Wednesday, May 21st, 2008

വിദ്യ കൊണ്ട്‌ പ്രബുദ്ധരായി

വിദ്യ കൊണ്ട്‌ പ്രബുദ്ധരായ ശേഷം വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത്‌ ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്‌. ശ്രീ നാരായണ ഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. ‘വിദ്യ’ തന്നെ വ്യവസായമാക്കി ഒറ്റയടിക്ക്‌ പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ട്‌ കാണിച്ചു കൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത്‌ ഏതാണ്ടിതു തന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടു നന്നാക്കാന്‍ വേണ്ടി ത്തന്നെയായിരുന്നു.

രണ്ടു കൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടി ത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായി പ്പോയതാണ്‌ വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച ‘വിദ്യ’ തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.

ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. ‘വിദ്യാഭ്യാസം’ എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകല സംഗതികളും ‘വിദ്യ’ പെറ്റ മക്കളു തന്നെയാണ്‌.

ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന ‘വിദ്യ’ യെടുത്ത്‌ ഗുരുവിന്റെ തന്നെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.

ആരു ഭരിച്ചാലും നമ്മുടേത്‌ നമുക്ക്‌ കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച്‌ പകര്‍പ്പവകാശത്തിനു കാശു വാങ്ങാതെ സകല ജാതി മത കോമരങ്ങള്‍ക്കും പകര്‍ന്നു കൊടുത്ത സമദൂര സിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്‌. അതായത്‌ ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ ‘വിദ്യ’ കൊണ്ട്‌ പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ്‌ അഭിവൃദ്ധിപ്പെടുന്നതിനും സംഘടന കൊണ്ട്‌ അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്‌. ഇത്രേയുള്ളൂ.

ഇപ്പോള്‍ സംഭവിച്ചത്‌ നോക്കുക. സ്വന്തം പേര്‌ നാലിടത്തു നാലു വിധമെഴുതുന്ന എല്ലാവരും എസ്‌. എസ്‌. എല്‍. സി പാസായി. ഇനി ഇവരെക്കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക്‌ ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോക ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ്‌ അഭിനവ മുണ്ടശ്ശേരിക്കു തന്നെയാണ്‌. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയ കൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടിക മുകളില്‍ മാടം കെട്ടി പിള്ളാരെ പിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?

പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യ ഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതി വെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെ പോയത്‌ ആ എട്ടു ശതമാനത്തിനാണ്‌. ശരിക്കും ആ എട്ടു ശതമാനമെന്നു കേട്ടാല്‍ അപമാന പൂരിതമാകണം അന്തരംഗം. അതായത്‌ ബേബി പോയിട്ട്‌
ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.

പണ്ടൊരു രാജാവ്‌ രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ്‌ ഓര്‍മ്മ വരുന്നത്‌. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെ മുതല്‍ ശാപ്പാട്‌ കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടി കൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യ വിളമ്പാന്‍ രാജാവ്‌ ഉത്തരവിട്ടു. മുഴുവനായൂം വിളമ്പി ത്തീര്‍ന്ന്‌ ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്‌. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളി പ്പടര്‍ന്നിട്ടും എഴുന്നേറ്റു പോവാതിരുന്ന മൂന്നെണ്ണത്തിനോട്‌ സേനാനായകന്‍ ഓടി രക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടു വന്നതു പോലെ പല്ലക്കിലെടുത്ത്‌ കൊണ്ടു പോയി ക്കൊള്ളാനായിരുന്നു.

ഓടി രക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നു കൊണ്ടു വന്ന വകയില്‍ എക്ട്രാ പവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.

ചത്താലും സ്വയമോടി പ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേ മൂന്നാളുകള്‍. അവരെ ആസ്ഥാന മടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാന പണ്ഡിതന്‍മാരോടൊപ്പം ഇരുന്നു കൊള്ളാന്‍ രാജാവ്‌ കല്‌പിച്ചു. അവറ്റകള്‍ക്ക്‌ ശിഷ്ട കാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തു കൊള്ളുവാനുമായിരുന്നു ഉത്തരവ്‌.

രാജാവ്‌ മന്ത്രിയായവതരിച്ച ‘വിദ്യ’ അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബി സാറിനും ചെയ്യാവുന്നത്‌ അതു തന്നെയാണ്‌. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണ ക്കുരുവാക്കിയതു പോലെ ആസ്ഥാന മടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ട കാലത്തേക്കുള്ളത്‌, അതായത്‌ ഒരു 100 കൊല്ലം ചുരുങ്ങിയത്‌, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചു കൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്‌. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്‌. എസ്‌. എല്‍. സി പാസാവണമെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല.
പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.



നിത്യന്‍
http://www.nithyankozhikode.blogspot.com/

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine