട് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യ മാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. WAM