അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.
ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.
യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.