അബുദാബി : പട്ടികളും പൂച്ചകളും അടക്കമുള്ള എമിറേറ്റിലെ വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം എന്ന് അധികൃതർ. TAMM പോർട്ടലിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ് എന്നും 2025 ഫെബ്രുവരി 3 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും എന്നും അധികൃതർ. വ്യക്തിഗത വളർത്തു മൃഗഉടമകൾക്ക് പിഴയില്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും.
വളർത്തു മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക, വാർഷിക വാക്സിനേഷനുകൾ, മൈക്രോചിപ്പിംഗ്, പതിവ് വെറ്റിനറി പരിശോധനകൾ എന്നിവ കാര്യക്ഷമം ആക്കുവാനും വളർത്തു മൃഗങ്ങളുടെ റെക്കോർഡുകൾ ട്രാക്ക് ചെയ്യുക, അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ എണ്ണം കുറക്കുക തുടങ്ങിയവയാണ് രജിസ്ട്രേഷന് പിന്നിലുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ.
മൈക്രോ ചിപ്പ് ചെയ്ത പൂച്ചകളെയും നായ്ക്കളെയും വളർത്തു മൃഗ ഉടമകൾ ഒരു പുതിയ മൃഗ ഉടമസ്ഥത സേവനത്തിന് കീഴിൽ TAMMൽ രജിസ്റ്റർ ചെയ്യണം.
പൂച്ചകളും നായ്ക്കളും ഉള്ള സ്ഥാപനങ്ങൾ ആറു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. രജിസ്‌ട്രേഷൻ പൂർത്തിയായി ക്കഴിഞ്ഞാൽ, ചെവിയിൽ ഘടിപ്പിക്കാവുന്ന പെറ്റ് ടാഗ് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടാൽ അവയെ കണ്ടെത്തുവാൻ ഈ ചിപ്പ് വഴി സാധിക്കും.
പെറ്റ് ഷോപ്പുകൾ, ബ്രീഡിംഗ് സൗകര്യങ്ങൾ, ഷെൽട്ടറുകൾ എന്നിവക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്ത വളർത്തു മൃഗങ്ങൾക്ക് മാത്രമേ ഭാവിയിൽ വെറ്ററിനറി സേവനങ്ങൾ, മൃഗ സംരക്ഷണ സൗകര്യങ്ങൾ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കുകയുള്ളൂ.