യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ ‘കുഞ്ഞിരാമന്‍’, അല്‍ ഐന്‍ ഐ. എസ്. സി. യുടെ ‘ഗുഡ് നൈറ്റ്’, മാക് അബുദാബിയുടെ ‘മകുടി’, അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ ‘ചെണ്ട’, കല അബുദാബിയുടെ ‘ഭൂമീന്‍റെ ചോര’, ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ ‘സൂസ്റ്റോറി’, എപ്കോ ദുബായ് അവതരിപ്പിച്ച ‘സമയം’, ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ ‘ഇത്ര മാത്രം’ എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.
മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)
എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി