
അബുദാബി : കോഴിക്കോട് തിക്കോടിയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ് സ്റ്റഡീസ് (siras) സിറാസ് അബുദാബി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മുസഫ സനയ്യയിലെ റെയിൻബോ ഹോട്ടലിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും ഭിന്ന ശേഷി ക്കാരുടെയും പുനരധിവാസത്തിനും സമഗ്ര വികസന ത്തിനും വേണ്ടിയുമുള്ള വിവിധ പദ്ധതികൾ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ ഗൾഫിലെ എല്ലാ പ്രദേശങ്ങളിലും സിറാസിന്റെ കൂട്ടായ്മകൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അബുദാബി യിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.

മുതിർന്ന സാമൂഹിക പ്രവർത്തകനും സിറാസ് ചെയർമാനുമായ പി. എം. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റെയിൻബോ ബഷീർ ഉൽഘാടനം ചെയ്തു. സിറാസ് സെക്രട്ടറി ഹമീദ് എം. ടി., സിറാസ് ദുബായ് കോഡിനേറ്റർ മൊയ്തീൻ പട്ടായി എന്നിവർ സിറാസിന്റെ പ്രവർത്തനങ്ങളെ വിശദീകരിച്ചു.
വിവിധ സാമൂഹിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ഷാജുമോൻ പുലാക്കൽ, Dr. ഷീബ അനിൽ, ജിഷാ മുഹമ്മദ്, അബ്ദുൽ ബാസിത്, സി. വി. ഷാഫി, അമീർ കല്ലമ്പലം, പി. എം. അബ്ദുൽ റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സിറാസ്നെ കുറിച്ച് കൂടുതൽ അറിയുവാനും ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക : +971 55 872 5806 (P. M. Moidu).


































