അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന് കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.
കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.
എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്.
വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
തുടര്‍ന്നു എന്‍. എസ്. മാധവന്റെ “ചുവന്ന പൊട്ട് ” എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്.
അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി
എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍.
ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് .
നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി