
അബുദാബി : യു. എ. ഇ. വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു. അബുദാബിയിൽ തിങ്കളാഴ്‌ച രാവിലെ ഇടി മിന്നലോടു കൂടിയ മഴ പെയ്തു. ദുബായ്, ഷാർജ, അജ്‌മാൻ, റാസ് അല്‍ ഖൈമ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ നല്ല രീതിയിൽ മഴ പെയ്തു.
കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം ആയതിനാൽ കാഴ്ച പരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ അതിശക്തമായ കാറ്റു വീശുന്നു.

മഴ തുടരുന്നതിനാൽ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടും. അധികൃതർ നിർദ്ദേശിച്ച പോലെ സുരക്ഷിതമായ അകലം പാലിച്ച് വാഹനങ്ങള്‍ ഓടിക്കണം. അൽ ദഫറാ, റുവൈസ്, മിർഫ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ മഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനാൽ മഴ തുടരും.
പര്‍വ്വത മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു വരാന്‍ സാദ്ധ്യത ഉള്ളതിനാൽ വാദികള്‍, താഴ്വരകൾ സന്ദർശനം ഒഴിവാക്കണം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അസ്ഥിരമായ കാലാവസ്ഥയിൽ അപകടങ്ങൾ ഉണ്ടാവാതെ വാഹനം ഓടിക്കുവാൻ ജാഗ്രത പാലിക്കണം. ഡെലിവറി ബൈക്കുകൾ അടക്കമുള്ള ഇരു ചക്ര വാഹനക്കാർക്കും പ്രത്യേകം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിയമ ലംഘകർക്കു കനത്ത പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, expat, കാലാവസ്ഥ, ഗതാഗതം, പരിസ്ഥിതി, പോലീസ്, യു.എ.ഇ.





























