Tuesday, January 15th, 2008

സോഷ്യലിസ്‌റ്റ്‌ മുതലാളിമാര്‍

– T.A. Aliakbar,
http://www.taaliakbar.blogspot.com/

പാര്‍ട്ടി സമ്മേളനം

സി പി എം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊടി പൊടിക്കുന്നു. തത്സമയ സംപ്രേഷണങ്ങളാണ്‌ സി പി എം സമ്മേളനങ്ങളെ ഇത്രയും ജനകീയമാക്കിയത്‌. സമ്മേളനങ്ങള്‍ പാര്‍ട്ടിക്കു വിലപ്പെട്ടതാണ്‌. കമ്യൂണിസ്റ്റുകാര്‍ ചായകുടിച്ചു കുശലം പറഞ്ഞു കൈകൊടുത്തു പിരിയാനല്ല സമ്മേളനം ചേരുന്നത്‌. വൈരുധ്യാത്‌്‌മക ഭൗതികവാദത്തിലധിഷ്‌ഠിതമായ സോഷ്യലിസ്‌റ്റ്‌ സാമൂഹികവ്യവസ്ഥിതിക്കായുള്ള പാര്‍ട്ടിയുടെ മുന്നേറ്റങ്ങളില്‍ മൂന്നു വര്‍ഷത്തെ മികവുകള്‍, പിഴവുകള്‍, വ്യതിയാനങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടി അംഗങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്നു. നേതാക്കളും ഉപനേതാക്കളുമൊക്കെ വിമര്‍ശനങ്ങളേറ്റു പൊരിയുക പതിവാണ്‌. വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെ ശുദ്ധീകരിക്കുക എന്നതാണ്‌ കമ്യൂണിസ്‌റ്റു പാര്‍ട്ടികളുടെ അടിസ്ഥാന തത്വം തന്നെയും. ഇപ്പോള്‍ നടന്നു വരുന്ന സമ്മേളനങ്ങളില്‍ അവ നടക്കുന്നുണ്ടോ ഇല്ലേ എന്ന്‌ പുറത്തിരുന്നു ചര്‍ച്ച ചെയ്യുന്നത്‌ മൗഢ്യമാകും.

ആശയസമരം

എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളുമെന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഏറെക്കുറെ ചില മാധ്യമങ്ങളുടെ പ്രവചനങ്ങള്‍ ഫലിച്ചു കാണുന്നു. വി എസ്‌ അച്യുതാനന്ദന്‍ വിട്ടു നില്‍ക്കുന്നതും പങ്കെടുക്കുന്നതുമൊക്കെ വാര്‍ത്തയാകുകയും അതിനോടുള്ള സഖാവിന്റെ പ്രതികരണവുമെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ചിലതൊക്കെ മണക്കുന്നുണ്ട്‌. വിഭാഗീയത ഇല്ലാതാകും എന്നു സെക്രട്ടറി പിണറായി വിജയന്‍ തറപ്പിച്ചു പറയാം, ചിലരൊക്കെ വെട്ടിനിരത്തപ്പെടുകയോ കുത്തിമലര്‍ത്തപ്പെടുകയോ ചെയ്യുമെന്ന്‌. അങ്ങിനെ പാര്‍ട്ടിക്കുള്ളില്‍ ഒരു ആശയവും ഒരു വിചാരവും വിഭാഗവും മതിയെന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അത്ര യോജിക്കാനാകാത്ത വൈരുധ്യാഷ്‌ഠിത ഭൗതികവാദത്തിന്‌ തീരേ ചേരാത്ത ഏക ധ്രുവത്തിലേക്ക്‌ (മുതലാളി അങ്ങിനെയാണല്ലോ) കാര്യങ്ങള്‍ നീങ്ങുന്നു. ആശയ സമരം ആരും നിരോധിച്ചിട്ടില്ലെന്ന്‌ വി എസ്‌ പറയുമ്പോള്‍ പ്രതികരണമുണ്ടാകാത്തത്‌ അതുകൊണ്ടാണ്‌. അങ്ങിനെ കഴിഞ്ഞ സമ്മേളനകാലത്ത്‌ സജീവമായി കേട്ട ചില വാക്കുകള്‍ ഇത്തവണ കേട്ടതേയില്ല. നാലാംലോകം, പങ്കാളിത്ത ജനാധിപത്യം, വിദേശമൂലനധനം, ജനകീയാസൂത്രണം, റിച്ചാര്‍ഡ്‌ ഫ്രാങ്കി, ആശയ വ്യതിയാനം എന്നിവയൊക്കെയാണവ. ആശയ വ്യക്തത വരുത്തിയെന്ന്‌ പാര്‍ട്ടി പറയുമ്പോഴും തൊഴിലാളികളുടെ പാര്‍ട്ടി അതിവേഗം മുതലാളിമാരെപ്പോലെയാകുന്നതിന്റെ അടയാളങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനെപ്പറ്റി പുറം ചര്‍ച്ചകളില്ല. സുധാകരന്റെ വാക്കും വി എസിന്റെ പോക്കും പിണറായിയുടെ തോക്കുമൊക്കെ മാത്രമായി ചര്‍ച്ചകള്‍ ചുരുങ്ങിപ്പോകുന്നോ.

മുതലാളിത്തം

ഇത്തവണ വെടിപൊട്ടിച്ചത്‌ മിസ്റ്റര്‍ ജ്യോതിബസുവാണ്‌. പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തിനു മുമ്പേ ഈ സൈദ്ധാന്തിക വിശദീകരണം ഉണ്ടായത്‌ ചര്‍ച്ചകളെ വഴി തിരിച്ചുവിടാനുള്ള കൗശലമായി ആരും വായിച്ചില്ല. അതില്‍ കയറിപ്പിടിച്ചുള്ള പ്രസംഗങ്ങളാണ്‌ കേട്ടത്‌. രാജ്യാന്തര തലത്തില്‍തന്നെ പാര്‍ട്ടിക്കു കളങ്കമുണ്ടാക്കുകയും ബംഗാള്‍മുഖ്യമന്ത്രി പിശകു പറ്റിയെന്ന്‌ ഏറ്റുപറയുകയും ചെയ്‌ത നന്ദിഗ്രാം സംഭവങ്ങളില്‍ പാര്‍ട്ടി സമ്മേളന ചര്‍ച്ചകള്‍ കെട്ടുപിണഞ്ഞാല്‍ അതു കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലും പ്രതിഫലിക്കുമെന്നും ഈ സമ്മേളനം നന്ദിഗ്രാമില്‍ ചോരപുരണ്ട്‌ പിരിയേണ്ടി വരുമെന്നും മനസ്സിലാക്കി നേതൃതലത്തില്‍ തന്നെ ആസൂത്രിതമായി മെനഞ്ഞെടുത്ത ഒരു പ്രസ്‌താവമായിരുന്നു അതെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ കമ്യൂണിസത്തിനെന്തു മുതലാളിത്തം. പറ്റാവുന്ന മുതലാളിത്ത വ്യവസ്ഥിതിയെല്ലാം പാര്‍ട്ടി തരം പോലെ പറ്റിയിട്ടുണ്ട്‌. കുറ്റിയും പറിച്ചു പായേണ്ടി വരുമെന്നു പറയുന്ന വി എസിന്റെ സര്‍ക്കാര്‍ തന്നെ എത്ര മുതലാളിമാരുമായി കരാറിലെത്തിയിരിക്കുന്നു. ഒരു മുതലാളി തൃശൂര്‍ പൂങ്കുന്നം പാടത്ത്‌ വയല്‍ നികത്തി പണിത കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു സാക്ഷാല്‍ വി എസ്‌ അല്ലയോ..എത്ര മുതലാളിമാരുടെ പണം കൊണ്ടാണ്‌ പാര്‍ട്ടി ചാനലും പത്രവും നടന്നു പോകുന്നത്‌. സാന്റിയാഗോ മാര്‍ട്ടിന്‍ മുതലാളിയല്ലേ… നായനാര്‍ ഫുട്‌ബോള്‍ മത്‌്‌സരത്തിന്‌ ലക്ഷങ്ങള്‍ സംഭാവന ചെയ്‌ത ഫാരിസ്‌ അബൂബക്കര്‍ പിന്നെ തൊഴിലാളിയാണോ. വേല അവിടിരിക്കട്ടെ. ഇത്തവണ പാര്‍ട്ടി സമ്മേളനങ്ങളില്‍ നന്ദിഗ്രാം ഉണ്ടാകില്ലെന്നുറപ്പായല്ലോ. മുതലാളിത്തം വാഴട്ടെ…

മാധ്യമച്ചോര്‍ച്ച

മലപ്പുറം സമ്മേളന സമയത്തെ കോലാഹലം ഇതായിരുന്നു. ജില്ലാ സമ്മേളനങ്ങളിലെല്ലാം ഗുരുതരമായ മാധ്യമച്ചോര്‍ച്ചയുണ്ടായി. സമ്മേളനഹാളിലെ ചര്‍ച്ചകള്‍ അപ്പപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെത്തിക്കാന്‍ ചില യൂദാസുമാര്‍ പ്രവര്‍ത്തിച്ചു. മലപ്പുറം സമ്മേളനത്തിലും അങ്ങിനെ ഉണ്ടായി. മാധ്യമ സിന്‍ഡിക്കേറ്റു തന്നെ ഉണ്ടായതങ്ങിനെയാണ്‌. സമ്മേളന ശേഷം അന്വേഷണ കമ്മീഷനെ വെച്ചു. വി എസിന്റെ ശിങ്കിടി ഷാജഹാനായിരുന്നു വില്ലന്‍. അയാളെ പുറത്താക്കിയപ്പോള്‍ മാധ്യമച്ചോര്‍ച്ച നിന്നു. മലപ്പുറം സമ്മേളനത്തിലെ അന്തര്‍ ചര്‍ച്ചകള്‍ വളരെ കൃത്യമായി ഇന്താ വിഷനിലൂടെ പുറംലോകത്തെത്തിച്ച എന്‍ പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വാര്‍ത്താ ചാനലിന്റെ തലപ്പത്തു പ്രതിഷ്‌ഠിക്കപ്പെട്ടു. എന്നാല്‍, ഇത്തവണയും സമ്മേളന വിവരങ്ങള്‍ ചോരുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്യുന്നുണ്ട്‌. പക്ഷേ, മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഉപജ്ഞാതാവ്‌ മിണ്ടുന്നില്ല. വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല. വാര്‍ത്തകള്‍ക്കു പൊതു സ്വഭാവമുണ്ട്‌. എല്ലായിടത്തും ഔദ്യോഗിക പക്ഷം കീഴടക്കുന്നു. വാര്‍ത്ത നല്‍കുന്നവര്‍ ആരാണ്‌? വി എസ്‌ പക്ഷം ദുര്‍ബലമാകുന്നുവെന്ന്‌ ആവര്‍ത്തിച്ച്‌, വിഭാഗീയത തീരുന്നു എന്നു പറയുന്ന പാര്‍ട്ടിയെ പിന്നേയും രണ്ടി ചേരികളിലേക്കു നീക്കി വെക്കാന്‍ സഹായിക്കുന്നതാരാണ്‌? ഇത്തവണ മാധ്യമച്ചോര്‍ച്ച ചര്‍ച്ചയാകാത്തതും നടപടികളും അന്വേഷണങ്ങളും ഉണ്ടാകാത്തതെന്താണ്‌. ഉത്തരം കൃത്യമാണ്‌, ഇത്തവണ കാര്യങ്ങള്‍ ഭദ്രമാണ്‌.

എം എന്‍ വിജയന്‍

‍കഴിഞ്ഞ തവണ പാര്‍ട്ടി സമ്മേളന സമയത്ത്‌ അംഗങ്ങള്‍ക്ക്‌ ആശയപരമായ കരുത്തു പകരുന്നതില്‍ പ്രൊഫ. എം എന്‍ വിജയന്‍ നിര്‍ണായകമായ പങ്കു വഹിച്ചു. പാഠം മാസികയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും. അതിന്റെ പ്രതിഫലനം പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്‌. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ. സമ്മേളനശേഷം മാഷ്‌, ദേശാഭിമാനിയില്‍നിന്നു രാജിവെച്ചു. (ഇല്ലെങ്കില്‍ പുറത്താക്കുമായിരുന്നു) ആ നല്ല അധ്യാപകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ചിന്തിക്കാവുന്നതാണ്‌. കാലത്തിനൊത്തു മാറുമ്പോഴും ആശയങ്ങളും അപകടങ്ങളും ഓര്‍ത്തിരിക്കണമെന്നാണ്‌ മാഷ്‌ പറഞ്ഞത്‌. വ്യവസ്ഥാപിതവും സ്ഥാപനവത്‌കരിക്കപ്പെട്ടതുമായ സംഘടനകള്‍ക്കൊന്നും മുകളില്‍ ആകാശവും താഴെ ഭൂമിയും എന്ന നിലയിരുന്നു ലേഖനമെഴുതുന്നവരുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നതു വേറെ കാര്യം. മലപ്പുറം സമ്മേളനത്തിനു മുമ്പ്‌ മാഷ്‌ മാതൃഭൂമി പത്രിത്തിലെഴിതിയ ‘അരവും കത്തിയും’ എന്ന ലേഖനം സമ്മേളനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കു നല്‍കിയ അരത്തില്‍ ഊട്ടിയ കത്തി തന്നെയായിരുന്നു. ഇത്തവണ സമ്മേളനത്തിനു മുമ്പ്‌ മാഷ്‌ പോയി. പക്ഷേ, ഓര്‍ക്കാതെ വയ്യ. പത്രസമ്മേളനം വിളിച്ച്‌ മരണം പ്രദര്‍ശിപ്പിക്കാന്‍മാത്രം ധീരനായി അദ്ദേഹം. മാഷ്‌ പറഞ്ഞ വാക്ക്‌ ഓര്‍മപ്പെടുത്തി നിര്‍ത്താം, ‘പാര്‍ട്ടി സെക്രട്ടിയല്ല. പാര്‍ട്ടി മാനേജരാണ്‌ അയാളിപ്പോള്‍ ചാനല്‍, പാര്‍ക്ക്‌, പത്രം എന്നിവയുടെ മുതലാളിയാണ്‌, മാനേജരാണ്‌’.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image«Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine